News - 2025
ബ്രിട്ടൻ ഒരു ക്രൈസ്തവ രാഷ്ട്രമാണന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി കാമറോൺ
സ്വന്തം ലേഖകൻ 29-12-2015 - Tuesday
ക്രൈസ്തവ മൂല്യങ്ങൾ തന്നെയാണ്, ബ്രിട്ടൻ എന്ന രാജ്യം എല്ലാ മതങ്ങൾക്കും മതമില്ലാത്തവർക്കും പരസ്പര ധാരണയിൽ ജീവിക്കാനുള്ള പ്രേരകശക്തി നൽകുന്നത് എന്ന് , പ്രധാനമന്ത്രി ഡേവിഡ് കാമറോൺ തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ അഭിപ്രായപ്പെട്ടതായി Catholic Universe റിപ്പോർട്ട് ചെയ്യുന്നു.
സിറിയയിൽ മതതീവ്രവാദികളെ ഭയന്ന് ലക്ഷങ്ങൾ പലായനം ചെയ്തു കൊണ്ടിരിക്കുന്ന, ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവർ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, ബ്രിട്ടൻ ഉൾപ്പടെ ചുരുക്കം ചില രാജ്യങ്ങളിൽ നിലനിൽക്കുന്ന സമാധാനവും സുരക്ഷയും വളരെ പ്രധാനപ്പെട്ടതാണ്. "സമാധാനത്തിന്റെ ദൂതനായ, ദൈവത്തിന്റെ ഏകപുത്രനായ യേശുവിന്റെ ജനനം ആഘോഷിക്കുന്ന ഈ വേളയിൽ, ക്രൈസ്തവ ആദർശങ്ങൾ നമ്മുടെ രാജ്യത്തിന് നൽകുന്ന സഹിഷ്ണുത നാം ഓർത്തിരിക്കണം." അദ്ദേഹം പറഞ്ഞു.
ഒരു ക്രൈസ്തവ രാജ്യം എന്ന നിലയ്ക്ക് യേശുവിന്റെ ജനനം നമ്മെ ഓർമിപ്പിക്കുന്ന ചില മൂല്യങ്ങളുണ്ട്- സമാധാനം, സഹാനുഭൂതി, സാഹോദര്യം, പ്രത്യാശ എന്നിവയാണ് നമ്മുടെ രാജ്യത്തിന് ദിശാബോധം നൽകുന്ന ആ മൂല്യങ്ങൾ!
കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് സന്ദേശത്തിലും, ബ്രിട്ടൻ ഒരു ക്രൈസ്തവ രാജ്യമാണ് എന്ന്, പ്രധാനമന്ത്രി കാമറോൺ എടുത്തു പറഞ്ഞിരുന്നു. ആ അഭിപ്രായപ്രകടനത്തെ പറ്റി ചില കോണുകളിൽ നിന്നും വിമർശനങ്ങളുയർന്നിരുന്നു. എന്നിട്ടും ഈ വർഷവും കാമറോൺ തന്റെ അഭിപ്രായങ്ങൾ ആവർത്തിച്ചത് പ്രാധാന്യമർഹിക്കുന്നു.
"കുടുംബത്തോടൊപ്പം ശാന്തിയിലും സമൃദ്ധിയിലും നാം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ, അതിന് കഴിയാത്ത ലക്ഷക്കണക്കിന് ക്രൈസ്തവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നുണ്ട്. സിറിയയിലും മറ്റ് മധ്യപൂർവ്വ ദേശങ്ങളിലും മതതീവ്രവാദം മൂലം ദശലക്ഷക്കണക്കിന് ക്രൈസ്തവർ പാലായനം ചെയ്തു കൊണ്ടിരിക്കുന്നു. ഈ തണുപ്പുകാലത്ത് അഭയാർത്ഥി ക്യാമ്പുകളിലും താൽക്കാലിക ഷെഡുകളിലുമിരുന്ന് അവർ ക്രിസ്തുമസ് ആഘോഷിക്കുകയാണ്. പീഠന ക്യാമ്പുകളിൽ ക്രിസ്തുമസ് ആഘോഷിക്കുന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്.
നമ്മുടെ രാജ്യത്ത് തന്നെ രോഗികളായവർ, ഭവനരഹിതർ വസ്ത്രമില്ലാത്തവർ എന്നിങ്ങനെ എത്രയോ പേർ ക്രിസ്തുമസിന്റെ ശാന്തിയിൽ ഉൾപ്പെടാതെയിരിക്കുന്നു. ആ ജനവിഭാഗങ്ങൾക്ക് ക്രിസ്തുമസിന്റെ ശാന്തി എത്തിക്കാൻ ശ്രമിക്കുന്നവരോട് നമ്മൾ നന്ദി ഉള്ളവരായിരിക്കണം.
സിറിയയിലെയും മധ്യപൂർവ്വദേശത്തെയും പ്രശ്നങ്ങൾ അവരുടെ അഭ്യന്തര പ്രശ്നങ്ങളല്ല. അത് ഈജിപ്പിലെത്തിയത് നമ്മൾ കണ്ടു! അത് പാരീസിലെത്തിയത് നമ്മൾ കണ്ടു! മത തീവ്രവാദത്തിന്റെ ആ അഗ്നി പടരാതിരിക്കാൻ, നമ്മുടെ ധീരരായ പടയാളികൾ ലോകമെങ്ങും അവരുടെ കർത്തവ്യം നിറവേറ്റി കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷ പോലും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭീകരരെ നേരിടാൻ, നമ്മുടെ സൈന്യം ഇറാക്കിന്റെയും സിറിയയുടേയും ആകാശങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.മെഡിറ്ററേനിയൻ സമുദ്രത്തിൽ നമ്മുടെ സൈന്യമുണ്ട്. അഫ്ഗാനിസ്ഥാൻ മുതൽ സൗത്ത് സുഡാൻ വരെ നമ്മുടെ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. പാരീസ് ദുരന്തം ലണ്ടനിൽ ആവർത്തിക്കാതിരിക്കാൻ കൂടിയാണ് അവർ അവിടെയുള്ളത്. അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
ഐലിംഗ്ടൺ നോർത്ത് MPയും ലേബർ പാർട്ടി നേതാവുമായ ജെറേമി കോർബിൻ 21-ാം തിയതിയിലെ Sunday Express -ൽ അഭയാർത്ഥി പ്രശ്നം ചർച്ച ചെയ്യുമ്പോൾ യേശുവിന്റെ ജനനത്തെ പറ്റി പരാമർശിച്ചിരുന്നു. പുൽതൊഴുത്തിൽ അഭയസ്ഥാനം കണ്ടെത്തുന്നതിനു മുൻമ്പ്, മേരിയും യൗസേപ്പും പല വീടുകളിലും അഭയം അർത്ഥിച്ചുവെങ്കിലും ലഭിച്ചില്ല. ഇപ്പോൾ പീഠനങ്ങളിൽ നിന്നും രക്ഷപ്പെട്ടോടുന്ന ആയിരങ്ങൾ, ലോകമെങ്ങും അഭയത്തിനായി അന്വേഷണത്തിലാണ്. യേശുവിന്റെ ജനനം നടന്ന സാഹചര്യവുമായി ഇന്നത്തെ ലോകത്തിന്റെ അവസ്ഥയ്ക്ക് വലിയ സാമ്യം കാണാൻ കഴിയും. "മറ്റുള്ളവർ നിങ്ങളോടു ചെയ്യാനാഗ്രഹിക്കുന്നത് നിങ്ങൾ മറ്റുള്ളവരോട് ചെയ്യുക- ഇതാണ് എന്റെ സോഷ്യലിസത്തിന്റെ സത്ത; അതു തന്നെയാണ് യേശു പറഞ്ഞതും" കോർബിൻ പറഞ്ഞു.
