Meditation. - August 2024
യേശുക്രിസ്തുവിലൂടെ മനുഷ്യവംശം മുഴുവന്റെയും അവസ്ഥയിൽ വലിയ മാറ്റമുണ്ടായി
സ്വന്തം ലേഖകന്‍ 05-08-2022 - Friday
"ഞാൻ പിതാവിൽനിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോൾ വീണ്ടും ലോകംവിട്ട് പിതാവിന്റെ അടുത്തേക്കു പോകുന്നു" (യോഹ 16:28)
യേശു ഏകരക്ഷകൻ: ആഗസ്റ്റ് 5
യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനും സ്വർഗ്ഗാരോഹണത്തിനും ശേഷം മനുഷ്യവംശം മുഴുവന്റെയും അവസ്ഥയിൽ വലിയ മാറ്റമുണ്ടായി. ഈ വലിയ സത്യം ലോകം തിരിച്ചറിയാതെ പോകരുത്. യേശു ഒരേസമയം ദൈവവും മനുഷ്യനുമാണ്. അവിടുന്നു സ്വര്‍ഗാരോഹണം ചെയ്തതോടെ, പിതാവായ ദൈവം തന്‍റെ പുത്രനിലൂടെ മനുഷ്യരായ നമ്മോട് മാനുഷികരീതിയില്‍ അടുത്തു നിലകൊള്ളുന്നു. യേശുക്രിസ്തുവിലൂടെ "മനുഷ്യന്‍ ദൈവത്തില്‍ വാസസ്ഥലം കണ്ടെത്തുന്നു" എന്ന്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ പറയുന്നു.
ഉത്ഥിതനായ കര്‍ത്താവ് നാല്‍പതു ദിവസം തന്‍റെ ശിഷ്യന്‍മാരുമായി സവിശേഷമായ അടുപ്പം പുലര്‍ത്തി. ക്രിസ്തുവിന്‍റെ സ്വര്‍ഗാരോഹണത്തോടെ ആ കാലയളവ് അവസാനിച്ചു. എന്നാൽ ആ സമയത്തിന്‍റെ അവസാനത്തിൽ ക്രിസ്തു മുഴുവന്‍ മനുഷ്യവംശത്തോടും കൂടെ ദൈവത്തിന്‍റെ മഹത്വത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്. അവിടുന്ന് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ ഇപ്രകാരം പറയുന്നു: "ഞാന്‍ ഭൂമിയില്‍ നിന്ന്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകര്‍ഷിക്കും" (യോഹ 12:32).
കുരിശിലെ ഉയര്‍ത്തല്‍ സ്വര്‍ഗ്ഗാരോഹണമാകുന്ന ഉയര്‍ത്തലിനെ സൂചിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍, കുരിശിലെ ഉയര്‍ത്തല്‍ സ്വര്‍ഗാരോഹണത്തിലെ ഉയര്‍ത്തലിനു തുടക്കം കുറിക്കുന്നു. നവീനവും ശാശ്വതവുമായ ഉടമ്പടിയുടെ ഏകപുരോഹിതനായ യേശുക്രിസ്തു "മനുഷ്യ നിര്‍മിതമായ... വിശുദ്ധ സ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ഗത്തിലേക്കു തന്നെയാണ് പ്രവേശിച്ചത്" (ഹെബ്രാ 9:24). സ്വര്‍ഗത്തില്‍ ക്രിസ്തു സ്ഥിരമായി തന്‍റെ പൗരോഹിത്യധര്‍മമനുഷ്ഠിക്കുന്നു. "തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവര്‍"ക്കു വേണ്ടി "മാധ്യസ്ഥ്യം വഹിക്കാന്‍ അവിടുന്ന് എന്നേക്കും ജീവിക്കുന്നു" (ഹെബ്രാ 7:25). "വരാനിരിക്കുന്ന നന്മകളുടെ പ്രധാന പുരോഹിതന്‍" എന്ന നിലയില്‍, സ്വര്‍ഗീയപിതാവിനെ വണങ്ങുന്ന ആരാധനാകര്‍മത്തിന്‍റെ കേന്ദ്രവും മുഖ്യപരികര്‍മിയുമാണ് അവിടുന്ന്.
സ്വർഗ്ഗാരോഹണത്തോടെ യേശുക്രിസ്തു പിതാവിന്‍റെ വതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. "പിതാവിന്‍റെ വലതുഭാഗത്ത്" എന്നതുകൊണ്ട് നാം മനസ്സിലാക്കുന്നതു ദൈവികത്വത്തിന്‍റെ ബഹുമാനവും മഹത്വവുമാണ്. എല്ലാ യുഗങ്ങള്‍ക്കും മുന്‍പേ ദൈവപുത്രനായിരിക്കുന്നവനും, യഥാര്‍ത്ഥത്തില്‍ ദൈവമായിട്ടുള്ളവനും, പിതാവിനോട് ഏകസത്തയായിട്ടുള്ളവനുമായ യേശുക്രിസ്തു, യഥാകാലം മാംസം ധരിക്കുകയും അതേ ശരീരം മഹത്വം പ്രാപിക്കുകയും ചെയ്തശേഷം ശാരീരികമായിത്തന്നെ അവിടുത്തോടൊപ്പം ഉപവിഷ്ടനായിരിക്കുന്നു.
(Cf: CCC 659- 663)
വിചിന്തനം
യേശുക്രിസ്തുവിലൂടെയാണ് മനുഷ്യവംശം മുഴുവന്റെയും അവസ്ഥ ദൈവത്തോട് കൂടുതൽ അടുപ്പമുള്ളതായി തീർന്നത്. ഈ വലിയ സത്യം തിരിച്ചറിയാതെ അനേകം മനുഷ്യർ ഇന്നും തെറ്റായ ദൈവിക സങ്കൽപങ്ങളിൽ മുഴുകി ജീവിക്കുന്നു. യേശു എല്ലാ മനുഷ്യരെയും തന്നിലേക്ക് ആകര്‍ഷിച്ചുക്കൊണ്ടാണിരിക്കുന്നത്. എന്നാൽ ഈ ലോകം വച്ചുനീട്ടുന്ന നൈമിഷിക സുഖങ്ങളുടെ ആകർഷണത്തിൽപെട്ട് പലരും അവിടുന്നിൽ നിന്നും അകന്നുപോകുന്നു. സ്വർഗ്ഗാരോഹണം ചെയ്ത ക്രിസ്തു ശാരീരികമായിത്തന്നെ പിതാവിന്‍റെ വതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. അതിനാൽ മാമ്മോദീസ സ്വീകരിച്ചുകൊണ്ട് അവിടുത്തെ മൗതികശരീരത്തിലെ അംഗങ്ങളായി തീരുന്നുന്നവർ സവിശേഷമാം വിധം ദൈവത്തോട് അടുത്തിരിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.