Meditation. - August 2024
കര്‍ത്തൃപ്രാര്‍ത്ഥന ലോകം മുഴുവനെയും ക്രിസ്തുവിലുള്ള ഐക്യത്തിലേക്കു വിളിക്കുന്നു
സ്വന്തം ലേഖകന്‍ 17-08-2023 - Thursday
"യേശു അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ നന്‍മചെയ്യുന്നതോ തിന്‍മ ചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം?" (ലൂക്കാ 6: 9).
യേശു ഏകരക്ഷകൻ: ആഗസ്റ്റ് 17
യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ദൈവത്തെ "പിതാവേ" എന്നു മാത്രമല്ല "ഞങ്ങളുടെ പിതാവേ" എന്നു കൂടി വിളിക്കാൻ സാധിക്കുന്നു. യേശു പ്രാർത്ഥിക്കാൻ പഠിച്ചപ്പോൾ അവിടുന്ന് ദൈവത്തെ "ഞങ്ങളുടെ" പിതാവേ എന്നു വിളിച്ചു പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു. ഇവിടെ "ഞങ്ങളുടെ" എന്ന പദത്തിന് വളരെ ആഴമായ അർത്ഥതലങ്ങളുണ്ട്.
ഞങ്ങളുടെ പിതാവേ എന്നു നാം പറയുമ്പോള്‍ പ്രഥമമായി നാം അംഗീകരിക്കുന്നത് പ്രവാചകരിലൂടെ മുന്‍കൂട്ടി അറിയിച്ചിരുന്ന അവിടുത്തെ സ്നേഹത്തിന്‍റെ വാഗ്ദാനങ്ങളെല്ലാം ക്രിസ്തുവിലെ പുതിയതും നിത്യവുമായ ഉടമ്പടിയില്‍ പൂര്‍ത്തിയാക്കപ്പെട്ടു എന്നാണ്. അങ്ങനെ നാം അവിടുത്തെ ജനവും അവിടുന്ന്‍ നമ്മുടെ ദൈവവുമായിത്തീര്‍ന്നു. ഈ പുതിയ ബന്ധം അന്യോന്യം നല്‍കപ്പെടുന്ന തികച്ചും സൗജന്യപരമായ ദാനമാണ്.
ഞങ്ങളുടെ എന്ന പ്രയോഗം സ്വർഗ്ഗവും ഭൂമിയും നിറഞ്ഞുനിൽക്കുന്ന ദൈവജനത്തിലേക്ക് വിരൽചൂണ്ടുന്നു. "കര്‍ത്തൃപ്രാര്‍ത്ഥന യുഗാന്ത്യത്തിലുള്ള അവിടുത്തെ ജനത്തിന്‍റെ പ്രാര്‍ത്ഥനയാകയാല്‍, "ഞങ്ങളുടെ" എന്ന വിശേഷണം വിജയമകുടമണിയുന്നവനോടു പുതിയ ജറുസലേമില്‍ വച്ച് ഞാന്‍ അവന്‍റെ ദൈവവും അവന്‍ എന്‍റെ പുത്രനും ആയിരിക്കും എന്ന്‍ പറയും എന്ന ദൈവത്തിന്‍റെ അന്തിമ വാഗ്ദാനത്തിലുള്ള നമ്മുടെ പ്രതീക്ഷയുടെ ഉറപ്പും വ്യക്തമാകുന്നു" (CCC 2788).
വ്യാകരണപ്രകാരം "ഞങ്ങളുടെ" എന്ന വാക്ക് ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ക്കു പൊതുവായിട്ടുള്ള ഒരു യാഥാര്‍ഥ്യത്തെ സൂചിപ്പിക്കുന്നു. ഒരു ദൈവം മാത്രമേയുള്ളൂ. അവിടുത്തെ ഏക പുത്രനിലുള്ള വിശ്വാസത്തിലൂടെ ജലത്താലും ആത്മാവിനാലും അവിടുന്നില്‍ നിന്ന്‍ വീണ്ടും ജനിക്കുന്നവര്‍ അവിടുത്തെ പിതാവായി അംഗീകരിക്കുന്നു. ദൈവവും മനുഷ്യരും ചേര്‍ന്ന ഈ പുതിയ കൂട്ടായ്മ സഭയാണ്. അനേകം സഹോദരരില്‍ പ്രഥമ ജാതനായിത്തീര്‍ന്ന യേശുക്രിസ്തുവിൽ സഭ ഒരേയൊരു പിതാവിലും ഒരേയൊരു പരിശുദ്ധാത്മാവിലും ഐക്യപ്പെട്ടിരിക്കുന്നു. "ഞങ്ങളുടെ" പിതാവേ എന്നു പ്രാര്‍ത്ഥിക്കുന്ന ഓരോ വ്യക്തിയും ഈ കൂട്ടായ്മയിലാണ് പ്രാര്‍ത്ഥിക്കുന്നത്. ഈ സത്യം തിരിച്ചറിഞ്ഞ ആദിമസഭയിലെ "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരു ആത്മാവും ആയിരുന്നു".
ഇക്കാരണത്താല്‍ ക്രൈസ്തവരുടെ ഇടയില്‍ വിഭജനങ്ങള്‍ ഉണ്ടെങ്കിലും "നമ്മുടെ" പിതാവിനോടുള്ള പ്രാര്‍ത്ഥന എല്ലാവരുടെയും പൊതുവായ പൈതൃകം വ്യക്തമാക്കുന്നു. ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവര്‍ക്കുമുള്ള ഐക്യത്തിന്റെ അടിയന്തിരമായ ആഹ്വാനവുമാണ് കര്‍ത്തൃപ്രാര്‍ത്ഥനയിലെ "ഞങ്ങളുടെ" എന്ന പ്രയോഗം. ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെയും മാമോദീസായുടെയും അടിസ്ഥാനത്തിലുള്ള കൂട്ടായ്മയില്‍ അവര്‍ ഐക്യത്തിനുവേണ്ടിയുള്ള യേശുവിന്‍റെ പ്രാര്‍ത്ഥനയില്‍ പങ്കു ചേരണം.
പിതാവായ ദൈവം ആര്‍ക്കുവേണ്ടി അവിടുത്തെ പ്രിയപുത്രനെ കൊടുത്തുവോ അവരെയൊക്കെ അവിടുത്തെ മുന്‍പില്‍ കൊണ്ടുവരാതെ നമ്മുക്കു പ്രാര്‍ത്ഥിക്കാനാവില്ല. അവിടുത്തെ സ്നേഹത്തിന് അതിര്‍ത്തികളില്ലാത്തതു പോലെ നമ്മുടെ പ്രാര്‍ത്ഥനയ്ക്കും അതിര്‍ത്തികള്‍ ഉണ്ടാകാന്‍ പാടില്ല. അതിനാൽ "ഞങ്ങളുടെ പിതാവേ" എന്നു പ്രാര്‍ത്ഥിക്കുന്നത് ക്രിസ്തുവില്‍ ആവിഷ്കൃതമായ സ്നേഹത്തിന്‍റെ മാനങ്ങള്‍ നമുക്കു തുറന്നു തരുന്നു.
ക്രിസ്തുവിനെ അറിഞ്ഞ എല്ലാ മനുഷ്യരോടു കൂടെയും, അവിടുത്തെ ഇനിയും അറിഞ്ഞിട്ടില്ലാത്ത എല്ലാ മനുഷ്യര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതാണ് ക്രിസ്തീയ പ്രാർത്ഥന. അതിനാൽ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുമ്പോഴെല്ലാം ക്രിസ്തു ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യരെയും ദൈവത്തിന്‍റെ മക്കളായി ഒന്നിച്ചു കൂട്ടാന്‍ വേണ്ടി പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്.
അവസാനമായി കര്‍ത്തൃപ്രാര്‍ത്ഥന ആത്മാര്‍ത്ഥമായി ചൊല്ലിയാല്‍ നാം സ്വാർത്ഥത വെടിയാൻ തയ്യാറാകും. കാരണം നാം സ്വീകരിക്കുന്ന സ്നേഹം നമ്മെ അതില്‍ നിന്നും സ്വതന്ത്രരാക്കുന്നു. കര്‍ത്തൃപ്രാര്‍ത്ഥനയുടെ ആരംഭത്തിലുള്ള "ഞങ്ങളുടെ" എന്ന വിശേഷണം അവസാനത്തെ നാലു യാചനകളിലുള്ള "ഞങ്ങള്‍" എന്ന വാക്ക് പോലെ ആരെയും ഒഴിച്ചു നിര്‍ത്തുന്നില്ല. നാം ഇത് സത്യസന്ധമായി ചൊല്ലിയാല്‍ നമ്മുടെ വിഭജനങ്ങളും എതിര്‍പ്പുകളും ഇല്ലാതാകേണ്ടതാണ്.
വിചിന്തനം
കര്‍ത്തൃപ്രാര്‍ത്ഥനയിൽ, സ്വർഗ്ഗസ്ഥനായ "ഞങ്ങളുടെ പിതാവേ" എന്ന പേര് ഉച്ചരിക്കുമ്പോള്‍ തന്നെ നമ്മില്‍ സ്നേഹം ഉണരുന്നു. മക്കള്‍ക്ക് പിതാവിനേക്കാള്‍ പ്രിയങ്കരമായി എന്താണുള്ളത്?... നാം യാചിക്കുന്നത് ലഭിക്കുമെന്ന ആത്മവിശ്വാസവും അതോടൊപ്പം ഉണ്ടാകുന്നു. മക്കള്‍ ചോദിക്കുമ്പോള്‍ എന്താണ് അവിടുന്ന്‍ നല്‍കാതിരിക്കുക. കാരണം, അവിടുത്തെ മക്കളാകാനുള്ള വരം അവിടുന്ന്‍ നല്‍കിക്കഴിഞ്ഞല്ലോ. ദൈവം നമ്മുടെ പിതാവാണെങ്കിൽ അവിടുത്തെ മക്കളായ മറ്റു മനുഷ്യർ നമ്മുടെ സഹോദരങ്ങളാണ്. ക്രിസ്തുവിനെ അറിഞ്ഞ എല്ലാ മനുഷ്യരോടു കൂടെയും, അവിടുത്തെ ഇനിയും അറിയാത്ത എല്ലാ മനുഷ്യര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതാണ് ക്രിസ്തീയ പ്രാർത്ഥന. അതിനാൽ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിലൂടെ ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യരെയും ദൈവത്തിന്‍റെ മക്കളായി ക്രിസ്തുവിൽ ഒന്നിച്ചു കൂട്ടാന്‍ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.