Meditation. - August 2024
ക്രിസ്തു നാഥനായ കുടുംബത്തിലൂടെ ദമ്പതികൾ ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നു
സ്വന്തം ലേഖകന്‍ 08-08-2024 - Thursday
"യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അദ്ഭുതം. അവന്റെ ശിഷ്യന്‍മാര്‍ അവനില്‍ വിശ്വസിച്ചു" (യോഹ 2: 11).
യേശു ഏകരക്ഷകൻ: ആഗസ്റ്റ് 8
യേശു തന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ കാനായിലെ വിവാഹവേളയിൽ തന്‍റെ മാതാവിന്‍റെ അഭ്യര്‍ത്ഥന പരിഗണിച്ച് തന്‍റെ ആദ്യത്തെ അടയാളം പ്രവര്‍ത്തിക്കുന്നു. കാനായിലെ ഈ കല്യാണാവസരത്തിലുള്ള യേശുവിന്‍റെ സാന്നിധ്യത്തിനു സഭ വലിയ പ്രാധാന്യമാണു കല്‍പ്പിക്കുന്നത്. വിവാഹത്തിന്‍റെ നന്മയുടെ ഉറപ്പാണ് അവിടെ സഭ കാണുന്നത്. അന്നു മുതല്‍ വിവാഹം ക്രിസ്തുവിന്‍റെ സാന്നിധ്യത്തിന്‍റെ ഫലദായകമായ അടയാളമായിരിക്കുമെന്നതിന്‍റെ പ്രഖ്യാപനവുമാണത്.
സ്ത്രീയും പുരുഷനും തമ്മിലുള്ള വൈവാഹികബന്ധം അവിഭാജ്യമാണ്. അത് ദൈവത്തിന്‍റെ തന്നെ നിശ്ചയമാണ്. മനുഷ്യന്റെ ഹൃദയകാഠിന്യം മൂലമായിരുന്നു ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ അനുവാദം നൽകിയത്. എന്നാൽ ആദിമുതലേ സ്രഷ്ടാവ് ആഗ്രഹിച്ച പ്രകാരമുള്ള സ്ത്രീപുരുഷ ബന്ധത്തിന്‍റെ ഉത്ഭവാര്‍ത്ഥത്തെപ്പറ്റി യേശു തന്‍റെ പ്രഘോഷണത്തില്‍ സംശയരഹിതമായി പഠിപ്പിച്ചു: "ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ" (മത്തായി 19:6).
വിവാഹത്തെക്കുറിച്ചുള്ള യേശുവിന്റെ ഈ കൽപന ചിലരെ ഉത്‌കണ്ഠാകുലരാക്കുകയും, അപ്രായോഗികമായ ഒരു ആഹ്വാനമായി ചിലര്‍ക്കു തോന്നലുണ്ടാക്കുകയും ചെയ്തേക്കാം. എന്നാല്‍ യേശു, മോശയുടെ നിയമത്തെക്കാള്‍ ഘനമേറിയതും വഹിക്കാനാവാത്തതുമായ ഒരു ഭാരം ദമ്പതികളുടെ മേല്‍ കെട്ടിവയ്ക്കുകയായിരുന്നില്ല. പാപം മൂലം വികലമായ സൃഷ്ടിയുടെ ക്രമം പുന:സ്ഥാപിക്കാന്‍ വന്ന അവിടുന്നുതന്നെ ദൈവരാജ്യത്തിന്‍റെ പുതിയമാനത്തിനനുസൃതമായി വിവാഹജീവിതം നയ്ക്കാനുള്ള ശക്തിയും കൃപാവരവും പ്രദാനം ചെയ്യുന്നു. ക്രൈസ്തവ ജീവിതത്തിന്‍റെ മുഴുവന്‍ ഉറവിടമായ ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്റെ ഫലമാണു ക്രൈസ്തവ വിവാഹത്തിന്‍റെ കൃപാവരം.
പൗലോസ് അപ്പസ്തോലന്‍ ഇതു വ്യക്തമാക്കുന്നു. "ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം". ഉടനെ പൗലോസ് ഇതുകൂടി ചേര്‍ക്കുന്നു: "ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും, അവര്‍ രണ്ടും ഒരു ശരീരമാവുകയും ചെയ്യും. ഇത് ഒരു വലിയ രഹസ്യമാണ്. സഭയേയും ക്രിസ്തുവിനേയും കുറിച്ചാണ് ഞാന്‍ ഇതു പറയുന്നത്" (എഫേ 5:25, 31-32).
Must Read: വിധി പറയും മുമ്പ് വായിച്ചറിയാന്‍: കത്തോലിക്കാ സഭയില്‍ വിവാഹമോചനം ഇല്ല
ക്രൈസ്തവ ജീവിതം മുഴുവനും ക്രിസ്തുവും സഭയും തമ്മിലുള്ള ദാമ്പത്യസ്നേഹത്തിന്‍റെ അടയാളം പേറുന്നുണ്ട്. ക്രൈസ്തവ വിവാഹമാകട്ടെ, ക്രിസ്തുവും സഭയും തമ്മിലുള്ള ഉടമ്പടിയുടെ ഫലദായകമായ അടയാളമായിത്തീരുന്നു. കൃപാവരത്തെ സൂചിപ്പിക്കുകയും പകര്‍ന്നു നല്‍കുകയും ചെയ്യുന്നതു കൊണ്ടു മാമ്മോദീസ സ്വീകരിച്ച വ്യക്തികള്‍ തമ്മിലുള്ള വിവാഹം പുതിയ ഉടമ്പടിയിലെ ഒരു യഥാര്‍ത്ഥ കൂദാശയാകുന്നു.
ഒരുകാലത്ത്, സ്നേഹത്തിന്‍റെയും വിശ്വസ്തതയുടെയും ഉടമ്പടിയിലൂടെ ദൈവം തന്‍റെ ജനത്തെ കണ്ടുമുട്ടിയതുപോലെ സഭയുടെ പ്രിയതമനായ നമ്മുടെ രക്ഷകന്‍ വിവാഹമെന്ന കൂദാശയിലൂടെ ക്രൈസ്തവ ദമ്പതികളെ കണ്ടുമുട്ടുന്നു. ക്രിസ്തു അവരോടൊത്തു വസിക്കുന്നു. തങ്ങളുടെ കുരിശെടുത്തു തന്നെ അനുഗമിക്കുവാനും, വീഴ്ചയ്ക്കുശേഷം എഴുന്നേല്‍ക്കുവാനും, പരസ്പരം ക്ഷമിക്കുവാനും, പരസ്പരം ഭാരങ്ങള്‍ വഹിക്കുവാനും, പ്രകൃത്യതീതവും ദയാമസൃണവും ഫലദായകവുമായ സ്നേഹത്താല്‍ പരസ്പരം സ്നേഹിക്കുവാനും അവിടുന്ന് അവര്‍ക്ക് ശക്തി നല്‍കുന്നു. ക്രിസ്തുവിനോടുള്ള ആദരവിനെപ്രതി പരസ്പരം വിധേയപ്പെട്ടുകൊണ്ട് തങ്ങളുടെ സ്നേഹത്തിന്‍റെയും കുടുംബജീവിതത്തിന്‍റെയും സന്തോഷങ്ങളില്‍ കുഞ്ഞാടിന്‍റെ വിവാഹവിരുന്നിന്‍റെ മുന്നനുഭവം ഇവിടെ ഭൂമിയില്‍ത്തന്നെ അവര്‍ക്ക് ലഭ്യമാകുന്നു:
വിചിന്തനം
സഭ സംയോജിപ്പിക്കുകയും സമര്‍പ്പണത്താല്‍ ശക്തിപ്പെടുത്തുകയും ആശീര്‍വാദത്താല്‍ മുദ്രിതമാക്കുകയും മാലാഖമാര്‍ പ്രഘോഷിക്കുകയും പിതാവ് ഉറപ്പിക്കപ്പെടുകയും ചെയ്യുന്ന വിവാഹത്തിന്‍റെ ആനന്ദം വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്. ഈ ആനന്ദം അനുഭവിക്കാൻ ദമ്പതികൾ ക്രിസ്തുവിനെ അവരുടെ കുടുംബജീവിതത്തിന്റെ രക്ഷകനും നാഥനുമായി അംഗീകരിക്കുകയും അനുദിന ജീവിതത്തിൽ ഏറ്റുപറയുകയും ചെയ്യണം. വിവാഹജീവിതത്തിലെ ആരംഭം മുതൽ ഓരോ ദമ്പതികളും ഇപ്രകാരം ചെയ്യുന്നതിലൂടെ ക്രിസ്തു അവരുടെ ജീവിതത്തിൽ ഭരണം നടത്തുകയും അവരുടെ കുടുംബം ഭൂമിയിലെ സ്വർഗ്ഗമായി മാറുകയും ചെയ്യും. കുടുംബപ്രാർത്ഥനക്കും കൗദാശികജീവിതത്തിനും ഒന്നാം സ്ഥാനം നൽകുന്ന കുടുംബത്തെ തകർക്കാൻ ഒരു ശക്തിക്കും സാധ്യമല്ല.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.