News - 2025

നാം ദൈവീകപദ്ധതിയുടെ പങ്കാളികള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ പുതിയ ഇടയലേഖനം

26-11-2017 - Sunday

ദൈവപരിപാലനയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതയിലെ വൈദികര്‍ക്കും സന്യാസിനീസന്യാസികള്‍ക്കും വിശ്വാസികള്‍ ഏവര്‍ക്കും എഴുതുന്നത്.

‍നാം ദൈവിക പദ്ധതിയുടെ പങ്കാളികള്‍

"നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി" (ജറ 29:11). ബാബിലോണ്‍ വിപ്രവാസകാലത്തു ഇസ്രായേല്‍ തങ്ങളുടെ ജീവിതാവസ്ഥയെക്കുറിച്ചു പരിതപിച്ചപ്പോള്‍ ജറമിയ പ്രവാചകനിലൂടെ ദൈവം നല്‍കിയ ഈ തിരുവചനം ജീവിതവഴിയില്‍ എത്രയോ തവണ നമുക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്നിട്ടുണ്ട്! ദൈവത്തിനു നമ്മെക്കുറിച്ചുള്ള പദ്ധതിയില്‍ വിശ്വസിക്കുകയും അത് നിറവേറാന്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ചു നമുക്ക് വ്യക്തത ഉണ്ടാവുകയും മുമ്പോട്ടു പോകുവാന്‍ നമുക്ക് ശക്തി ലഭിക്കുകയും ചെയ്യും.

നമ്മുടെ രൂപതയുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള അജപാലന പദ്ധതിയെക്കുറിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം വിചിന്തനം ചെയ്യാന്‍ മിഡ് വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ വൈദികരും സമര്‍പ്പിതരും അല്‍മായ പ്രതിനിധികളും ഒരുമിച്ചു ചേര്‍ന്നത് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. ഈ എപ്പാര്‍ക്കിയല്‍ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണ് സജീവ ശിലകള്‍ (Living Stones) എന്ന് പേരിട്ടിരിക്കുന്ന അജപാലന പദ്ധതി പരിചയപ്പെടുത്തിക്കൊണ്ടുള്ള ഈ ഇടയലേഖനം ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ഒരു വ്യക്തി സഭയുടെ സ്വഭാവ സവിശേഷത നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ് ആരാധനക്രമം, ആദ്ധ്യാത്മികത, ദൈവശാസ്ത്രം, ശിക്ഷണക്രമം എന്നിവ. ഇവയെക്കുറിച്ചുള്ള പഠനവും, സഭാ ജീവിതത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും എപ്പാര്‍ക്കിയല്‍ സമ്മേളനത്തെ സജീവമാക്കി. നമ്മുടെ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വലിയ സാഹോദര്യത്തോടും വിശ്വാസതീക്ഷ്ണതയോടും കൂടെ പഠനത്തിലും പ്രാര്‍ത്ഥനയിലും പങ്കു ചേര്‍ന്നു. ഈ ദിവസങ്ങളില്‍ നമ്മുടെ രൂപതാകുടുംബത്തിന്‍റെ ഭാവിയെക്കുറിച്ചു ആത്മാര്‍ത്ഥതയോടും തീക്ഷ്ണതയോടും കൂടി പര്യാലോചിച്ചതു എല്ലാവര്‍ക്കും അതീവ ഹൃദ്യമായ അനുഭവമായി.

രക്ഷാകര ചരിത്രത്തിലേക്ക് നാം കണ്ണോടിച്ചാല്‍ ഘട്ടം ഘട്ടമായിട്ടാണ് ദൈവിക പദ്ധതി നിറവേറുന്നതെന്നു നമുക്ക് കാണാനാവും. പ്രപഞ്ച സൃഷ്ടിയുടെ മഹാത്ഭുതങ്ങളിലൂടെ, അബ്രാഹത്തിന്‍റെ വിളിയിലൂടെ, മോശയുടെ തെരഞ്ഞെടുപ്പിലൂടെ, പുറപ്പാടനുഭവത്തിലൂടെ, പ്രവാചകന്മാരിലൂടെ, കാലത്തിന്‍റെ തികവില്‍ നസ്രത്തിലെ പരിശുദ്ധ കന്യകാ മറിയത്തിലൂടെ മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ഈശോ മിശിഹായുടെ പെസഹാ രഹസ്യങ്ങളിലൂടെ, അവിടുത്തെ ശരീരമായ തിരുസഭയുടെ യുഗാന്ത്യം വരെയുള്ള സാക്ഷ്യത്തിലൂടെയെല്ലാം അനുസ്യൂതം വെളിവാകുന്ന രക്ഷാകര പദ്ധതിയില്‍ പങ്കാളികളാകുവാനാണ് ദൈവം നമ്മെ ക്ഷണിക്കുന്നത്.

നാം ദൈവീക പദ്ധതിയുടെ സാക്ഷികള്‍ മാത്രമല്ല, പങ്കാളികള്‍ കൂടിയാണ്. ഈ സത്യം ജീവിതത്തെ ദൈവീകമായ ഉത്തരവാദിത്വം നിറഞ്ഞതായിക്കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവീക സ്വരത്തോട് ആമേന്‍ പറഞ്ഞ അമലോത്ഭവ മറിയത്തെപ്പോലെ ദൈവിക പദ്ധതിക്ക് സമ്മതം കൊടുക്കുവാന്‍ നമുക്കും കഴിയണം. അതിനെതിരായ പ്രലോഭനങ്ങളെ ഈശോ അതിജീവിച്ചതുപോലെ നമുക്കും അതിജീവിക്കാന്‍ കഴിയട്ടെ.

നമുക്ക് പരിചിതമായ ഒരു കുടുംബമാതൃകയില്‍ (Family Model) സംവിധാനം ചെയ്തിരിക്കുന്ന പഞ്ചവത്സര അജപാലന പദ്ധതിയുടെ ആദ്യവര്‍ഷം നാം ഊന്നല്‍ കൊടുക്കുന്നത് കുട്ടികളുടെ വിശ്വാസ പരിശീലനത്തിനാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം യുവജനങ്ങള്‍, ദമ്പതികള്‍, കുടുംബകൂട്ടായ്മകള്‍, ഇടവകകള്‍ എന്നിവയ്ക്കായിരിക്കും നാം ഊന്നല്‍ കൊടുക്കുക. വിവിധ കമ്മീഷനുകളുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷത്തിലും പൂര്‍ത്തിയാകേണ്ട കര്‍മ്മപരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിശദമായ മാര്‍ഗരേഖ ഉടനെ തന്നെ ലഭ്യമാക്കുന്നതാണ്. ഈ അജപാലന പദ്ധതിയുടെ പൂര്‍ത്തീകരണവും ഫലപ്രാപ്തിയും നമ്മുടെ ബുദ്ധിവൈഭവത്തേയോ കര്‍മ്മശേഷിയേയോ ആശ്രയിച്ചാണെന്നു കരുതാന്‍ പാടില്ല.

"മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കര്‍ത്താവിന്‍റേതത്രേ. (സുഭാ 16:1) എന്ന സുഭാഷിതവും, "കര്‍ത്താവ് ഭവനം പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ത്ഥം. കര്‍ത്താവ് നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ത്ഥം" (സങ്കീ 127:1) എന്ന സങ്കീര്‍ത്തകന്‍റെ ഓര്‍മ്മപ്പെടുത്തലും നമുക്ക് മാര്‍ഗ്ഗദീപമാകണം. "നീ ആരാണെന്ന് അറിയണമെങ്കില്‍ നീ എന്തു ചെയ്തുവെന്നല്ല നോക്കേണ്ടത് മറിച്ച് നിന്നെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിനുണ്ടായിരുന്ന പദ്ധതിയിലേക്കാണ് നീ നോക്കേണ്ടത്" എന്ന താപസശ്രേഷ്ഠനായ വിശുദ്ധ എവാഗ്രിയൂസിന്‍റെ പ്രബോധനം നമുക്കനുദിന ധ്യാനവിഷയമാക്കാം.

ഈ അജപാലന പദ്ധതി 2017 മംഗളവാര്‍ത്താക്കാലം മുതല്‍ 2022 പള്ളിക്കൂദാശക്കാലം വരെയുള്ള അഞ്ച് ആരാധനക്രമ വര്‍ഷങ്ങളിലൂടെയാണ് പൂര്‍ത്തിയാകുന്നത്. മനുഷ്യരക്ഷയ്ക്കായുള്ള ദൈവിക പദ്ധതിയെ നാം 'സ്മരിക്കുകയും, സ്തുതിക്കുകയും, അനുഷ്ഠിക്കുകയും' ചെയ്യുന്നത് ആരാധനവര്‍ഷത്തിലൂടെയാണല്ലോ. ദൈവത്തിന്‍റെ പദ്ധതിയുടെ വെളിച്ചത്തില്‍ നമ്മുടെ പദ്ധതികളെയും, ദൈവത്തിന്‍റെ സമയത്തില്‍ നമ്മുടെ സമയത്തെയും മനസ്സിലാക്കാന്‍ ആരാധനക്രമ വര്‍ഷാചരണങ്ങള്‍ നമ്മെ സഹായിക്കും.

സഭയുടെയും സമൂഹത്തിന്‍റെയും ഭാവി കുഞ്ഞുങ്ങളിലാണ്. അവരുടെ വിശ്വാസപരിശീലനത്തില്‍ തുടങ്ങി പ്രേഷിത സജ്ജമായ ഇടവകയിലെത്തി നില്‍ക്കുന്ന നമ്മുടെ രൂപതയുടെ ഈ അജപാലന പദ്ധതിയുടെ വിജയത്തിന് എല്ലാ വൈദികരുടെയും സമര്‍പ്പിതരുടെയും വിശ്വാസികള്‍ ഏവരുടെയും പ്രാര്‍ത്ഥനാസഹായവും ആത്മാര്‍ത്ഥമായ പരിശ്രമങ്ങളും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

മംഗളവാര്‍ത്താക്കാലത്തോടെയാണല്ലോ ആരാധനക്രമവത്സരം ആരംഭിക്കുന്നത്. ശിശുക്കളെപ്പോലെ സുവിശേഷം സ്വീകരിക്കുവാന്‍ മംഗളവാര്‍ത്താക്കാലം നമ്മെ ക്ഷണിക്കുന്നു. ദൈവം ഒരു ശിശുവായി സ്വയം താഴ്ന്നു ഭൂമിയില്‍ അവതരിച്ചപ്പോള്‍ പരിശുദ്ധ ദൈവമാതാവും യൗസേപ്പിതാവും ഏലീശ്വായും ആട്ടിടയരും ജ്ഞാനികളും ശിമയോനും അന്നായും ശിശുതുല്യമായ വിനയത്തിലും തുറവിയിലും അവിടുത്തെ സ്വീകരിച്ചു. ദിവ്യശിശുവിന്‍റെ തിരുമുഖത്തെ ധ്യാനിച്ചുകൊണ്ട് നമ്മുടെ സമൂഹത്തിന്‍റെ ഭാവിവാഗ്ദാനങ്ങളായ കുട്ടികളുടെ വിശ്വാസപരിശീലനത്തിനു പുതിയ പരിശ്രമങ്ങള്‍ നമുക്കാരംഭിക്കാം.

ഇരുപത്തഞ്ച് നോമ്പിന്‍റെ ഈ നാളുകള്‍ വലിയ ആത്മീയ ഉണര്‍വിന്‍റെ അനുഭവത്തിലേക്ക് നമ്മെ നയിക്കട്ടെയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ സഭയുടെ പാരമ്പര്യവും നമ്മുടെ കുടുംബങ്ങളുടെ അനുകരണീയമായ മാതൃകയുമനുസരിച്ച് നോമ്പിന്‍റെ ചൈതന്യം അഭംഗുരം പാലിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. ത്യാഗപ്രവൃത്തികള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടു കുഞ്ഞുങ്ങളെ തിരുപ്പിറവിയുടെ സന്തോഷത്തിലേക്കു നമുക്കൊരുക്കാം.

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ യുവജന മതബോധന ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ ഇങ്ങനെ പറഞ്ഞു. 'നിങ്ങള്‍ എന്താണ് വിശ്വസിക്കുന്നതെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. വ്യക്തതയോടും കൃത്യതയോടും കൂടി നിങ്ങള്‍ അത് അറിയണം. നിങ്ങളുടെ മാതാപിതാക്കളുടെ തലമുറയേക്കാളും ആഴത്തില്‍ നിങ്ങള്‍ വിശ്വാസത്തില്‍ വേരൂന്നണം. അതുവഴി ഈ കാലത്തിന്‍റെ വെല്ലുവിളികളെയും പ്രലോഭനങ്ങളെയും കരുത്തോടും ദൃഢനിശ്ചയത്തോടും കൂടെ അതിജീവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും.' ഇടവക സമൂഹം മുഴുവന്‍ പങ്കുചേരുന്ന ശുശ്രൂഷയാണ് വിശ്വാസപരിശീലനം. തിരുസഭയുടെ ആത്യന്തികമായ ദൗത്യവുമാണത്.

സീറോ മലബാര്‍ സഭയുടെ വിശ്വാസപരിശീലന മാര്‍ഗ്ഗരേഖയായ 'വിളിയും പ്രത്യുത്തരവും' വിശ്വാസപരിശീലനത്തിന്‍റെ മൂന്നു തലങ്ങളെക്കുറിച്ചു നമ്മെ പഠിപ്പിക്കുന്നുണ്ട്: ആഘോഷങ്ങളിലൂടെയുള്ള വിശ്വാസപരിശീലനം (Catechesis through Celebration), ആചാരങ്ങളിലൂടെയുള്ള വിശ്വാസ പരിശീലനം (Catechesis through Instruction), പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയുള്ള വിശ്വാസപരിശീലനം (Catechesis through Apprenticeship), വചനപ്രഘോഷണത്തിലൂടെയും, കൂദാശകളുടെ പരികര്‍മ്മത്തിലൂടെയും പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തിലൂടെയും വിശ്വാസം പ്രഘോഷിക്കപ്പെടുകയും പുതിയ തലമുറകളിലേക്കു പകരുകയും ചെയ്യുന്നു. ഇതിനുപുറമേ ഔപചാരികമായ വിശ്വാസാദ്ധ്യാപനത്തിലൂടെ ബോധ്യങ്ങളിലേക്കും കുഞ്ഞുങ്ങള്‍ കടന്നു വരുന്നു. ഈ വിശ്വാസബോധ്യങ്ങളും അനുഭവങ്ങളും പ്രായോഗികതയിലെത്തിക്കുവാന്‍ ഇടവകയിലെ വിവിധ ശുശ്രൂഷകളും ഭക്ത സംഘടനകളും കുഞ്ഞുങ്ങളെ സഹായിക്കുന്നു.

എപ്പാര്‍ക്കിയല്‍ സമ്മേളനത്തിലെ ചര്‍ച്ചകളുടെയും ക്രിയാത്മക നിര്‍ദ്ദേശങ്ങളുടെയും വെളിച്ചത്തില്‍ ഈ വര്‍ഷം നാം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. ‍

1. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിശ്വാസപരിശീലനത്തിന്‍റെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായി വിശ്വാസപരിശീലന സര്‍വ്വേയുടെ രണ്ടാം ഘട്ടം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക.
2. മതാധ്യാപകരുടെ പരിശീലനത്തിന്‍റെ ആദ്യ ഘട്ടം റീജണല്‍ തലത്തില്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക.
3. മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകത്തക്ക വിധത്തില്‍ വിശ്വാസപരിശീലന പാഠപുസ്തകങ്ങള്‍ നവീകരിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുക. ഇതിലേക്കായി ഭാഷാവിദഗ്ധരെയും വിദ്യാഭ്യാസവിദഗ്ധരെയും കൂടെ ഉള്‍പ്പെടുത്തിയ ഒരു ടീം രൂപീകരിക്കുക.
4. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രത്യേക സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉപപാഠപുസ്തകങ്ങള്‍ രൂപപ്പെടുത്തുക.
5. വിശ്വാസപരിശീലനത്തിന്‍റെ റീജണല്‍ കൗണ്‍സിലുകളുടെ രൂപീകരണം പൂര്‍ത്തിയാക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്യുക.

വിശ്വാസത്തിന്‍റെ അധിനാഥനും അഭയവുമായ ഈശോ മിശിഹാ എന്ന സജീവ ശിലയില്‍ ആശ്രയിച്ചുകൊണ്ട് ഇക്കാര്യങ്ങള്‍ നമുക്ക് പ്രാവര്‍ത്തികമാക്കാം. നമ്മുടെ ഇടവകകളിലും വിശുദ്ധ കുര്‍ബാന സെന്‍ററുകളിലും മംഗളവാര്‍ത്ത ഒന്നാം ഞായറായ 2017 ഡിസംബര്‍ മൂന്നാം തീയതി (അത് സാധിക്കുന്നില്ലെങ്കില്‍ ആരാധനാക്രമവത്സരത്തിലെ ആദ്യത്തെ വിശുദ്ധ കുര്‍ബാനയില്‍) തിരി തെളിച്ചു പ്രത്യേകമായ പ്രാര്‍ത്ഥനയോടെ പഞ്ചവത്സര അജപാലന പദ്ധതിയും കുട്ടികളുടെ വര്‍ഷവും ഉദ്ഘാടനം ചെയ്യേണ്ടതാണ്.

"ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു" (റോമാ 8:28) എന്ന വചനത്തില്‍ നമുക്ക് ഹൃദയം അര്‍പ്പിക്കാം. 'കര്‍ത്താവ്‌ അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ച ഭാഗ്യവതിയായ അമ്മ" (ലൂക്കാ 1:45) നമുക്ക് വഴികാട്ടിയാകട്ടെ.

നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധ റൂഹായുടെ സംസര്‍ഗ്ഗവും നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ.

മിശിഹായില്‍ സ്നേഹപൂര്‍വ്വം,
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ (ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ മെത്രാന്‍).
25/11/2017 പ്രസ്റ്റണ്‍ രൂപതാകാര്യാലയത്തില്‍ നിന്നു നല്‍കപ്പെട്ടത്.


Related Articles »