Meditation. - August 2024
കന്യകാമറിയം പ്രാർത്ഥിക്കുന്നു... യേശു പ്രാര്‍ത്ഥന കേള്‍ക്കുന്നു
സ്വന്തം ലേഖകന്‍ 30-08-2022 - Tuesday
"മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു" (ലൂക്കാ 1:46-47)
യേശു ഏകരക്ഷകൻ: ആഗസ്റ്റ് 30
യേശുവിനോടുള്ള പ്രാര്‍ത്ഥനയ്ക്ക് പരസ്യ ശുശ്രൂഷയുടെ കാലത്തുതന്നെ അവിടുന്ന് തന്‍റെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ശക്തിയെ മുന്‍കൂട്ടി സൂചിപ്പിക്കുന്ന അടയാളങ്ങളിലൂടെ മറുപടി നല്‍കി. യേശുവിന്റെ അടുത്തുവന്ന് മനുഷ്യർ അവിടുത്തോട് വാക്കുകളിലൂടെയും നിശ്ശബ്ദതയിലൂടെയും പ്രാർത്ഥിക്കുന്നു. തളര്‍വാതക്കാരനെ ചുമന്നവരും, യേശുവിന്‍റെ വസ്ത്രാഞ്ചലത്തില്‍ സ്പര്‍ശിച്ച രക്തസ്രാവക്കാരിയും, കണ്ണീരും സുഗന്ധദ്രവ്യവുമായി വന്ന പാപിനിയായ സ്ത്രീയും നിശബ്ദതയിൽ പ്രാർത്ഥിക്കുന്നു. കുഷ്ഠരോഗിയും, കാനാന്‍കാരി സ്ത്രീയും, നല്ല കള്ളനും വാക്കുകളിലൂടെ പ്രാർത്ഥിക്കുന്നു. ഇപ്രകാരം രണ്ടുവിധത്തിലുള്ള പ്രാർത്ഥനയും യേശു ശ്രവിക്കുന്നു.
"ദാവീദിന്‍റെ പുത്രാ, ഞങ്ങളുടെമേല്‍ കനിയണമേ" എന്നുള്ള അന്ധരുടെ തീക്ഷ്ണമായ നിലവിളി "ഈശോജപം" എന്ന പേരില്‍ അറിയപ്പെടുന്ന പരമ്പരാഗത പ്രാര്‍ത്ഥനയില്‍ ആവര്‍ത്തിക്കപ്പെടുന്നു: "കര്‍ത്താവായ യേശുവേ, ദൈവപുത്രാ, പാപിയായ എന്‍റെമേല്‍ കനിയണമേ". രോഗങ്ങള്‍ സുഖപ്പെത്തുകയോ പാപങ്ങള്‍ മോചിക്കുകയോ ചെയ്തുകൊണ്ട് യേശു വിശ്വാസപ്രേരിതമായ പ്രാര്‍ത്ഥന കേള്‍ക്കുന്നു. പ്രാർത്ഥന ശ്രവിക്കുന്ന അവിടുന്ന് അതിനുള്ള മറുപടി നൽകുന്നു: "നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തില്‍ പോവുക".
ഇപ്രകാരം പലവിധത്തിൽ പ്രാർത്ഥിക്കുന്ന മനുഷ്യരോടൊപ്പം സവിശേഷമാം വിധം പ്രാർത്ഥിക്കുന്ന മറിയത്തെ നാം സുവിശേഷത്തിൽ കണ്ടുമുട്ടുന്നു. ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിനു മുന്‍പ് മംഗലവാര്‍ത്തയില്‍ ക്രിസ്തുവിനെ ഗര്‍ഭം ധരിക്കുന്നതിനും, പരിശുദ്ധാത്മാവിന്‍റെ വര്‍ഷിക്കലിനു മുന്‍പ് പന്തക്കുസ്താദിനം അവിടുത്തെ ശരീരമായ സഭയെ രൂപപ്പെടുത്തുന്നതിനും വേണ്ടി പിതാവിന്‍റെ ദയാപദ്ധതിയോട് മറിയത്തിന്‍റെ പ്രാര്‍ത്ഥന അതുല്യമാംവിധം സഹകരിച്ചു. സര്‍വശക്തന്‍ 'കൃപാവരപൂര്‍ണ്ണ' യാക്കിത്തീര്‍ന്ന അവള്‍ തന്‍റെ സമ്പൂര്‍ണ്ണ അസ്ഥിത്വവും ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് മറുപടി പറയുന്നു: "ഇതാ കര്‍ത്താവിന്‍റെ ദാസി, അവിടുത്തെ വാക്കനുസരിച്ച് എന്നില്‍ ഭവിക്കട്ടെ". അങ്ങനെ ക്രൈസ്തവ പ്രാർത്ഥനയുടെ മഹത്തായ മാതൃക മറിയം ലോകത്തിനു നൽകുന്നു. "ദൈവത്തിന്റെ ഹിതം ഭവിക്കട്ടെ" എന്നതാണു ക്രിസ്തീയ പ്രാര്‍ത്ഥന.
മറിയത്തിന്‍റെ സ്തോത്രഗീതം ലത്തീന്‍ പാരമ്പര്യത്തില്‍ "മാഗ്നിഫിക്കാത്ത്" എന്ന പേരിലും ബൈസന്‍റയിന്‍ പാരമ്പര്യത്തില്‍ "മെഗലീനാരിയോണ്‍" എന്നപേരിലും ദൈവമാതാവിന്‍റെയും സഭയുടെയും ഗീതമായിത്തീര്‍ന്നിരിക്കുന്നു. ഇത് സീയോന്‍ പുത്രിയുടെയും പുതിയ ദൈവജനത്തിന്‍റെയും ഗീതവും, രക്ഷാകര പദ്ധതിയില്‍ ചൊരിയപ്പെടുന്ന കൃപാവരങ്ങളുടെ പൂര്‍ണ്ണിമയ്ക്കായുള്ള കൃതജ്ഞതാ പ്രകടനഗീതവും, നമ്മുടെ പൂര്‍വ്വികര്‍ക്ക്, "അബ്രാഹത്തിനും അവന്‍റെ സന്തതികള്‍ക്കുമായി എന്നേക്കും", നല്‍കപ്പെട്ടിട്ടുള്ള വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണത്താല്‍ കൈവരുന്ന പ്രത്യാശ എക്കാലവും പുലര്‍ത്തുന്ന "ദരിദ്രരുടെ" ഗീതവുമാണ്.
വിചിന്തനം
മറിയം എങ്ങനെ വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മാദ്ധ്യസ്ഥം വഹിക്കുന്നുവെന്നും സുവിശേഷം നമുക്കു വെളിപ്പെടുത്തിത്തരുന്നു. കാനായില്‍വച്ച് യേശുവിന്‍റെ അമ്മ ഒരു വിവാഹസദ്യയുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ പുത്രനോടഭ്യര്‍ത്ഥിക്കുന്നു. ഇത് വേറൊരു വിരുന്നിന്‍റെ അടയാളമാണ്. തന്‍റെ മണവാട്ടിയായ സഭയുടെ അഭ്യര്‍ത്ഥന പ്രകാരം സ്വന്തം ശരീര രക്തങ്ങള്‍ ദാനം ചെയ്യുന്ന കുഞ്ഞാടിന്‍റെ വിവാഹസദ്യയുടെ അടയാളം. കുരിശിന്‍ ചുവട്ടില്‍, പുതിയ ഉടമ്പടിയുടെ മണിക്കൂറിലാണ് സ്ത്രീയായും പുതിയ ഹവ്വയായും "ജീവനുള്ളവരുടെ" യഥാര്‍ത്ഥ "അമ്മ"യായും മറിയം ശ്രവിക്കപ്പെടുന്നത്. അതിനാൽ മറിയത്തിന്റെ മാദ്ധ്യസ്ഥത്തിനു സ്വർഗ്ഗത്തിലും ഭൂമിയിലും സവിശേഷമായ സ്ഥാനമുണ്ട്.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.