Meditation. - June 2024
"ഇവനാണോ ക്രിസ്തു?" ചരിത്രത്തിലുടനീളം ഈ ചോദ്യം മുഴങ്ങികൊണ്ടിരിക്കുന്നു
പ്രവാചകശബ്ദം 28-06-2024 - Friday
"ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു. അവര്‍ ചോദിച്ചു: ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?" (യോഹ 7: 31).
യേശു ഏകരക്ഷകൻ: ജൂണ്‍ 28
"സ്വയം രക്ഷിക്കാന്‍ കഴിവില്ലാതെ കുരിശില്‍ മരണം ഏറ്റുവാങ്ങിയ ഒരുവന് എങ്ങനെ ലോകത്തെ മുഴുവന്‍ രക്ഷിക്കാന്‍ കഴിയും..?". ക്രിസ്തുവിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ചിലര്‍ ചോദിക്കുന്ന ചോദ്യമാണിത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശുവിന്റെ മരണസമയത്ത് "ഏലി, ഏലി, ല്മാ സബക്ഥാനി!" എന്നു നിലവിളിച്ചപ്പോള്‍ അടുത്തുനിന്നിരുന്നവരില്‍ ചിലര്‍ അവന്‍ സഹായത്തിനുവേണ്ടി നിലവിളിക്കുകയാണ് എന്നു പോലും തെറ്റിദ്ധരിച്ചു.
സൃഷ്ട്ടാവായ ദൈവത്തിന്റെ പദ്ധതികളും പ്രവര്‍ത്തനങ്ങളും കേവലം സൃഷ്ട്ടി മാത്രമായ മനുഷ്യനു പൂര്‍ണ്ണമായി മനസ്സിലാക്കുക സാധ്യമല്ല. അതുകൊണ്ട് ലോകരക്ഷകനും ഏകരക്ഷകനുമായ യേശുവിനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന മനുഷ്യന്‍ ചരിത്രത്തിലുടനീളം ചോദിക്കുന്നു: "ഇവനാണോ ക്രിസ്തു"?
"എന്റെ പിതാവിനാല്‍ ആകര്‍ഷിക്കപ്പെടാതെ ആര്‍ക്കും എന്റെ അടുത്തേക്കുവരാന്‍ സാധ്യമല്ല" എന്നു പറഞ്ഞ നസ്രത്തിലെ യേശു ലോകരക്ഷകനും ഏകരക്ഷകനും ദൈവവുമായ ക്രിസ്തുവാണ് എന്നു തിരിച്ചറിയാന്‍ പ്രത്യേക വിളിയും ജ്ഞാനവും ആവശ്യമാണ്. ഇതു ലഭിക്കാത്തവര്‍ യേശുവിനെ സ്വന്തം ഇഷ്ട്ടപ്രകാരം മനസ്സിലാക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നു. ചിലര്‍ അവിടുത്തെ ഒരു പ്രവാചകനായും ഗുരുവായും മാതൃകാപുരുഷനായും മാത്രം കാണുന്നു.
പഴയനിയമത്തില്‍ മനുഷ്യന്‍ ഭയത്തോടെ മാത്രം നോക്കികണ്ടിരിന്ന ദൈവം കേവലം മനുഷ്യനായി, ഒരു തച്ചന്റെ മകനായി കാലിത്തൊഴില്‍ ജനിച്ചത് പല മനുഷ്യര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിന്നു. യേശു ദേവാലയത്തില്‍ പഠിപ്പിച്ച് കൊണ്ടിരുന്നപ്പോള്‍ ജറുസലേം നിവാസികളില്‍ ചിലര്‍ "ഇവന്‍ എവിടെനിന്നു വരുന്നെന്ന് ആരും അറിയുകയുമില്ല" (യോഹ 7:27) എന്നു പറയുന്നു. മനുഷ്യനു മനസ്സിലാകുവാന്‍ വേണ്ടി അവന്റെ തന്റെ ഭാഷയില്‍ വ്യക്തമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ഈ 'വ്യക്തത' ചിലര്‍ക്ക് അവിടുന്നില്‍ വിശ്വസിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നു. കാരണം അവര്‍ വിശ്വസിച്ചു ശീലിച്ച ദൈവം എവിടെയോ 'മറഞ്ഞിരിക്കുന്ന' ദൈവമായിരിന്നു.
ഒരുവശത്ത് വിഗ്രഹങ്ങളെയും തെറ്റായ ദൈവീകസങ്കല്‍പ്പങ്ങളെയും ആരാധിച്ചിരിന്ന മനുഷ്യര്‍; മറുവശത്ത് രക്ഷകനെ കാത്തിരിന്ന ജനം. ഇവരുടെ ഇടയിലേക്കാണ് ദൈവം മനുഷ്യനായി അവതരിച്ചത്. ഇവിടെ യേശുവിന്റെ പ്രവര്‍ത്തികള്‍ നേരിട്ടു ദര്‍ശിച്ചവരില്‍ ചിലര്‍ അവനില്‍ വിശ്വസിച്ചില്ല. മറ്റൊരു കൂട്ടര്‍ അവനില്‍ വിശ്വസിച്ചെങ്കിലും അവന്‍ ആരാണെന്നും പൂര്‍ണ്ണമായും തിരിച്ചറിയുന്നില്ല. അതുകൊണ്ട് വിശ്വസിച്ചവര്‍ പോലും അവനെ നോക്കി ചോദിച്ചു: "ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?"
വിചിന്തനം
സത്യദൈവത്തില്‍ വിശ്വസിക്കാത്ത നിരവധി മതവിശ്വാസികളും, മാമ്മോദീസ സ്വീകരിച്ചിട്ടും ക്രിസ്തു ആരാണെന്ന് തിരിച്ചറിയാതെ ജീവിക്കുന്ന വിശ്വാസികളും അടങ്ങുന്ന ഒരു സമൂഹത്തിലാണ് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കപ്പെടേണ്ടത്. അവിടെ വിളിക്കപ്പെട്ടവര്‍ പോലും വചനം മാംസമായി അവതരിച്ച ലോകരക്ഷകനെ തിരിച്ചറിയാതെ പോയേക്കാം. പക്ഷേ തളരരുത്. സാധ്യമായ അവസരങ്ങളിലെല്ലാം വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും വചനപ്രഘോഷണം തുടര്‍ന്നുകൊണ്ടേയിരിക്കുക. വിതക്കപ്പെടുന്ന വചനത്തിന്റെ ഓരോ വിത്തും ഫലം തരാതെ തിരിച്ചുപോരില്ല. വചനം പ്രഘോഷിക്കുക എന്നതാണ് നമ്മുടെ കടമ: അവിടെ പ്രവര്‍ത്തിക്കുന്നത് ക്രിസ്തുവിന്റെ ആത്മാവാണ്.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.