Meditation. - August 2024
പ്രാര്‍ത്ഥനയിലെ പ്രലോഭനങ്ങളെ എങ്ങനെ നേരിടാം?
സ്വന്തം ലേഖകന്‍ 13-08-2024 - Tuesday
"അവന്‍ ഒരിടത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക" (ലൂക്കാ 11: 1).
യേശു ഏകരക്ഷകൻ: ആഗസ്റ്റ് 13
യേശുവാണ് ക്രൈസ്തവ പ്രാർത്ഥനയുടെ ഗുരു. ക്രൈസ്തവർ ക്രിസ്‌തുവിലും, ക്രിസ്തുവിലൂടെയും, ക്രിസ്തുവിനോടും പ്രാർത്ഥിക്കുന്നു. ഇതുതന്നെയാണ് ക്രൈസ്തവ പ്രാർത്ഥനയെ മറ്റു പ്രാർത്ഥനാരൂപങ്ങളിൽ നിന്നും വ്യത്യസ്തവും ഫലപ്രദവുമാക്കുന്നത്. നമ്മുടെ മാനുഷികമായ ബലഹീനതകൾ നിമിത്തം പലപ്പോഴും നമ്മുക്കു പ്രാർത്ഥനക്ക് വൈഷമ്യം നേരിടാറുണ്ട്. പ്രാർത്ഥിക്കാൻ പഠിപ്പിച്ചവനും മാനുഷികരീതിയിൽ പ്രാർത്ഥിച്ചവനും ദൈവവുമായ യേശുക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് ഈ വൈഷമ്യങ്ങളെ നമ്മുക്കു നേരിടാം. നാം പ്രാർത്ഥിക്കുമ്പോൾ സാധാരണയായി അനുഭവിക്കുന്ന 5 പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാരങ്ങളും.
പലവിചാരം
പ്രാര്‍ത്ഥനയിലെ പതിവായ വൈഷമ്യം പലവിചാരമാണ്. അത് പ്രാര്‍ത്ഥനയിലെ വാക്കുകളെയും അവയുടെ അര്‍ത്ഥത്തെയും സംബന്ധിച്ചാകാം. നാം ആർക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ ആ വ്യക്തിയെ സംബന്ധിച്ചാകാം. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളും ബുന്ധിമുട്ടുകളും നമ്മുടെ ചിന്തകളിലേക്കു കടന്നുവരാം. പ്രാർത്ഥനയിൽ നമ്മൾ പലവിചാരങ്ങളെ വേട്ടയാടാന്‍ ശ്രമിക്കുന്നത് അവയുടെ കെണിയില്‍ വീഴുന്നതിനു സമമായിരിക്കും. നാം എന്തിനോടു ആസക്തി പുലര്‍ത്തുന്നുവോ അതിനെയാണ് പലവിചാരം വെളിപ്പെടുത്തിത്തരുന്നത്. നാം സേവിക്കേണ്ട യജമാനനെ തെരഞ്ഞെടുക്കിന്നിടത്താണ് ആ പോരാട്ടം നടക്കുന്നത്. അതിനാൽ പലവിചാരങ്ങളോട് യുദ്ധംചെയ്യാതെ, നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാന്‍ വേണ്ടി അവയെ കർത്താവായ യേശുവിനു സമര്‍പ്പിക്കുക. പരിശുദ്ധാത്മാവിനെ നമ്മുടെ പ്രാർത്ഥനയുടെ യജമാനനായി സ്വീകരിക്കുക.
സ്വാർത്ഥത
പ്രാർത്ഥനയിലെ മറ്റൊരു വൈഷമ്യമാണ് സ്വാർത്ഥത. നാം ആഗ്രഹിക്കുന്നവയെല്ലാം കൈയടക്കാനും ആധിപത്യം പുലര്‍ത്താനും വെമ്പുന്ന സ്വാര്‍ത്ഥതക്കെതിരായ പോരാട്ടത്തിന് ജാഗ്രതയും സമചിത്തതയും ആവശ്യമാണ്. യേശു ജാഗ്രതയുടെ കാര്യം ഊന്നിപ്പറയുമ്പോഴെല്ലാം ഏതു നിമിഷവും സംഭവിക്കാനിരിക്കുന്ന തന്‍റെ ആഗമനത്തോട് അതിനെ ബന്ധപ്പെടുത്തുന്നു. അതിനാൽ അര്‍ദ്ധരാത്രിയില്‍ മണവാളന്‍ വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്ന കന്യകമാരെപ്പോലെ വിശ്വാസത്തിന്റെ വെളിച്ചം നാം കെടാതെ സൂക്ഷിക്കണം. നമ്മെപ്പോലെ ആവശ്യങ്ങളുള്ള മറ്റുള്ളവരിൽ ക്രിസ്തുവിന്റെ മുഖം തേടുകയും ചെയ്യണം. അങ്ങനെ നമ്മുക്കു സ്വാർത്ഥതയെ പരാജയപ്പെടുത്താം.
ആധ്യാത്മിക വരള്‍ച്ച
പ്രാര്‍ത്ഥിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരെ നേരിടുന്ന വേറൊരു വൈഷമ്യമാണ് ആധ്യാത്മിക വരള്‍ച്ച. പ്രാര്‍ത്ഥനയ്ക്കിടയില്‍ ചിന്തകളോടോ ഓര്‍മകളോടോ ആധ്യാത്മിക വികാരങ്ങളോട് പോലുമോ യാതൊരു അഭിരുചിയും തോന്നാതെ ഹൃദയം ദൈവത്തില്‍ നിന്ന്‍ അകലുമ്പോഴാണ് വരള്‍ച്ച അനുഭവപ്പെടുക. ഇത്തരം സന്ദർഭങ്ങളിൽ നാം കൂടുതലായി ഗദ്സേമന്‍ തോട്ടത്തിലെ തീവ്രദുഃഖത്തിലും കബറിടത്തിലും കഴിയുന്ന യേശുവിനോടു വിശ്വസ്തതാപൂര്‍വ്വം ഒട്ടിനില്‍ക്കണം. "ഗോതമ്പ് മണി നിലത്തു വീണു അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അത് ഏറെ ഫലം പുറപ്പെടുവിക്കും" അതിനാൽ, വചനം പാറപ്പുറത്തു വീണതു മൂലമുണ്ടായ വേരില്ലായ്മയാണ് വരള്‍ച്ചയുടെ കാരണമെങ്കില്‍, പോരാട്ടം വിജയിക്കാന്‍ മാനസാന്തരം ആവശ്യമാണ്.
ജോലിത്തിരക്കും ഉത്കണ്ഠകളും
നാം പ്രാര്‍ത്ഥിക്കാൻ ആരംഭിക്കുമ്പോൾ തന്നെ അടിയന്തിരമെന്നു തോന്നുന്ന ഒരായിരം ജോലികളും ഉത്കണ്ഠകളും നമ്മുടെ പ്രഥമ ശ്രദ്ധ ലഭിക്കാന്‍ മത്സരിക്കുന്നു. അതു നമ്മുടെ ഹൃദയത്തെ സംബന്ധിച്ചിടത്തോളം സത്യത്തിന്‍റെയും ഉപരിസ്നേഹത്തിന്‍റെയും നിമിഷമായി തോന്നാം. ഇത്തരം സന്ദർഭങ്ങളിൽ പ്രാർത്ഥനയിൽ നമ്മെ കണ്ടുമുട്ടാൻ കാത്തിരിക്കുന്ന കർത്താവിങ്കലേക്ക് അന്തിമ അഭയം എന്നോണം നാം തിരിയണം. "എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല" എന്ന അവിടുത്തെ വാക്കുകൾ നാം ഓർക്കണം.
ആത്മീയ മാന്ദ്യം
പ്രാർത്ഥനയിലെ വേറൊരു പ്രലോഭനമാണ് ആത്മീയ മാന്ദ്യം. ആത്മനിഗ്രഹത്തിന്‍റെ അയവും ജാഗ്രതയുടെ കുറവും ഹൃദയത്തിന്‍റെ അശ്രദ്ധയും മൂലം ഉദ്ഭവിക്കുന്ന വിഷാദരോഗത്തിന്‍റെ ഒരു വകഭേദമാണ് അതെന്നു ആദ്ധ്യാത്മിക പിതാക്കന്‍മാര്‍ അഭിപ്രായപ്പെടുന്നു. "ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ദുര്‍ബലമാണ്." എത്ര ഉയരത്തില്‍ നിന്നു വീഴുന്നുവോ അത്ര ദാരുണമായിരിക്കും പതനം. വിനീതന്‍ തന്‍റെ കഷ്ടപ്പാടില്‍ അമ്പരക്കുന്നില്ല. മറിച്ച് പൂര്‍വോപരി വിശ്വസിക്കാനും ബോധ്യങ്ങളില്‍ ഉറച്ചു നില്‍ക്കാനും അത് അവന് പ്രേരണ നല്‍കുന്നു. അതിനാൽ വിനീതഹൃദയത്തോടെ ഉത്ഥിതനായ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് ആത്മീയ മാന്ദ്യത്തെ അതിജീവിക്കാം.
വിചിന്തനം
പ്രാർത്ഥിക്കുക എന്നാൽ ക്രിസ്തുവിനോടൊപ്പം ആയിരിക്കുക എന്നാണർത്ഥം. കിണറ്റിൻ കരയിൽ സമരിയാക്കാരി സ്ത്രീയെ കാത്തിരുന്നതുപോലെ, നമ്മെ കാത്തിരിക്കുന്ന ക്രിസ്തുവിന്റെ അടുത്തേക്കാണ് നാം പ്രാർത്ഥിക്കാനായി അണയുന്നത്. നമ്മുടെ പ്രാർത്ഥനയാകുന്ന ദാഹജലത്തിനായി ക്രിസ്തുവാണ് ആദ്യം ദാഹിക്കുന്നത്. അവിടുന്നാണ് ആദ്യം നമ്മെ തേടിവന്ന് നമ്മോടു ദാഹജലം ആവശ്യപ്പെടുന്നത്. നാം പ്രാർത്ഥിക്കണമെന്ന് നമ്മെക്കാൾ കൂടുതലായി അവിടുന്ന് ആഗ്രഹിക്കുന്നു. അതിനാൽ പ്രാർത്ഥനയിലെ വൈഷമ്യമകറ്റാൻ ക്രിസ്തുവിൽ ആശ്രയിക്കുകയും നമ്മുടെ ജീവിതം പൂർണ്ണമായി അവിടുത്തേക്കു സമർപ്പിക്കുകയും ചെയ്യാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.