Meditation. - August 2024

"അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ"

സ്വന്തം ലേഖകന്‍ 25-08-2023 - Friday

"മക്കൾക്കു നല്ല വസ്തുക്കൾ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും!" (മത്തായി 7:11)

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 25
എല്ലാം പിതാവില്‍ നിന്നു പ്രതീക്ഷിക്കുന്ന മക്കളുടെ ആശ്രയബോധം മനോഹരമാണ്. സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് ദുഷ്ടരുടെയും ശിഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍റെയും നീതിരഹിതന്‍റെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. അവിടുന്ന്‍ എല്ലാ ജീവികള്‍ക്കും യഥാസമയം ഭക്ഷണം നല്‍കുന്നു. ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവര്‍ക്ക് ബാക്കി എല്ലാം നല്‍കാമെന്ന് അവിടുന്ന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.

"അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ" എന്ന യാചനയിലെ "ഞങ്ങള്‍ക്കു നല്‍കണമേ" എന്നത് ഒരു ഉടമ്പടിയുടെ പ്രകാശനവുമാണ്. ദൈവത്തെ നാം പിതാവേ എന്നു വിളിക്കുന്നതിനാൽ നാം അവിടുത്തേതും അവിടുന്നു നമ്മുടേതുമാണ്. ഈ യാചനയിലെ "ഞങ്ങള്‍" എന്ന വാക്കിലൂടെ എല്ലാ മനുഷ്യരുടെയും പിതാവായും പരിപാലകനായും നാം അവിടുത്തെ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. നാം അവര്‍ക്കായി അവരുടെ ആവശ്യങ്ങളോടും സഹനങ്ങളോടും ഐക്യദാര്‍ഢൃം പുലര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

നമുക്കു ജീവന്‍ നല്‍കുന്ന പിതാവിന്, നമ്മുടെ ജീവനാവശ്യമായ പോഷണവും നല്‍കാതിരിക്കാന്‍ സാധ്യമല്ല. ഭൗമികവും ആധ്യാത്മികവുമായ എല്ലാ നന്മകളുടെ പോഷണവും അവിടുന്നു നമ്മുക്കു നൽകുന്നു. ഗിരിപ്രഭാഷണത്തില്‍ യേശു നമ്മുടെ പിതാവിന്‍റെ പരിപാലനയോടു സഹകരിക്കുന്ന പുത്രസഹജമായ ആശ്രയബോധം നമ്മിൽനിന്നും ആവശ്യപ്പെടുന്നു. അങ്ങനെ എല്ലാ ആകുലതയില്‍ നിന്നും ഉല്‍ക്കണ്ഠയില്‍ നിന്നും നമ്മെ സ്വതന്ത്രരാക്കുവാന്‍ അവിടുന്ന്‍ അഭിലഷിക്കുന്നു.

അപ്പമില്ലാതെ വിശന്നു വലയുന്നവരുടെ ഈ ഭൂമിയിലെ സാന്നിധ്യം ഈ യാചനയുടെ ആഴം വെളിപ്പെടുത്തുന്നു. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന ക്രൈസ്തവര്‍ക്ക് ലോകത്തിലെ ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും വലിയ ഉത്തരവാദിത്വമുണ്ട്. അതിനാൽ കര്‍ത്തൃ പ്രാര്‍ത്ഥനയിലെ "അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ" എന്ന യാചന പാവപ്പെട്ട ലാസറിന്‍റെയും അന്തിമവിധിയുടെയും ഉപമയില്‍ നിന്ന്‍ വേര്‍പെടുത്താവുന്നതല്ല.

നമ്മുക്കു ലഭിച്ചിരിക്കുന്ന സമ്പത്തും സുഖസൗകര്യങ്ങളും അനേകർക്കുവേണ്ടിയുള്ളതാണ്. സുവിശേഷ ഭാഗ്യങ്ങളില്‍ "ദാരിദ്ര്യം" പങ്കുവയ്ക്കലിന്‍റെ ഒരു സുകൃതമാണ്. അതു നമ്മെ മറ്റുള്ളവരുമായി സംസര്‍ഗ്ഗം പുലര്‍ത്താനും, നമ്മുടെ ഭൗതികവും ആധ്യാത്മികവുമായ നന്മകളെ നിര്‍ബന്ധത്താലല്ല, സ്നേഹത്താല്‍ പങ്കുവയ്ക്കാനും ക്ഷണിക്കുന്നു. ഇത് കുറച്ചു പേരുടെ സമൃദ്ധിയാല്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതിനാണ്.

ഈ യാചനയും അതുള്‍ക്കൊള്ളുന്ന ഉത്തരവാദിത്വവും മനുഷ്യനെ നശിപ്പിക്കുന്ന മറ്റൊരു സുപ്രധാന വിശപ്പിനേയും സൂചിപ്പിക്കുന്നു. മനുഷ്യര്‍ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്‍റെ നാവിൽ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്. ക്രിസ്തുവിന്റെ വാക്കുകൾകൊണ്ടും അവിടുത്തെ ആത്മാവു കൊണ്ടും ദരിദ്രരോടു സുവിശേഷം പ്രഘോഷിക്കുന്നതിനു ക്രൈസ്തവര്‍ സര്‍വ കഴിവുകളും വിനിയോഗിക്കണം. ഭൂമിയില്‍ വിശപ്പ്‌ അനുഭവിക്കുന്നവരുണ്ട്. അപ്പത്തിനു വേണ്ടിയുള്ള വിശപ്പോ ജലത്തിനു വേണ്ടിയുള്ള ദാഹമോ അല്ല, മറിച്ച് ദൈവത്തിന്‍റെ വചനം ശ്രവിക്കുന്നതിനുള്ള അതിയായ ആഗ്രഹം. ഇക്കാരണത്താല്‍ കർത്തൃപ്രാർത്ഥനയിലെ നാലാം യാചനയുടെ സവിശേഷമായ ക്രിസ്തീയാര്‍ത്ഥം ജീവന്‍റെ അപ്പത്തെ സൂചിപ്പിക്കുന്നു. അത് വിശ്വാസത്തില്‍ സ്വീകരിക്കപ്പെടുന്ന ദൈവവചനവും, ദിവ്യകാരുണ്യത്തില്‍ സ്വീകരിക്കപ്പെടുന്ന ക്രിസ്തുവിന്‍റെ ശരീരവുമാണ്.

ഈ യാചനയിലെ "ഇന്ന്" എന്ന പ്രയോഗം നമ്മുടെ ആശ്രയബോധത്തിന്‍റെ പ്രകടനമാണ്. ഇതു നമ്മുടെ മര്‍ത്യമായ സമയത്തെ മാത്രമല്ല, ദൈവത്തിന്‍റെ "ഇന്നി"നെയും സൂചിപ്പിക്കുന്നു. ഇതിനെപറ്റി വിശുദ്ധ അമ്പ്രോസ് ഇപ്രകാരം പറയുന്നു: "നീ ഓരോ ദിവസവും സ്വീകരിച്ചാല്‍ ഓരോ ദിവസവും നിനക്ക് "ഇന്ന്" ആകുന്നു. ക്രിസ്തു ഇന്നു നിന്‍റേതാണെങ്കില്‍, അവിടുന്ന്‍ നിനക്കുവേണ്ടി ദിവസവും ഉയിര്‍ക്കുന്നു. എങ്ങിനെ? "നീ എന്‍റെ പുത്രനാകുന്നു. ഇന്നു നിനക്കു ഞാൻ ജന്മമേകി". അതിനാല്‍ ക്രിസ്തു ഉയിര്‍ക്കുന്ന സമയമാണ് "ഇന്ന്" (St. Ambrose, De Sacr).

വിചിന്തനം
ക്രൈസ്തവ ജീവിതം പ്രാർത്ഥനയും പ്രവർത്തനവും നിറഞ്ഞതാണ്. ഇവയിൽ ഒന്ന് മറ്റൊന്നിനു പകരം വയ്ക്കാനാവില്ല. എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രാര്‍ത്ഥിക്കുക. എല്ലാം നമ്മളെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ അദ്ധ്വാനിക്കുക. നാം നമ്മുടെ ജോലി ചെയ്തു കഴിഞ്ഞാലും ആഹാരം നമ്മുടെ പിതാവിന്‍റെ ദാനമാണ്. അതിനുവേണ്ടി അവിടത്തോടു യാചിക്കുന്നതും അതിനെപ്രതി അവിടുത്തേക്ക് നന്ദി പറയുന്നതും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »