Meditation. - July 2025
ക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ടു മനസ്സുകൾ ഉണ്ട്
സ്വന്തം ലേഖകന്‍ 11-07-2024 - Thursday
"യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. എന്നാൽ പിതാവു ചെയ്യുന്നതെല്ലാം അപ്രകാരം തന്നെ പുത്രനും ചെയ്യുന്നു" (യോഹ 5:19)
യേശു ഏകരക്ഷകൻ: ജൂലൈ 11
ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുകൊണ്ട് യേശു ഓരോ മനുഷ്യനുമായി വ്യക്തിപരമായി ഒന്നുചേരുകയും, മാനവകുലത്തെ മുഴുവൻ തന്നിലൂടെ പിതാവായ ദൈവത്തിലേക്കു നയിക്കുകയും ചെയ്തു. ഇപ്രകാരം ചെയ്യുന്നതിന് ദൈവികവും മാനുഷികവുമായ രണ്ടു മനസ്സുകൾ ക്രിസ്തുവിന് ആവശ്യമായിരുന്നു. ആറാം സാര്‍വത്രിക സൂനഹദോസില്‍ സഭ ആധികാരികമായി പ്രഖ്യാപിച്ചു: ക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ടു മനസ്സുകളും ഈ പ്രകൃതികള്‍ക്കനുസൃതമായ രണ്ടു പ്രവര്‍ത്തനങ്ങളുമുണ്ട്. അവ അന്യോന്യവിരുദ്ധങ്ങളല്ലെന്നു മാത്രമല്ല, പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നവയുമാണ്. അങ്ങനെ, അവതീര്‍ണ ദൈവവചനം നമ്മുടെ രക്ഷയ്ക്കായി പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊത്തു തന്‍റെ ദൈവികപ്രകൃതിയില്‍ എന്തെല്ലാം നിശ്ചയിച്ചുവോ, അതെല്ലാം അവിടുന്നു പിതാവിനു വിധേയനായി വർത്തിച്ചുകൊണ്ടു മാനുഷികമായും നിശ്ചയിച്ചു (Cf: Council of Constantinople III).
യഥാര്‍ത്ഥമായ മനുഷ്യപ്രകൃതിയുടെ ആദാനത്തിലൂടെ വചനം മാംസം ധരിച്ചതുമൂലം ക്രിസ്തുവിന്‍റെ ശരീരം പരിധികള്‍ക്കു വിധേയമായിരുന്നു. സ്വാനുഭവം കൊണ്ടുമാത്രം സാധാരണയായി മനുഷ്യനു ഗ്രഹിക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അവിടുന്നും അന്വേഷിക്കേണ്ടിയിരുന്നു. ക്രിസ്തുവിന്റെ മാനുഷിക മനസ്സ്, "അവിടുത്തെ സര്‍വശക്തമായ ദൈവികമനസ്സിനെ എതിര്‍ക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല; പ്രത്യുത, അതിനു വിധേയമായി വര്‍ത്തിക്കുകയാണ് ചെയ്യുന്നത്" (Council of Constantinople III).
ക്രിസ്തുവിന്‍റെ ശരീരം പരിധികള്‍ക്കു വിധേയമായിരിക്കുമ്പോഴും അവിടുന്ന് സര്‍വ്വതും അറിഞ്ഞിരുന്നു. അതിനാല്‍ അവിടുന്നു ധരിച്ച മനുഷ്യപ്രകൃതിയും എല്ലാം അറിഞ്ഞിരുന്നു. മാനുഷികമായ സ്വന്തം ശക്തിയാലല്ല, പ്രത്യുത വചനത്തോടുള്ള സംയോജനത്താലാണ് അവിടുന്ന് എല്ലാം അറിഞ്ഞത്. വചനത്തോടു സംയോജിച്ച മനുഷ്യപ്രകൃതി ദൈവത്തെ സംബന്ധിക്കുന്ന സര്‍വതും അറിയുകയും തന്നില്‍ത്തന്നെ പ്രാഭവത്തോടെ ആവിഷ്ക്കരിക്കുകയും, ചെയ്തു. മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രന് അവിടുത്തെ പിതാവിനെ സംബന്ധിച്ചുണ്ടായിരുന്ന പ്രത്യക്ഷജ്ഞാനം, ഇതിന് ഉത്തമോദാഹരണമാണ്. മനുഷ്യരുടെ നിഗൂഢങ്ങളായ ഹൃദയ വിചാരങ്ങള്‍പോലും ഗ്രഹിക്കാനുതകുന്ന തന്‍റെ ദൈവിക ഉള്‍ക്കാഴ്ചയെ അവിടുന്നു തന്‍റെ മാനുഷികജ്ഞാനത്തില്‍ പ്രകടമാക്കി.
അവതീര്‍ണവചനത്തിന്‍റെ വ്യക്തിത്വത്തില്‍ ദൈവവിജ്ഞാനവുമായി സംയോജിച്ചതുമൂലം ക്രിസ്തുവിന്‍റെ മാനുഷിക ജ്ഞാനത്തിനു താന്‍ വെളിപ്പെടുത്താന്‍ വന്ന നിത്യദൈവിക പദ്ധതികളെപ്പറ്റി പരിപൂര്‍ണ അറിവുമുണ്ടായിരുന്നു. എന്നാൽ ഈ മണ്ഡലത്തില്‍ ചില കാര്യങ്ങള്‍ താന്‍ അറിയുന്നില്ലെന്ന് അവിടുന്നു പ്രസ്താവിച്ചെങ്കില്‍ അതിന്‍റെ അര്‍ത്ഥം അന്യത്ര അവിടുന്നു വ്യക്തമാക്കിയിട്ടുണ്ട്. അതായത്, അവയെ വെളിപ്പെടുത്താനായിട്ടല്ല അവിടുന്നു അയയ്ക്കപ്പെട്ടത്.
വിചിന്തനം
ദൈവികവും മാനുഷികവുമായ രണ്ടു മനസ്സുകളുള്ള യേശു ഓരോ മനുഷ്യനുമായി വ്യക്തിപരമായി അനുരൂപപ്പെടുകയും, മാനവകുലത്തെ മുഴുവൻ തന്നിലൂടെ പിതാവായ ദൈവത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ബലഹീനതകളും കുറവുകളും നിറഞ്ഞ നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും ലോകരക്ഷകനായ ക്രിസ്തുവിന്റെ മനുഷ്യപ്രകൃതിയോടു ചേർത്തുവയ്ക്കാം. വചനത്തോടുള്ള സംയോജനത്താലാൽ എല്ലാം അറിയുകയും പിതാവിനു വിധേയനായി വർത്തിക്കുകയും ചെയ്ത അവിടുന്നു നമ്മെ ശക്തിപ്പെടുത്തുകയും നമ്മുടെ ബലഹീനതകളിൽ നമ്മെ സഹായിക്കുകയും ചെയ്യും.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.