News - 2025

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ നല്‍കിയ അടയാളങ്ങളുടെ ശേഖരവുമായി റോമില്‍ പ്രത്യേക മ്യൂസിയം

സ്വന്തം ലേഖകന്‍ 04-11-2016 - Friday

റോം: ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ പലപ്പോഴായി തങ്ങളുടെ പ്രിയപ്പെട്ടവരോട് പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടതിന്റെ തെളിവുകളുടെ വന്‍ ശേഖരങ്ങളുള്ള റോമിലെ പ്രത്യേക മ്യൂസിയം വീണ്ടും ലോക ശ്രദ്ധയെ ആകർഷിക്കുന്നു. പ്രാറ്റിയിലെ ഈശോയുടെ തിരുഹൃദയ ദേവാലയത്തിനു സമീപത്തായാണ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മ്യൂസിയം ക്രമീകരിച്ചിരിക്കുന്നത്.

ശുദ്ധീകരണ സ്ഥലത്തു നിന്നും മോചനം നേടുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിക്കുവാനാണ് മരിച്ചുപോയവരുടെ ആത്മാക്കള്‍ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദർശനങ്ങൾ നൽകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ചില അടയാളങ്ങളും നല്‍കും. ഇവയാണ് മ്യൂസിയത്തില്‍ ശേഖരിച്ചുവച്ചിരിക്കുന്നത്. 1894-ല്‍ ഇറ്റലില്‍ മരണമടഞ്ഞ മേരി എന്ന കന്യാസ്ത്രീ സേക്രട്ട് ഹേര്‍ട്ട്‌സ് മഠത്തിലെ സിസ്റ്റര്‍ മാര്‍ഗരീറ്റ എന്ന കന്യാസ്ത്രീയോട്, ശുദ്ധീകരണ സ്ഥലത്തുനിന്നുള്ള തന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഒരു രാത്രിയില്‍ അഭ്യര്‍ത്ഥിച്ചു. മരിച്ചു പോയ സിസ്റ്റര്‍ മേരി ഉപയോഗിച്ച തലയണയുടെ കവര്‍ മുറിയില്‍ ഉപേക്ഷിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. ദൈവത്തിന്റെ കല്‍പനകള്‍ അനുസരിക്കുന്നതിൽ താന്‍ കാണിച്ച അസഹിഷ്ണത മൂലമാണ് താന്‍ ശുദ്ധീകരണ സ്ഥലത്ത് വേദന അനുഭവിക്കുന്നതെന്നും മാര്‍ഗരീറ്റയോട് സിസ്റ്റര്‍ മേരി വെളിപ്പെടുത്തി.

മറ്റൊരു തെളിവാണ് 1871 മാര്‍ച്ച് അഞ്ചാം തീയതി മരിയ സാംഗ്റ്റിയുടെ പ്രാര്‍ത്ഥനാ പുസ്തകത്തില്‍ മരിച്ചു പോയ അവരുടെ സുഹൃത്തിന്റെ വിരളുകള്‍ പതിഞ്ഞത്. ഈ പ്രാര്‍ത്ഥനാ പുസ്തകവും മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. മരിയയുടെ സുഹൃത്തായ പാല്‍മിറാ റാസ്റ്റലീയുടെ വിരളുകളാണ് പ്രാര്‍ത്ഥനാ പുസ്തകത്തില്‍ പതിഞ്ഞിരിക്കുന്നത്. വൈദകനായ തന്റെ സഹോദരന്‍ സാന്റി റാസ്റ്റലയോട് തനിക്കായി പ്രത്യേകം വിശുദ്ധ ബലി അര്‍പ്പിക്കുവാന്‍ പറയണമെന്നാണ് മരിച്ചു പോയ പാല്‍മിറ റാസ്റ്റലീന്‍ ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള നിരവധി തെളിവുകളാണ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.

1996-ൽ ഫ്രഞ്ച് വൈദികനായ വിക്ടര്‍ ജവൂട്ട് ആണ് ഇത്തരത്തിലുള്ള തെളിവുകൾ ശേഖരിച്ചത്. സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷനിലെ ഒരു മിഷനറി വൈദികനായിരുന്നു ജവൂട്ട്. യൂറോപ്പില്‍ ഉടനീളം സഞ്ചരിച്ച ശേഷമാണ് അദ്ദേഹം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ അടയാളങ്ങളായി നല്‍കിയിട്ടു പോയ ഇത്തരം തെളിവുകളെ ശേഖരിച്ചത്. അന്ന് താന്‍ ശേഖരിച്ച വസ്തുക്കൾ എല്ലാം ഒരു ചാപ്പലില്‍ ആണ് ഫാദര്‍ വിക്ടര്‍ ജവൂട്ട് സൂക്ഷിച്ചുവച്ചിരുന്നത്.

1897-ല്‍ ചാപ്പലില്‍ ഒരു ദിവസം തീപിടിത്തമുണ്ടായി. ഈ സമയം ചാപ്പലിലേക്ക് ഓടിയെത്തിയ ഫാദര്‍ ജവൂട്ട് അള്‍ത്താരയുടെ പിന്നിലായി ദുഃഖത്തോടെ നില്‍ക്കുന്ന ഒരു മനുഷ്യന്റെ മുഖം ദര്‍ശിച്ചു. ശുദ്ധീകരണസ്ഥലത്ത് വേദന അനുഭവിക്കുന്ന ആരുടെയോ മുഖമാകാം അതെന്ന് ഫാദര്‍ ജവൂട്ട് വിശ്വസിച്ചു. ഈ സംഭവത്തിന് ശേഷമാണ് താന്‍ ശേഖരിച്ച വസ്തുക്കളെ കൂട്ടിവച്ച് ഒരു മ്യൂസിയം ആരംഭിക്കുവാന്‍ ഫാദര്‍ വിക്ടര്‍ ജവൂട്ട് തീരുമാനിച്ചത്. അള്‍ത്താരയില്‍ ഫാദര്‍ ജവൂട്ട് കണ്ട മനുഷ്യന്റെ മുഖം പുതിയ മ്യൂസിയത്തില്‍ ഇപ്പോഴും കാണുവാന്‍ സാധിക്കും.

ശുദ്ധീകരണ സ്ഥലം എന്നത് സത്യമാണെന്നു തെളിയിക്കുന്ന നിരവധി പ്രകടമായ തെളിവുകളാണ് ഈ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ കത്തോലിക്ക സഭ ഇപ്രകാരം പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു: "പ്രവര്‍ത്തികള്‍ മൂലമോ ഉപേക്ഷമൂലമോ ചെയ്തു പോയ പാപങ്ങളെ കുറിച്ചും യഥാര്‍ത്ഥമായി മനസ്തപിച്ചെങ്കിലും, അര്‍ഹമായ പരിഹാര പ്രവര്‍ത്തികള്‍ ചെയ്യാതെ ഉപവിയില്‍ മരണമടയുന്നവരുടെ ആത്മാക്കള്‍ മരണശേഷം ശുദ്ധീകരണസ്ഥലത്തെ ശുദ്ധീകരിക്കുന്ന ശിക്ഷകളാല്‍ പരിശുദ്ധമാക്കപ്പെടണം. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ മാദ്ധ്യസ്ഥാഭ്യര്‍ത്ഥനകള്‍, ദിവ്യബലി, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മം തുടങ്ങിയവയും സഭയുടെ നിര്‍ദേശങ്ങളുമനുസരിച്ച് വിശ്വാസികള്‍ ചെയ്തു വരാറുള്ള മറ്റ് ഭക്തകൃത്യങ്ങളും ശുദ്ധീകരണാത്മാക്കളുടെ ശിക്ഷകളില്‍ ഇളവ് വരുത്തുന്നതിന് ഉപകരിക്കും".


Related Articles »