News

സ്ത്രീകളെയും കാൽ കഴുകൽ ചടങ്ങിൽ പങ്കെടുപ്പിക്കാൻ അനുവദിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ കല്പന പുറപ്പെടുവിച്ചു

അഗസ്റ്റസ് സേവ്യർ 22-01-2016 - Friday

സ്ത്രീകളെയും കാൽ കഴുകൽ ചടങ്ങിൽ പങ്കെടുപ്പിക്കാൻ അനുവദിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ കല്പന പുറപ്പെടുവിച്ചു.

2013-ൽ തന്നെ വിശുദ്ധവാരത്തിലെ ചടങ്ങിൽ, തടവുപുള്ളികളായ സ്ത്രീകളുടെ കാലുകൾ കഴുകി, തിരുസഭയിൽ അതേ വരെ നിലനിന്നിരുന്ന ആചാരത്തിന് പിതാവ് മാറ്റം കുറിച്ചിരുന്നു. ആരാധന- കൂദാശകളുടെ പൊന്തഫിക്കൽ കൗൺസിൽ പ്രസിദ്ധീകരിച്ച, പിതാവിന്റെ കൽപ്പനയിൽ, കൗൺസിൽ മേലധികാരി കർദ്ദിനാൾ റോബർട്ട് സാറ ഒപ്പുവെച്ചിട്ടുണ്ട്.

പിതാവ് ഈ വിഷയത്തിൽ കർദ്ദിനാൾ റോബർട്ട് സാറായ്ക്ക് അയച്ച എഴുത്ത് വത്തിക്കാൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എഴുത്തിലെ പ്രസക്തഭാഗങ്ങൾ: 'വളരെ ആഴത്തിലുള്ള പരിചിന്തനങ്ങൾക്കു ശേഷം റോമൻ കത്തോലിക്കാ നിയമത്തിൽ, വിശുദ്ധവാരത്തിലെ കാൽ കഴുകലുമായി ബന്ധപ്പെട്ട്, ദൈവനാമത്തിൽ ഞാൻ ഈ കല്പന പുറപ്പെടുവിക്കുന്നു... പുരുഷന്മാരെയും കുട്ടികളെയും കാൽ കഴുകൽ ചടങ്ങിൽ പങ്കെടുപ്പിക്കാം എന്നുള്ള നിയമം ഭേദഗതി ചെയ്ത്, ദൈവജനത്തിൽ പെട്ട ആരെയും ഈ ചടങ്ങിൽ പങ്കെടുപ്പിക്കാൻ വൈദികർക്ക് അധികാരം നൽകുന്നു. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ചടങ്ങിന്റെ പ്രാധാന്യത്തെ പറ്റി മനസിലാക്കി കൊടുക്കേണ്ട കടമ വൈദികർക്കുണ്ട്."

ലോകത്തിലെ പല ഭാഗങ്ങളിലും ഇപ്പോൾ തന്നെ ഈ ചടങ്ങിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം അനുവദിച്ചിട്ടുണ്ട്.

ശിഷ്യന്മാരുടെ കാലുകൾ കഴുകി കൊണ്ട് യേശു പറഞ്ഞ സന്ദേശം ഓർമിപ്പിക്കുന്നതാണ് വിശുദ്ധവാരത്തിലെ ഈ ചടങ്ങ്: 'ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ, നിങ്ങൾ പരസ്പ്പരം സ്നേഹിക്കുവിൻ.' (യോഹന്നാൻ: 13:34)

മുമ്പ് നിലവിലുള്ള നിർദ്ദേശം, തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാരുടെ കാലുകൾ കഴുകാനുള്ളതായിരുന്നു . ഇപ്പോൾ ആ വരി തിരഞ്ഞെടുക്കപ്പെട്ട ദൈവജനം എന്നാക്കി മാറ്റിയിരിക്കുന്നു.

കൽപ്പനയിലെ മറ്റു ചില നിർദ്ദേശങ്ങൾ "ഈ ചടങ്ങിലൂടെ മെത്രാന്മാരും വൈദീകരും, യേശുവുമായി സാദാത്മ്യം പ്രാപിക്കുകയാണ് ചെയ്യുന്നത്. സഹായിക്കപ്പെടാനല്ല, സഹായിക്കാനാണ് തങ്ങൾ എത്തിയിരിക്കുന്നത് എന്ന സന്ദേശമാണ് കാൽ കഴുകൽ ചടങ്ങിലൂടെ സഭ പ്രഖ്യാപിക്കുന്നത്.

പുരുഷന്മാരും സ്ത്രീകളും, യുവജനങ്ങളും വൃദ്ധജനങ്ങളും, ആരോഗ്യമുള്ളവരും അല്ലാത്തവരും, സഭാ പ്രവർത്തകരും സാധാരണക്കാരും- ചടങ്ങിൽ പങ്കെടുക്കുന്നവർ ഇതിൽ എല്ലാം പെടുന്നവരായിരിക്കണം എന്ന് കല്പന എടുത്തു പറയുന്നു.

ഇഗ്ലണ്ടിലെയും വെയിൽസിലേയും 'ലാറ്റിൻ മാസ് സൊസൈറ്റി' ഒരു പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു 'സ്ത്രീകൾ കൂടുതലായി സഭാ കാര്യങ്ങളിലും ആരാധനകളിലും പങ്കെടുക്കാൻ തുടങ്ങിയിരിക്കുന്ന ഈ കാലത്ത് ഉചിതമായ മാറ്റമാണ് മാർപാപ്പ നിർദ്ദേശിച്ചിരിക്കുന്നത്.

(Source: Catholic Herald)