News
"ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം": വിജയത്തിനു ശേഷം റേസിങ്ങ് താരം ജോണി സോട്ടർ
സ്വന്തം ലേഖകന്‍ 18-11-2017 - Saturday
ടെക്സാസ്: ടെക്സാസിലെ മോട്ടര്‍ സ്പീഡ്വേയില്‍ നടന്ന മത്സരത്തിലെ വിജയത്തിനു ശേഷം ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി കാർ റേസിങ്ങ് താരം ജോണി സോട്ടർ. നവംബര്‍ മൂന്നിന് നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മരിച്ചവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം ആഹ്വാനം നടത്തിയത്.
യേശുവിനും പരിശുദ്ധ അമ്മയ്ക്കും നന്ദി അര്‍പ്പിക്കുന്നതായും ഇന്നു ആദ്യവെള്ളിയാഴ്ചയായതിനാല്‍ ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കാം എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിന് മുന്നെയും പൊതു വേദിയിൽ തന്റെ കത്തോലിക്ക വിശ്വാസം അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട്. 2016-ല്‍ നടന്ന മത്സര വിജയത്തിന് ശേഷം നടന്ന അഭിമുഖത്തിലും അദ്ദേഹം തിരുഹൃദയത്തോടും പരിശുദ്ധ അമ്മയോടും ഉള്ള ഭക്തി പ്രകടിപ്പിച്ചിരുന്നു.
ദൈവഹിതമനുസരിച്ചിട്ടാണ് ദൗത്യം ഏറ്റെടുക്കുന്നതെന്നും അത് പൂർത്തിയാകാനുള്ള കൃപയും അവിടുന്ന് നല്കുമെന്ന വാചകമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാഠിന്യമേറിയ ജോലിയാണെങ്കിലും ദൈവത്തിൽ ആശ്രയിച്ചാൽ എല്ലാം ചെയ്യാൻ സാധിക്കുമെന്നും സോട്ടർ വ്യക്തമാക്കി. അനുദിനം ദൈവപരിപാലനയിൽ ആശ്രയിക്കുന്ന സംഘടനയാണ് നാസ്കാറെന്നും അദ്ദേഹം പറഞ്ഞു.