Meditation. - June 2024
യേശു എന്ന വ്യക്തിയെ കണ്ടുമുട്ടാന്‍ കഴിയാതെ പോയാല്‍..?
സ്വന്തം ലേഖകന്‍ 26-06-2023 - Monday
"യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടിഎന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന്‍ അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം" (മര്‍ക്കോ 10: 51).
യേശു ഏകരക്ഷകൻ: ജൂണ്‍ 26
ഒരു മനുഷ്യായുസ്സ് മുഴുവന്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടും യേശു എന്ന വ്യക്തിയെ കണ്ടുമുട്ടാന്‍ കഴിയാതെ പോയാല്‍ അത് എത്രയോ വലിയ നഷ്ട്ടമായിരിക്കും? ലോകത്തിലെ മതങ്ങളെല്ലാം തന്നെ ദൈവത്തെ ഒരു വലിയ ശക്തിയായി മനുഷ്യന്റെ മുന്‍പില്‍ അവതരിപ്പിക്കുന്നു. എന്നാല്‍ നസ്രത്തിലെ യേശുവിലൂടെ ദൈവം ഒരു വ്യക്തിയായി ഓരോ മനുഷ്യന്റെയും അടുത്തേക്ക് വരുന്നു. അവിടുന്നാണ് ആദ്യം നമ്മേ തേടിവരുന്നത്. അവിടുന്നാണ് ഈ വ്യക്തിപരമായ കണ്ടുമുട്ടലിന് വേണ്ടി നമ്മുടെ ഹൃദയകവാടത്തില്‍ മുട്ടുകയും നമ്മുക്കായി കാത്തിരിക്കുകയും ചെയ്യുന്നത്.
ക്രിസ്തുവിന്റെ സന്നിധിയില്‍ അഭയം തേടിയെത്തുന്ന പാപികളും രോഗികളും പീഡിതരുമായ നിരവധി മനുഷ്യരെ നാം സുവിശേഷത്തില്‍ കാണുന്നു. ഇവരെല്ലാവരും ക്രിസ്തുവിനെ ഒരു ശക്തിയായിട്ടല്ല, പിന്നെയോ ഒരു വ്യക്തിയായി കണ്ടുകൊണ്ടാണ് സമീപിക്കുന്നത്. അവരുടെ അപേക്ഷകളും സംഭാഷണങ്ങളും തികച്ചും വ്യക്തിപരമായിരിന്നു. "ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്തു തരണം?" എന്നു വ്യക്തിപരമായി ചോദിച്ചു കൊണ്ട് യേശുക്രിസ്തു അനേകരുടെ ജീവിതങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു.
മനുഷ്യന്‍ വേദനിക്കുമ്പോള്‍ അവന്റെ അടുത്തേക്കു വരികയും ഒരു കൂട്ടുകാരനെപ്പോലെ അവനോടൊപ്പം കരയുകയും ലോകം മുഴുവന്‍ നമ്മളെ കുറ്റപ്പെടുത്തുകയും എറിയാന്‍ കല്ലുകളെടുക്കുകയും ചെയ്യുമ്പോള്‍ ഒരു അമ്മയെപ്പോലെ മാറോടു ചേര്‍ത്തു നിറുത്തി സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് കര്‍ത്താവായ യേശുക്രിസ്തു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നസ്രത്തില്‍ ജീവിക്കുകയും, സുവിശേഷത്തിലും നമ്മുടെ ഇടയിലും ഇന്നും ജീവിക്കുകയും ചെയ്യുന്ന ഈ വ്യക്തിയെ കണ്ടുമുട്ടാന്‍ നമ്മുക്ക് കഴിയാതെ പോയാല്‍ സത്യദൈവത്തെ നാം കണ്ടെത്തുന്നില്ല.
മനുഷ്യന് അഗ്രാഹ്യമായ എവിടെയോ ഇരുന്ന്‍ ലോകം മുഴുവന്റെമേലും അനുഗ്രഹം ചൊരിയുന്ന ശക്തിയായി മാത്രം ദൈവത്തെ പലരും കാണുന്നു. ഈ വിശ്വാസം അപൂര്‍ണ്ണമാണ്. യേശു ദൈവമാണെന്നും അവിടുന്നിലൂടെ ദൈവം നമ്മേ ഓരോരുത്തരേയും വ്യക്തിപരമായി കണ്ടുമുട്ടുന്നുവെന്നും വിശ്വസിക്കുകയും ആ വിശ്വാസം ഏറ്റുപറയുകയും ചെയ്യുമ്പോഴാണ് നമ്മുടെ വിശ്വാസം പൂര്‍ണ്ണമാകുന്നത്.
'ദൈവം സ്നേഹമാകുന്നു' എന്ന്‍ എല്ലാ മതങ്ങളും തന്നെ പഠിപ്പിക്കുന്നു. എന്നാല്‍ ക്രിസ്തുവിലൂടെ ദൈവം സ്നേഹത്തിനും അപ്പുറത്തേക്ക് സഞ്ചരിക്കുന്നു. വ്യക്തിപരമല്ലാത്ത സ്നേഹം വെറും വികാരപ്രകടനം മാത്രമാണ്. അതിനു ജീവന്‍ നല്‍കാന്‍ സാധിക്കില്ല. അതിനാല്‍ "യേശു ദൈവമാകുന്നു" എന്നു പറയുമ്പോള്‍ മാത്രമേ ദൈവസ്നേഹം വ്യക്തിപരമാകുന്നുള്ളൂ. ആ സ്നേഹത്തിന് മാത്രമേ ജീവന്‍ നല്‍കുവാനും അതു സമൃദ്ധമായി നല്‍കാനും സാധിക്കൂ.
യേശുവിനെ അനുഗ്രഹം തേടി അവിടുത്തെ സമീപിക്കുന്നവര്‍ 'നസ്രായനായ യേശുവേ...', 'ദാവീദിന്റെ പുത്രാ..' എന്നിങ്ങനെ വ്യക്തമായ മേല്‍വിലാസത്തോട് കൂടി അവിടുത്തെ അഭിസംബോധന ചെയ്യുന്നതായി സുവിശേഷങ്ങളില്‍ നാം കാണുന്നു. അവര്‍ യേശുവിനെ പൂര്‍ണ്ണമായും ഒരു വ്യക്തിയായി കണ്ടിരിന്നു എന്നതിന്റെ തെളിവാണ്. നമ്മുടെ പ്രാര്‍ത്ഥനയിലും ഈ മനോഭാവമാണ് ഉണ്ടാകേണ്ടത്. 'പ്രാര്‍ത്ഥന' എന്ന കണ്ടുമുട്ടലിനായി നമ്മേ കാത്തിരിക്കുന്ന യേശുക്രിസ്തുവിന്റെ വ്യക്തിപരമായ സാന്നിധ്യം തിരിച്ചറിഞ്ഞുകൊണ്ട് വേണം നാം പ്രാര്‍ത്ഥിക്കുവാന്‍. അപ്പോഴാണ് നമ്മുടെ പ്രാര്‍ത്ഥന കൂടുതല്‍ ഫലവത്താകുന്നത്.
വിചിന്തനം
'ദൈവം സ്നേഹമാകുന്നു' ( God is Love) എന്നു പറയുന്ന വിശ്വാസത്തില്‍ നിന്നും 'യേശു ദൈവമാകുന്നു' (Jesus is Lord) എന്നുപറയുന്ന വിശ്വാസത്തിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. യേശുക്രിസ്തുവിലൂടെ ദൈവം സ്നേഹത്തിനുമപ്പുറം സഞ്ചരിക്കുന്നു. നസ്രത്തിലെ യേശു എന്ന വ്യക്തിയെ കണ്ടുമുട്ടുവാനും, അവനില്‍ വിശ്വസിക്കുവാനും അവനില്‍ നിന്നു പ്രവഹിക്കുന്ന ജീവന്റെ ജലം കോരികുടിക്കുവാനും സമരിയാക്കാരിയെപ്പോലെ കിണറ്റിന്‍കരയിലേക്ക് നമ്മുക്കും പോകാം. അവിടെ അവന്‍ നമ്മുക്കായി കാത്തിരിപ്പുണ്ട്.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.