Youth Zone - 2024
പ്രാര്‍ത്ഥനയാലും വിശ്വാസസാക്ഷ്യത്താലും നിറഞ്ഞ് തെക്കന്‍ കൊറിയയിലെ പ്രഥമ യുവജന സംഗമം
സ്വന്തം ലേഖകന്‍ 25-11-2017 - Saturday
സിയോള്‍: പ്രാര്‍ത്ഥനയാലും സ്തുതിഗീതങ്ങളാലും വിശ്വാസസാക്ഷ്യത്താലും നിറഞ്ഞ് തെക്കന്‍ കൊറിയയിലെ തെക്ക്-കിഴക്കന്‍ ഭാഗത്തുള്ള ഡേയിഗു അതിരൂപതയുടെ ആദ്യത്തെ യുവജന പ്രേഷിത കൂട്ടായ്മ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നവംബര്‍ 18-19 തീയതികളിലായി ഡേഗുവിലെ അതിരൂപതാ കാര്യാലയത്തില്‍ വെച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. 89 ഇടവകകളില്‍ നിന്നുമായി മതബോധന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏതാണ്ട് 1200-ലധികം യുവജനങ്ങള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു യേശു നാമം മഹത്വപ്പെടുത്തി. വിശുദ്ധ കുര്‍ബാന, ആരാധന, മറ്റ് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ എന്നിവ കൂടാതെ നാടകങ്ങളും തെരുവ് പ്രദര്‍ശനങ്ങളും പ്രേഷിത കൂട്ടായ്മയുടെ ഭാഗമായി ഉണ്ടായിരുന്നു.
കത്തോലിക് ടൈംസ് എന്ന ആഴ്ചപതിപ്പിന്റെ 90-മത്തെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കത്തോലിക് ടൈംസിനുവേണ്ടി ചിട്ടപ്പെടുത്തിയ ‘അപ്പോസ്റ്റല്‍ പീറ്റര്‍’ എന്ന സംഗീതശില്‍പ്പത്തിന്റെ പ്രദര്‍ശനം പ്രേഷിത കൂട്ടായ്മയുടെ പ്രത്യേകതയായിരുന്നു. കൂട്ടായ്മയുടെ സമാപനദിവസമായ 19-ന് അര്‍പ്പിച്ച ദിവ്യബലിയ്ക്ക് ഡേയിഗു അതിരൂപതയുടെ സഹായക മെത്രാനായ ജോണ്‍ ബോസ്കോ ചാങ്ങ് ഷിന്‍ ഹോ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ക്രിസ്തുവിന്റെ യുവപ്രേഷിതരെന്ന നിലയില്‍ ഇന്നത്തെ യുവാക്കള്‍ തങ്ങളുടെ കഴിവുകള്‍ പങ്കുവെക്കുകയും, പരസ്പരം സഹായിക്കുകയും അങ്ങനെ ദൈവവിളി അനുസരിക്കുകയും ചെയ്യണമെന്ന് ബിഷപ്പ് ചാങ്ങ് തനിക്ക് മുന്നില്‍ തടിച്ചുകൂടിയ യുവജനങ്ങളോട് പറഞ്ഞു. വിശുദ്ധ കുര്‍ബാനക്ക് ശേഷം യുവജന പ്രേഷിത ദൗത്യങ്ങള്‍ക്കായി നീണ്ടകാലത്തെ സേവനങ്ങള്‍ നല്‍കിയ 229 മതബോധന അദ്ധ്യാപകരെ മെത്രാന്‍ ആദരിച്ചു. യൂത്ത് മിനിസ്ട്രിയുടെ ഡയറക്ടറായ ഫാദര്‍ ഫ്രാന്‍സിസ് ഹ്വാങ്ങ് സിയോങ്ങ്-ജേ കൂട്ടായ്മയില്‍ പങ്കെടുത്തവരെ അഭിസംബോധനചെയ്ത് സംസാരിക്കുകയുണ്ടായി.
ഇതുപോലെ മറ്റൊരു കൂട്ടായ്മ കൂടി സംഘടിപ്പിക്കുന്നതിനായി യൂത്ത് മിനിസ്ട്രിയുടെ ഭാരവാഹികള്‍ ശ്രമിച്ചുവരികയാണെന്നും, തങ്ങളും പ്രേഷിതരാണെന്ന കാര്യം മനസ്സിലാക്കി കൊണ്ട് യൂത്ത് മിനിസ്ട്രിയെ നയിക്കുവാന്‍ വേണ്ട സഹായങ്ങള്‍ അതിരൂപത ചെയ്യുമെന്നും ഫാദര്‍ ഫ്രാന്‍സിസ് പറഞ്ഞു. സംഗമത്തിനിടെ ആര്‍ച്ച് ബിഷപ്പ് തദേവൂസ് ചോ ഹ്വാന്‍-കില്ല് അതിരൂപതയുടെ ‘യുവജന വര്‍ഷ’ പ്രഖ്യാപനവും നടത്തുകയുണ്ടായി.