Editor's Pick
BBC-യിലെ പ്രശസ്തയായ മാധ്യമ പ്രവർത്തക ജോലിയുപേക്ഷിച്ച് ഒരു കന്യാസ്ത്രീയായി മാറിയത് എങ്ങനെ?
സ്വന്തം ലേഖകൻ 04-01-2016 - Monday
BBC-യിലെ പ്രശസ്തയായ ഒരു മാധ്യമ പ്രവർത്തക പെട്ടന്ന് ജോലിയുപേക്ഷിച്ച് ഒരു കന്യാസ്ത്രീയാകാൻ തീരുമാനിച്ചത്, അവരോട് അടുത്തുള്ളവർക്കെല്ലാം ഒരു അത്ഭുതമായിരുന്നു.
ഇപ്പോൾ അല്പസമയത്തേക്ക് അവർ BBC-യിലേക്ക്, തന്റെ ഒരു വർഷത്തെ സന്യസ്ത ജീവിതം ലോകവുമായി പങ്കുവെയ്ക്കാനായി മടങ്ങിവന്നു.
തന്റെ പരിവർത്തനം മനുഷ്യ മനസ്സുകൾക്ക് പൂർണ്ണമായും മനസിലാക്കാൻ സാധ്യമല്ല എന്ന് ബി.ബി.സി.റേഡിയോയുടെ Ulster's Talkback programme -ൽ സിസ്റ്റർ പറഞ്ഞു. "മഠത്തിൽ ഞാൻ നടക്കുമ്പോൾ, പല സമയത്തും കന്യാസ്ത്രീയുടെ വസ്ത്രമണിഞ്ഞ എന്റെ നിഴൽ കണ്ട് ഞാൻ തന്നെ അത്ഭുതപ്പെടാറുണ്ട്."
കഴിഞ്ഞ ക്രിസ്തുമസ് അവധി ദിനങ്ങളിൽ ബി.ബി.സി.റേഡിയോ പ്രക്ഷേപണം ചെയ്ത, Talkback എന്ന പരിപാടിയിൽ സിസ്റ്റർ മാർട്ടീന അനുഭവങ്ങൾ പങ്കുവെച്ചിരുന്നു.
സിസ്റ്ററുമായി അഭിമുഖം നടത്തിയ വില്യം കൗലേ, തന്റെ മുൻ സഹപ്രവർത്തകയുടെ ആദ്യകാല ജീവിതം ഇങ്ങനെ സമാഹരിക്കുന്നു: വെസ്റ്റ് ബെൽഫാസ്റ്റിൽ ജനിച്ച മർട്ടിന കാനഡയിലാണ് വളർന്നത്. വ്യദ്യാഭ്യാസാനന്തരം അവർ ജന്മദേശമായ നോർത്തേൺ അയർലണ്ടിൽ തിരിച്ചെത്തി ഒരു മാധ്യമ പ്രവർത്തകയായി ജീവിതമാരംഭിച്ചു. 25 വർഷങ്ങൾ മാർട്ടിന, മാധ്യമ പ്രവർത്തകയായി തുടർന്നു. അതിൽ 15 വർഷവും അവർ ബി.ബി.സിയിലെ ഉയർന്ന ഒരു രാഷ്ട്രീയ ലേഖികയായിരുന്നു.
രാഷ്ട്രീയ ഉപജാപങ്ങളിലൂടെ സഞ്ചരിച്ചിരുന്ന മാർട്ടിന ഇടയ്ക്ക് തന്റെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. "അധികാരശ്രേണിയിലുള്ളവരെ നിശിതമായി വിമർശിച്ച് ചോദ്യം ചെയ്തിരുന്ന എനിക്ക്, സാവധാനത്തിൽ എന്തോ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു."
"എന്റെ ചോദ്യങ്ങൾ അവരെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് ഞാൻ കണ്ടു.അവരെ ചോദ്യം ചെയ്യുന്നതിനു പകരം അവർക്കു വേണ്ടി പ്രാർത്ഥിക്കുകയല്ലെ വേണ്ടത് എന്നെനിക്ക് തോന്നി തുടങ്ങി."
"ജോലി ഉപേക്ഷിച്ച് ആഫ്രിക്കയിൽ പോയി സേവനത്തിന്റെ ഒരു ജീവിതം നയിച്ചാൽ നല്ലതായിരിക്കും എന്നെനിക്ക് തോന്നി."
എന്നാൽ പെട്ടന്ന്, എല്ലാ കണക്കുകൂട്ടലുകൾക്കും വിരുദ്ധമായി, അവർ വെസ്റ്റ് ബെൽഫാസ്റ്റിലെ ഒരു മഠത്തിൽ ചേർന്നു. നല്ലൊരു വാഗ്മിയും വായാടിയുമെന്ന് കരുതപ്പെട്ടിരുന്ന മാർട്ടിന, ദിവസം മുഴുവൻ നിശബ്ദത ആചരിക്കുന്ന ഒരു മഠത്തിലാണ് എത്തിച്ചേർന്നത്!
വീടും കാറുമുൾപ്പടെ എല്ലാം ത്യജിച്ചു കൊണ്ട്, മാർട്ടിന അഡറോഷൻ സിസ്റ്റേർസിന്റെ സമൂഹത്തിൽ ചേർന്നു.
എട്ടു വർഷം മുമ്പ്, സൗത്ത് അമേരിക്കയിൽ പെറുവിൽ ഒരു ദേവാലയത്തിൽ വെച്ചാണ്, തന്റെയുള്ളിൽ ആത്മാവിന്റെ ഒരു തീപ്പൊരി വീണത് എന്ന് അവർ ഓർമ്മിക്കുന്നു.
"എന്റെ ജീവിതം മാറാൻ പോകുകയാണ് എന്ന് എനിക്ക് തോന്നി. എന്റെ ജീവിതം സുഖഭോഗങ്ങളിൽ ആഴ്ന്നു കിടക്കുകയാണെന്ന് ഞാൻ അറിഞ്ഞു. പാവപ്പെട്ടവർക്ക് ഞാനെന്തെങ്കിലും ചെയ്യണം.ഞാൻ തീരുമാനിച്ചു."
"അത് ഒരു ദിവസം കൊണ്ടുണ്ടായ ചിന്തയല്ല. ഞാൻ അവിടെ സുഖിച്ചുല്ലസിച്ച് തന്നെ നടന്നു. പക്ഷേ, ഈ ചിന്ത എന്റെ മനസിനെ നോവിപ്പിച്ചു കൊണ്ടിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഞാൻ കൂടുതൽ പ്രാർത്ഥിച്ചു തുടങ്ങി - ഞാൻ കൂടുതൽ പരോപകാര പ്രവർത്തികൾ ചെയ്തു തുടങ്ങി."
ക്രമേണ മർട്ടിന ബെൽഫാസ്റ്റ് ദേവാലയങ്ങളിലെ നിത്യ സന്ദർശകയായി മാറുകയായിരുന്നു.
തന്റെ ജോലിയും ജീവിത ശൈലിയും അവർക്ക് ആശ്വാസം നൽകാതായി. താൻ സഞ്ചരിക്കുന്ന ജീവിത പാതയെ പറ്റി മാർട്ടിനയ്ക്ക് സംശയം തോന്നിത്തുടങ്ങി. ഇതിന്റെയെല്ലാം അനന്തര ഫലമായിരുന്നു മാർട്ടിനയുടെ ജീവിതം തിരിച്ചുവിട്ട തീരുമാനം.
അതോടെ ജീവിതം ശാന്തമായതായി സിസ്റ്റർ മാർട്ടിന പറയുന്നു. "മോചനം നേടി തന്ന ഒരു തീരുമാനമായിരുന്നു അത്."
താനിപ്പോഴും മാധ്യമവ്റുത്തിയിലുണ്ട് എന്ന് സിസ്റ്റർ മാർട്ടിന പറഞ്ഞു. മഠത്തിന്റെ ആനുകാലികങ്ങളും ട്വിറ്റർലൈനുകളുമെല്ലാം സിസ്റ്ററാണ് കൈകാര്യം ചെയ്യുന്നത്. കൂടാതെ മേലധികാരികളുടെ നിർദ്ദേശപ്രകാരം യുവജനങ്ങൾക്കു വേണ്ടി പ്രസംഗങ്ങൾ നടത്തുകയും തന്റെ അനുഭവങ്ങൾ വിവരിക്കുകയും ചെയ്യുന്നുണ്ട്. അത് ചെറുപ്പക്കാർക്ക് മാർഗ്ഗദർശകമാകാറുള്ളതിൽ താൻ അത്യധികം സന്തോഷിക്കുന്നു എന്നും സിസ്റ്റർ മാർട്ടിന പറഞ്ഞു.