Meditation. - August 2024
രോഗികളെ ക്രിസ്തുവിന്‍റെ പീഡാസഹനത്തോടു ഐക്യപ്പെടുത്താൻ രോഗീലേപനം എന്ന കൂദാശ
സ്വന്തം ലേഖകന്‍ 01-08-2024 - Thursday
"നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്‍മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പ്പിക്കും. അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അവിടുന്ന് അവനു മാപ്പു നല്‍കും" (യാക്കോബ് 5:14-15)
യേശു ഏകരക്ഷകൻ: ആഗസ്റ്റ് 1
രോഗികളെ ക്രിസ്തുവിന്‍റെ പീഡാസഹനത്തോടു സവിശേഷമാം വിധം ഐക്യപ്പെടുത്തുന്ന കൂദാശയാണ് രോഗീലേപനം. ഇത് മരണത്തിന്‍റെ നിമിഷത്തില്‍ എത്തിയവര്‍ക്കു മാത്രമുള്ള ഒരു കൂദാശയല്ല. അതുകൊണ്ട്, ഈ കൂദാശ സ്വീകരിച്ച ഒരു രോഗി ആരോഗ്യം വീണ്ടെടുക്കുകയും പിന്നീട് ഗൗരവമുള്ള മറ്റൊരു രോഗം അയാള്‍ക്കുണ്ടാവുകയും ചെയ്‌താല്‍, ഈ കൂദാശ വീണ്ടും സ്വീകരിക്കാം. ഒരേ രോഗത്തില്‍ത്തന്നെ രോഗിയുടെ അവസ്ഥ ഗുരുതരമായിത്തീര്‍ന്നാല്‍ ഈ കൂദാശ വീണ്ടും ആവര്‍ത്തിക്കാം. ഗൗരവമുള്ള ഒരു ശസ്ത്രക്രിയയ്ക്കു തൊട്ടു മുന്‍പു രോഗീലേപനം സ്വീകരിക്കുക സമുചിതമാണ്. ക്ഷീണം വര്‍ധിച്ചുവരുന്ന പ്രായാധിക്യമുള്ളവർക്കും രോഗീലേപനം നൽകാവുന്നതാണ്.
പുരോഹിതര്‍ (മെത്രാന്‍മാരും വൈദികരും) മാത്രമാണ് രോഗീലേപനത്തിന്‍റെ കാര്‍മ്മികര്‍. ഈ കൂദാശയുടെ പ്രയോജനങ്ങളെപ്പറ്റി വിശ്വാസികളെ പഠിപ്പിക്കുക എന്നത് അജപാലകരുടെ കടമയാണ്. ഈ കൂദാശ സ്വീകരിക്കുന്നതിന്, വൈദികനെ വിളിക്കാന്‍ രോഗികളെ വിശ്വാസികള്‍ പ്രോത്സാഹിപ്പിക്കണം. നല്ല മനോഭാവത്തോടെ അതു സ്വീകരിക്കാന്‍ രോഗികള്‍ ഒരുങ്ങണം. ഇതിന് അവരുടെ അജപാലകന്‍റെയും, തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടും സഹോദരസഹജമായ ശ്രദ്ധകൊണ്ടും രോഗികളുടെ ചുറ്റും നില്‍ക്കാന്‍ ക്ഷണിക്കപ്പെടുന്ന സഭാസമൂഹം മുഴുവന്‍റെയും സഹായമുണ്ടായിരിക്കണം.
മറ്റെല്ലാ കൂദാശകളുമെന്ന പോലെ രോഗീലേപനവും ആരാധനക്രമപരവും സാമൂഹികവുമായ ഒരു ആഘോഷമാണ്. അതു വീട്ടിലോ ആശുപത്രിയിലോ ദൈവാലയത്തിലോ വച്ചു നടത്തിയാലും, ഒരു രോഗിക്കുവേണ്ടിയോ രോഗികളുടെ ഒരു ഗണത്തിനു വേണ്ടിയോ നടത്തിയാലും, അങ്ങനെ തന്നെ. കര്‍ത്താവിന്‍റെ പെസഹായുടെ സ്മാരകമായ കുര്‍ബാനയുടെ ആഘോഷത്തിനിടയില്‍ ഇത് അനുഷ്ഠിക്കുന്നതു വളരെ ഉചിതമാണ്.
ഗൗരവമുള്ള രോഗത്തിന്‍റെയോ വാര്‍ധക്യത്തിന്‍റെയോ അവസ്ഥയാലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവനു സവിശേഷമായ ഒരു കൃപാവരം നല്‍കുക എന്നതാണ് രോഗീലേപനമെന്ന കൂദാശയുടെ ലക്ഷ്യം. ഒരു ക്രൈസ്തവന്‍ ഗൗരവമുള്ള രോഗത്തില്‍പ്പെടുന്ന ഓരോ സന്ദര്‍ഭത്തിലും രോഗീലേപനം സ്വീകരിക്കാം; അത് സ്വീകരിച്ചശേഷം, രോഗം വര്‍ധിക്കുമ്പോഴും സ്വീകരിക്കാം.
രോഗീലേപനാഘോഷത്തില്‍ സത്താപരമായിട്ടുള്ളതു രോഗിയുടെ നെറ്റിയിലും കൈകളിലും (റോമന്‍ റീത്തില്‍) അല്ലെങ്കില്‍ മറ്റുശരീര ഭാഗങ്ങളിലും (പൗരസ്ത്യ റീത്തില്‍) തൈലം പൂശുന്നതാണ്. ഈ കൂദാശയുടെ സവിശേഷ കൃപാവരത്തിനു വേണ്ടിയുള്ള കാര്‍മ്മികന്‍റെ പ്രാര്‍ത്ഥനാ ശുശ്രൂഷയും തൈലം പൂശലിനോടൊപ്പമുണ്ടായിരിക്കും. രോഗീലേപനമെന്ന കൂദാശയുടെ സവിശേഷകൃപാവരത്തിന്‍റെ ഫലങ്ങള്‍ താഴെപ്പറയുന്നവയാണ്:
1. രോഗിയെ ക്രിസ്തുവിന്‍റെ പീഡാസഹനത്തോടു ഐക്യപ്പെടുത്തല്‍.
2. രോഗത്തിന്‍റെയോ വാര്‍ധക്യത്തിന്‍റെയോ സഹനങ്ങളെ ക്രൈസ്തവമായ രീതിയില്‍ നേരിടുവാനുള്ള ബലപ്പെടുത്തലും സമാധാനവും ധീരതയും.
3. രോഗിക്ക് കുമ്പസാരമെന്ന കൂദാശയിലൂടെ പാപമോചനം നേടാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പാപങ്ങളുടെ മോചനം.
4. രോഗിയുടെ ആത്മരക്ഷയ്ക്കുതകുന്ന പക്ഷം ആരോഗ്യത്തിന്‍റെ വീണ്ടെടുക്കല്‍.
5. നിത്യജീവനിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരുക്കം.
(Cf: CCC 1514- 1532)
വിചിന്തനം
രോഗത്തിൽ നിന്നും മരണത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ യേശുക്രിസ്തുവിനു മാത്രമേ കഴിയൂ. അവിടുത്തേക്കു മാത്രമേ ജീവന്റെയും മരണത്തിന്റെയും മേൽ അധികാരമുള്ളൂ. മാരകമായ രോഗങ്ങൾ ചിലപ്പോൾ ദൈവത്തോടു കൂടുതൽ അടുക്കുവാനുള്ളതായിരിക്കാം; അല്ലെങ്കിൽ അത് നിത്യജീവനിലേക്കു പ്രവേശിക്കുവാനുള്ള ഒരുക്കത്തിനുവേണ്ടിയായിരിക്കാം. ഇതിൽ ഏതുതന്നെയായിരുന്നാലും, രോഗീലേപനമെന്ന കൂദാശയിലൂടെ രോഗികളെ ക്രിസ്തുവിന്‍റെ പീഡാസഹനത്തോടു ഐക്യപ്പെടുത്തുകയും അങ്ങനെ അതിനെ രക്ഷാകരമാക്കി മാറ്റുകയും ചെയ്യാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.