News - 2024
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയാല്‍ വന്‍പ്രതിഫലം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വേള്‍ഡ് വാച്ച് മോണിറ്റര്‍
സ്വന്തം ലേഖകന്‍ 02-10-2017 - Monday
കെയ്റോ: ഈജിപ്ഷ്യന്‍ പോലീസിന്റെ സഹായത്തോടെ മുസ്ലീം തീവ്രവാദികള്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പെണ്‍കുട്ടി തട്ടിക്കൊണ്ട് പോകുന്നതായുള്ള വെളിപ്പെടുത്തലുമായി ‘വേള്‍ഡ് വാച്ച് മോണിറ്ററി'ന്റെ റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത ‘G’ എന്നയാളെ ഉദ്ധരിച്ചുകൊണ്ടാണ് വേള്‍ഡ് വാച്ച് മോണിറ്റര്‍ പ്രസ്തുത റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുള്ളത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് വന്‍ തോതിലുള്ള പ്രതിഫലവും ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സലഫി’ പോലെയുള്ള തീവ്ര ഇസ്ളാമിക സംഘടനകളാണ് തട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് വന്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്.
ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തലുകളെ പുറംലോകത്തെ അറിയിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ‘വേള്‍ഡ് വാച്ച് മോണിറ്റര്‍.’ സംഘടനയോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയ ‘G’ എന്ന അപരനാമത്തിലുള്ള വ്യക്തി നേരത്തെ ഇത്തരം തട്ടിക്കൊണ്ട് പോകലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആളാണ്. തട്ടിക്കൊണ്ട് പോയാല്‍ ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു പങ്ക് പോലീസിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പെണ്‍കുട്ടികളെ മയക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നും തട്ടിക്കൊണ്ട് പോകലിനെപ്പറ്റി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കൊടുക്കുന്ന പരാതികള്‍ പൂഴ്ത്തിവെച്ചുമാണ് പോലീസ് ഇതിന് വേണ്ട സഹായം ചെയ്യുന്നത്.
കോപ്റ്റിക് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ വളരെ വിരളമായെ പിടിക്കപ്പെടുന്നുള്ളു. തട്ടിക്കൊണ്ട് പോകലിനെക്കുറിച്ച് പോലീസ് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതാണ് ഇതിന്റെ കാരണമായി അദ്ദേഹം വെളിപ്പെടുത്തിയത്. ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന കാര്യം ക്രൈസ്തവ സംഘടനകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതിനെ ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഈജിപ്ഷ്യന്‍ പോലീസ് തീവ്രവാദികളെ ഭയപ്പെടുന്നതായി 2014-ല്‍ വേള്‍ഡ് വാച്ച് മോണിറ്ററിന് നല്‍കിയ അഭിമുഖത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഇബ്രാഹിം ലൂയീസും വെളിപ്പെടുത്തിയിരുന്നു.
തട്ടിക്കൊണ്ട് പോകപ്പെട്ട പെണ്‍കുട്ടികള്‍ ഇസ്ളാമിക തീവ്രവാദികളെ വിവാഹം ചെയ്യുന്നതിന് നിര്‍ബന്ധിതരാക്കുകയാണ് പതിവ്. രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നവരെ കൊല്ലുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ കോപ്റ്റിക്ക് സഭക്കും പുരോഹിതര്‍ക്കും അറിവുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള മൃദുസമീപനം സഭയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രദേശത്തു നിന്നും ഓരോവര്‍ഷവും ഏതാണ്ട് 15 ഓളം പെണ്‍കുട്ടികള്‍ കാണാതാവുന്നുണ്ടെന്ന് ഒരു കോപ്റ്റിക് വൈദികന്‍ വെളിപ്പെടുത്തിയതായും വേള്‍ഡ് വാച്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്.