Meditation. - July 2024
നല്ല കള്ളനെപ്പോലെ നമുക്കും ക്രൂശിതനായ യേശുവിലേക്കു നോക്കാം
സ്വന്തം ലേഖകന്‍ 14-07-2024 - Sunday
"യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും" (ലൂക്കാ. 23:43).
യേശു ഏകരക്ഷകൻ: ജൂലൈ 14
അനന്ത സ്നേഹവും കരുണാമയനുമായ പിതാവായ ദൈവം പാപികളോടുള്ള കാരുണ്യത്താല്‍ യേശുക്രിസ്തുവില്‍ വെളിപ്പെടുത്തിയതാണ് സുവിശേഷം. കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനെ അറിയിച്ചു: "നീ അവനു യേശു എന്നു പേരിടണം. എന്തെന്നാല്‍ അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കും" (മത്തായി 1:21). രക്ഷയുടെ കൂദാശയായ വി.കുര്‍ബ്ബാനയെ സംബന്ധിച്ചും ഇതു ശരിയാണ്. പാപങ്ങളുടെ മോചനത്തിനായി അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയുടേതായ യേശുക്രിസ്തുവിന്‍റെ രക്തമാണ് വിശുദ്ധ കുര്‍ബാനയിലും അനുസ്മരിക്കപ്പെടുന്നത്.
ഒരു മനുഷ്യന്‍റെ പാപം അവന്‍റെ സ്വന്തം ജീവിതത്തിലും, മറ്റുള്ളവരുടെ ജീവിതത്തിലും, ചുറ്റുപാടുകളിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ചിലപ്പോഴൊക്കെ അതു മാരകവുമായേക്കാം. അതിനാല്‍ പാപം മോചിപ്പിക്കുവാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. സുവിശേഷങ്ങളില്‍ നാം കാണുന്ന യേശു പാപങ്ങള്‍ മോചിക്കുന്ന ദൈവമാണ്. അവിടുന്നു പാപം മോചിക്കുക മാത്രമല്ല അതുമൂലമുണ്ടാകുന്ന എല്ലാ മുറിവുകളെയും സൗഖ്യപ്പെടുത്തുകയും ചെയ്യുന്നു. ഇത് ദൈവത്തിന്‍റെ കരുണയുടെ പ്രവൃത്തിയാണ്. ഈ കരുണ സ്വീകരിക്കുവാന്‍ നാം നല്ല കള്ളനെപ്പോലെ പാപങ്ങള്‍ ഏറ്റു പറയുകയും ക്രൂശിതനായ യേശുവിലേക്കു നോക്കുകയും വേണം.
ക്രിസ്തുവിന്‍റെ വലതുഭാഗത്തു ക്രൂശിക്കപ്പെട്ട "നല്ല കള്ളന്‍" അവിടുത്തെ കാരുണ്യം സ്വീകരിക്കുവാന്‍ പ്രധാനമായി മൂന്നു കാര്യങ്ങള്‍ ചെയ്തതായി സുവിശേഷത്തില്‍ നാം കാണുന്നു.
1. യേശു ദൈവമാണെന്ന് അവന്‍ തിരിച്ചറിയുകയും ഏറ്റു പറയുകയും ചെയ്തു. ("നീ ദൈവത്തെ ഭയപ്പെടുന്നില്ലേ" ലൂക്കാ. 23:40).
2. അവന്‍ സ്വന്തം പാപത്തിന്‍റെ ഗൗരവം തിരിച്ചറിയുകയും പശ്ചാത്തപിക്കുകയും ചെയ്തു. ("നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു" ലൂക്കാ. 23:41).
3. അവന്‍ ക്രൂശിതനായ യേശുവിലേക്കു നോക്കുകയും കരുണക്കുവേണ്ടി "യേശുനാമം" വിളിച്ചു അപേക്ഷിക്കുകയും ചെയ്തു. ("യേശുവേ, നീ നിന്‍റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ" ലൂക്കാ. 23:42).
വി.അഗസ്തീനോസ് പറയും പോലെ "നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവം നിന്നെക്കൂടാതെ നിന്നെ നീതീകരിക്കുന്നില്ല." അവിടുത്തെ കാരുണ്യം സ്വീകരിക്കുവാന്‍ നാം നമ്മുടെ അപരാധങ്ങള്‍ ഏറ്റു പറയണം. "നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍, നാം പാപങ്ങള്‍ ഏറ്റു പറയുന്നില്ലെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും." (1 യോഹ. 1:8-9).
"പാപം വര്‍ധിച്ചിടത്ത് കൃപാവരം അതിലേറെ വര്‍ദ്ധിച്ചു" (റോമ.5:20). എന്നാല്‍ കൃപാവരം അതിന്‍റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിനു പാപത്തെ അത് അനാവരണം ചെയ്യേണ്ടതുണ്ട്; നമ്മുടെ ഹൃദയങ്ങളെ മാനസാന്തരപ്പെടുത്തുന്നതിനും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നിത്യജീവനിലേക്കുള്ള നീതി നമ്മുടെമേല്‍ ചൊരിയുന്നതിനും വേണ്ടിയാണ് അത്. വ്രണം ചികിത്സിക്കുന്നതിനു മുന്‍പ് വൈദ്യന്‍ അതു പരിശോധിക്കുന്നതു പോലെ, ദൈവം തന്‍റെ വചനത്തിലൂടെയും തന്‍റെ ആത്മാവിലൂടെയും പാപത്തിന്‍റെ മേല്‍ സജീവപ്രകാശം ചൊരിയുന്നു.
വിചിന്തനം
യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തില്‍, അവിടുത്തെ കാരുണ്യം പാപത്തെ കീഴടക്കി. ആ നിമിഷം മുതല്‍ ക്രിസ്തുവിന്‍റെ കുരിശിലെ ബലി നിഗൂഢമായി നമ്മുടെ പാപപ്പൊറുതിയുടെ നിലയ്ക്കാത്ത പ്രവാഹത്തിന്‍റെ സ്രോതസ്സായിത്തീരുന്നു. അവിടുത്തെ കുരിശിന്‍റെ വലത്തുഭാഗത്തു ക്രൂശിക്കപ്പെട്ട നല്ല കള്ളനെപ്പോലെ ക്രിസ്തു ദൈവമാണെന്നു തിരിച്ചറിയുകയും സ്വന്തം പാപത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ് അവിടുത്തെ കരുണക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്‌താല്‍ അവിടുന്ന് നല്ല കള്ളനോട് അരുളിച്ചെയ്തതുപോലെ നമ്മളെയും പറുദീസായിലേക്ക് ആനയിക്കും.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.