Meditation. - August 2024

പ്രവാസികളെ ഉണരുവിൻ... ലോകം മുഴുവനും ക്രിസ്തുവിനെ അറിയട്ടെ

പ്രവാചകശബ്ദം 29-08-2024 - Thursday

"എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും" (അപ്പ. 1: 8).

യേശു ഏകരക്ഷകൻ: ആഗസ്റ്റ് 29
മനുഷ്യന് ആവശ്യമായ സാമ്പത്തിക പുരോഗതി നൽകാൻ ദൈവത്തിനു ഏതുസാഹചര്യത്തിലും സാധിക്കും. അതിന് മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടി പോകണം എന്ന് നിർബന്ധമില്ല. വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകാതെ തന്നെ എത്രയോ പേരാണ് സ്വന്തം രാജ്യത്ത് ജീവിച്ചുകൊണ്ട് സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കുന്നത്. മറ്റ് ഏതു ജനതയേക്കാളും അധികമായി ക്രിസ്ത്യാനികളെയാണ് കുടിയേറ്റത്തിലൂടെ ദൈവം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അയച്ചിരിക്കുന്നത്. ഇതിനു പിന്നിൽ ദൈവത്തിന് വ്യക്തമായ ഒരു പദ്ധതിയുണ്ട്. പ്രവാസികളായ വിശ്വാസികൾ ഈ ദൈവീക പദ്ധതി തിരിച്ചറിയുകയും തങ്ങളുടെ വിളിക്കനുസരിച്ചുള്ള ജീവിതം നയിക്കുവാൻ തയ്യാറാകുകയും വേണം.

2008 ഒക്ടോബറിൽ നടന്ന ആഗോള സഭയിലെ മെത്രാന്മാരുടെ സിനഡ് സഭയുടെ സുവിശേഷവത്ക്കരണത്തിനുള്ള ദൗത്യം ചർച്ച ചെയ്തപ്പോൾ അതില്‍ ഏറ്റവും ചര്‍ച്ചയായത് 'കുടിയേറ്റമെന്ന' സങ്കീർണമായ പ്രതിഭാസമായിരിന്നു. അടുത്തകാലത്ത് മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത തോതിലാണ് ആളുകള്‍ സ്വന്തം വീട് വിട്ടു അന്യരാജ്യങ്ങളില്‍ എത്തുന്നത്. ക്രിസ്തുവിനെ പറ്റി യാതൊന്നും അറിയാത്തവര്‍, അല്ലെങ്കിൽ തികച്ചും അപര്യാപ്തമായ അറിവുമാത്രമുള്ളവർ, ക്രൈസ്തവ പാരമ്പര്യം നിലവിലുള്ള രാജ്യങ്ങളിൽ കുടിയേറിപ്പാര്‍ക്കുന്നു.

അതേസമയത്തുതന്നെ ക്രൈസ്തവ വിശ്വാസം ആഴത്തിൽ വേരോടിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ ക്രിസ്തു ഇനിയും പ്രഘോഷിക്കപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളിലും കുടിയേറിപ്പാർക്കുന്നു. ഈ രണ്ട് സാഹചര്യങ്ങളും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനുള്ള പുതിയ സാധ്യതകൾ ലഭ്യമാക്കുന്നു. ക്രൈസ്തവ വിശ്വാസികളായ കുടിയേറ്റക്കാർ അവരുടെ വിശ്വാസം വർദ്ധിക്കാൻ സഹായമായ അജപാലന ശുശ്രൂഷ സ്വീകരിക്കുകയും സുവിശേഷത്തിന്റെ യഥാർത്ഥ സന്ദേശവാഹകരായി മാറുകയും വേണം. അങ്ങനെ അവർ കുടിയേറിപ്പാർക്കുന്ന ദേശത്ത് വാക്കുകളിലൂടെയും പ്രവർത്തികളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കണം.

'യേശു ഏകരക്ഷകനാണ്' എന്ന സത്യം തിരിച്ചറിഞ്ഞിട്ടില്ലാത്ത കുടിയേറ്റക്കാരെ സ്വീകരിക്കുന്ന ക്രൈസ്തവപാരമ്പര്യമുള്ള രാജ്യങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപോലും നിഷ്കളങ്കരുമായിരിക്കണം. കുടിയേറ്റക്കാരായ നമ്മുടെ സഹോദരി സഹോദരന്മാർക്കു സ്നേഹപൂർവ്വമായ സ്വാഗതവും ശ്രദ്ധയും പരിഗണനയും ലഭിക്കുന്നുണ്ടെന്ന് കഴിയുന്നത്ര ഉറപ്പുവരുത്തുകയും ക്രിസ്തുവിന്റെ കരുണാർദ്രമായ സ്നേഹം വാക്കുകളിലൂടെ പ്രവർത്തികളിലൂടെയും പകർന്നു നൽകുകയും വേണം. അതേസമയം കുടിയേറ്റക്കാരുടെ തെറ്റായ ദൈവിക സങ്കല്പങ്ങളും തീവ്രവാദവും ഈ രാജ്യത്ത് പ്രചരിപ്പിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണം.

വിചിന്തനം
വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന വിശ്വാസികളിൽ ചിലർ സ്വന്തം ജോലി ഉപേക്ഷിച്ചുപോലും ക്രിസ്‌തുവിനെ പ്രഘോഷിക്കുന്നുണ്ട്. വലിയൊരു വിഭാഗം ആളുകൾ സ്വന്തം ജോലിത്തിരക്കുകൾക്കിടയിലും സുവിശേഷം പ്രഘോഷിച്ചുകൊണ്ടും സഭാത്മകജീവിതം നയിച്ചുകൊണ്ടും തങ്ങളുടെ സുവിശേഷവേല നിർവഹിക്കുന്നു. എന്നാൽ കുടിയേറ്റത്തെ വെറും ധനസമ്പാദനത്തിനുള്ള മാർഗമായി തെറ്റിദ്ധരിച്ചിരിക്കുന്ന വിശ്വാസികളുടെ എണ്ണവും ഇന്ന് വർദ്ധിച്ചുവരുന്നു. ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുന്ന ചില വിശ്വാസികൾ ദൈവത്തിന്റെ കാരുണ്യംകൊണ്ട് വിദേശരാജ്യങ്ങളിൽ എത്തുകയും സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ചു കഴിയുമ്പോൾ ക്രൈസ്തവവിശ്വാസത്തിനും സഭയ്ക്കും എതിരെ തിരിയുന്ന കാഴ്ചയും ഇന്ന് സര്‍വ്വസാധാരണമാണ്. ഇവര്‍ ദൈവം തങ്ങളെ ഭരമേൽപിച്ചിരിക്കുന്ന ഉത്തരവാദിത്വം മറന്നുകൊണ്ട് ധനസമ്പാദനത്തിനും ആഘോഷങ്ങൾക്കും മാത്രമായി ജീവിതത്തെ മാറ്റിവയ്ക്കുന്നു. ഓരോ ക്രൈസ്തവ വിശ്വാസിയും സ്വന്തം ആത്മാവിന്റെ രക്ഷയുടെയും അവരിലൂടെ ക്രിസ്തുവിനെ അറിയുവാനും രക്ഷപ്രാപിക്കാനും ദൈവം പദ്ധതിയിട്ടിരിന്ന മറ്റു മനുഷ്യരുടെയും ആത്മാക്കളുടെയും രക്ഷയുടെയും കണക്ക് ബോധിപ്പിക്കാൻ ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കേണ്ടി വരും എന്ന സത്യം നമുക്ക് മറക്കാതിരിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »