News

ആഗമനകാലത്ത് തൊഴില്‍രഹിതരായ പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാൻ മുംബൈ അതിരൂപത

സ്വന്തം ലേഖകന്‍ 07-12-2017 - Thursday

മുംബൈ: ഈ വർഷവും ആഗമനകാലത്ത് പാവങ്ങളുടെ വിശപ്പകറ്റുവാന്‍ മുംബൈ അതിരൂപത ധനസമാഹരണത്തിനൊരുങ്ങുന്നു. പതിവില്‍ നിന്നും വ്യത്യസ്ഥമായി പാവപ്പെട്ടവര്‍ക്ക് സുസ്ഥിരമായ ഒരു വരുമാനമാര്‍ഗ്ഗം കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇക്കൊല്ലത്തെ ധനസമാഹരണത്തിനു പിന്നിലുണ്ട്. ഈ ധനസമാഹരണത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുംബൈ ആർച്ച്ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഒരു കത്ത് പുറത്തിറക്കിയിട്ടുണ്ട്.

എല്ലാവർഷവും ആഗമനകാലത്ത് മുംബൈ അതിരൂപതയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്റെ നേതൃത്വത്തില്‍ വിശപ്പിനും രോഗത്തിനുമെതിരായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇക്കൊല്ലം പാവങ്ങള്‍ക്ക് സുസ്ഥിരമായ വരുമാനമാര്‍ഗ്ഗമുണ്ടാക്കുന്ന കാര്യത്തിലാണ് പ്രധാനമായും ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. തൊഴില്‍രഹിതരായ പാവപ്പെട്ടവര്‍ക്ക് അനുയോജ്യമായ കൈത്തൊഴിലുകളില്‍ പരിശീലനം നല്‍കുക, അവര്‍ നിര്‍മ്മിക്കുന്ന സാധനങ്ങള്‍ വില്‍ക്കുവാനുള്ള വിപണന കേന്ദ്രങ്ങള്‍ കണ്ടെത്തുക, അവര്‍ക്കാവശ്യമായ ലോണ്‍, ഇന്‍ഷൂറന്‍സ് തുടങ്ങിയ സഹായങ്ങള്‍ ചെയ്യുക തുടങ്ങിയവക്കാണ് അതിരൂപത പദ്ധതിയിട്ടിരിക്കുന്നത്.

നവംബര്‍ 19-ന് ലോകസമാധാന ദിനമായി ആചരിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ പ്രഖ്യാപനത്തില്‍ “നമുക്ക് സ്നേഹിക്കാം, വാക്കുകളിലൂടെയല്ല പ്രവര്‍ത്തിയിലൂടെ” എന്ന ഉദ്ധരണിയാണ് തങ്ങള്‍ക്ക് പ്രചോദനമേകിയതെന്ന് കര്‍ദ്ദിനാളിന്റെ കത്തില്‍ പറയുന്നു.

ഈ കത്തിന്റെ ഉള്ളടക്കം അതിരൂപതയിലെ മുഴുവന്‍ ദേവാലയങ്ങളിലെ നോട്ടീസ് ബോര്‍ഡുകളിലും ഇടവക/സ്ഥാപന വെബ്സൈറ്റുകളിലും ലഭ്യമാണ്. ഈ കാരുണ്യപ്രവര്‍ത്തിക്കായുള്ള സംഭാവനകള്‍ . www.csamumbai.in എന്ന സൈറ്റില്‍ ഓണ്‍ലൈനായോ അല്ലെങ്കില്‍ ‘സെന്റര്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍’ എന്ന പേരിലുള്ള ചെക്കോ ഡ്രാഫ്റ്റോ Eucharistic Congress Bldg No. III, 5 Convent Street, Mumbai 400 001. എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്. 10,000-ത്തിന് മുകളിലുള്ള സംഭാവനയുടെ കൂടെ പാന്‍ നമ്പറും അയക്കേണ്ടതാണ്. ഈ സംഭാവനകള്‍ വരുമാന നികുതി നിയമത്തിലെ 80G വകുപ്പനുസരിച്ച് നികുതിവിമുക്തമായിരിക്കും.


Related Articles »