News

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി രാജ്യത്തെ നവീകരിക്കാൻ ജപമാലയജ്ഞവുമായി അമേരിക്ക

സ്വന്തം ലേഖകന്‍ 11-08-2017 - Friday

വാഷിംഗ്ടൺ: രാജ്യത്തിന്റെ വിശുദ്ധിയും ധാര്‍മ്മികതയും നിലനിര്‍ത്തുന്നതിനു പരിശുദ്ധ കന്യകാ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ദിനമായ ആഗസ്റ്റ് 15 ന് യുഎസിലെ കത്തോലിക്ക വിശ്വാസികൾ ജപമാല യജ്ഞം ആരംഭിക്കും. രാജ്യത്തിനായി നടത്തപ്പെടുന്ന ആത്മീയ പോരാട്ടത്തില്‍ സാധിക്കുന്നവരെല്ലാവരും പങ്കെടുക്കണമെന്നു കർദിനാൾ റെയ്മണ്ട് ബർക്ക് അഭ്യർത്ഥിച്ചു. മനുഷ്യ ജീവനെ ബഹുമാനിക്കുക, കുടുംബ ബന്ധങ്ങളുടെ പരിശുദ്ധി നിലനിര്‍ത്തുക, മത സ്വാതന്ത്ര്യം, രാജ്യത്തെ ദൈവീക പരിശുദ്ധിയിലേക്ക് നയിക്കുക എന്നിവയാണ് ജപമാലയത്നത്തിന്റെ നിയോഗങ്ങള്‍.

Must Read: ‍ ജപമാലയുടെ അസാധാരണമായ ശക്തിയെ പറ്റി വിശുദ്ധരുടെ 13 വാക്യങ്ങള്‍

മാധ്യമങ്ങളും വിദ്യാലയങ്ങളും കലാ സാഹിത്യ സൃഷ്ടികളിലൂടെ ലൈംഗിക അരാജകത്വവും മറ്റ് തിന്‍മകളും പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിലാണ് ജപമാല യജ്ഞം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി രാജ്യത്തിന്റെ മുറിവുകൾ സൗഖ്യമാക്കി പരിശുദ്ധിയിലേക്ക് പ്രവേശിക്കാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ഫാ. ഹീൽമാൻ പറഞ്ഞു.

സ്വവർഗ്ഗാനുരാഗവും അബോര്‍ഷനും ഉയര്‍ത്തികാണിരിക്കുന്ന കാലഘട്ടത്തില്‍ ജപമാലയുമായി ഇതിനെതിരെ നേരിടുവാനാണ് വിശ്വാസികളുടെ തീരുമാനം. വിവാഹ മോചനങ്ങളുടെ ഗണ്യമായി വർദ്ധനവ്, അനിയന്ത്രിതമായ നീലചിത്ര പ്രചാരണം, മയക്കുമരുന്നിന്‍റെ ഉപയോഗം എന്നിവ രാജ്യവ്യാപകമായെന്നും ജനന നിയന്ത്രണം ജീവിതത്തിന്റെ ഭാഗവും വിവാഹേതര ലൈംഗീക ബന്ധങ്ങള്‍ കുടുംബ ബന്ധങ്ങളുടെ തകർച്ചക്കു വഴിയൊരുക്കിയെന്നും ജപമാലയത്നത്തിന് മുന്നൊരുക്കമായി സംഘാടകര്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

You May Like: ‍ ജപമാലയുടെ അത്ഭുതശക്തി കൊണ്ട് ഭീകരരുടെ കൈയില്‍ നിന്നും മകള്‍ മോചിതയായെന്ന് പിതാവിന്റെ സാക്ഷ്യം

പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബർ ഏഴിന് തലസ്ഥാന നഗരിയായ വാഷിംഗ്ടണിൽ സംഘടിപ്പിക്കുന്ന ജപമാല റാലിയോടെ അമ്പത്തിനാല് ദിവസത്തെ യജ്ഞം സമാപിക്കും. മോൺസിഞ്ഞോര്‍ ചാള്‍സ് പോപ്പ്, ഫാ. റിക്ക് ഹീൽമാൻ, ഫാ. ഫ്രാങ്ക് പവോനെ തുടങ്ങി പ്രമുഖര്‍ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. കർദിനാൾ റെയ്മണ്ട് ബർക്കിന്റെ ആത്മീയ നേതൃത്വത്തിലാണ് 'നൊവേന ഫോര്‍ ഔര്‍ നേഷന്‍' എന്ന സംഘടന ജപമാലയത്നം സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ രണ്ടാമത് വാർഷിക നൊവേന യജ്ഞമാണിത്.


Related Articles »