Social Media - 2024

സെഹിയോന്‍ ധ്യാനകേന്ദ്രത്തെക്കുറിച്ച്, അവിടെ ധ്യാനത്തില്‍ പങ്കെടുത്ത യുവാവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറലാകുന്നു

സോബിന്‍ സി‌ജെ 11-12-2017 - Monday

പാലക്കാട് രൂപതയുടെ കീഴിലുള്ള അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഇന്ന് ഏവർക്കും സുപരിചിതമാണല്ലോ. പതിനായിരങ്ങൾ ഓരോ ആഴ്ചയിലും വന്നുപോകുന്ന ഈ അനുഗ്രഹീതമായ സ്ഥലത്തായിരിന്നു കഴിഞ്ഞ ഒരാഴ്ച. ഈ ഒരാഴ്ച ഞാൻ അനുഭവിച്ചറിഞ്ഞ കണ്ടറിഞ്ഞ സെഹിയോനെ പറ്റിയാണ് പോസ്റ്റ്. ഇരുപതിലധികം മിനിസ്ട്രികളുമായി പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടലിലൂടെ മുന്നേറുന്ന സെഹിയോനെതിരെ സാത്താൻ ഒരുക്കുന്ന തന്ത്രത്തിൽ ഇന്ന് നമ്മുടെ ക്രൈസ്തവ സമൂഹത്തിലെ (കത്തോലിക്ക) നൂറുകണക്കിന് ആളുകൾ വീണുപോകുന്നുണ്ടെന്നാണ് സത്യം.

എന്നാൽ യഥാർത്ഥ സത്യം എന്ത്?ഞാൻ നേരിട്ട് കണ്ടറിഞ്ഞ അനുഭവിച്ചറിഞ്ഞ സത്യങ്ങളാണ് ഈ പോസ്റ്റിൽ കുറിക്കുന്നത്.

1) സെഹിയോന്റെ വ്യത്യസ്തത

ഇന്ന് കേരളത്തിൽ എഴുപത്തിയഞ്ചിലധികം ധ്യാനകേന്ദ്രങ്ങൾ ഉണ്ട്. ഇവയിൽ നിന്നു ഏറെ വ്യത്യസ്തമായി തോന്നിയത് "യേശു" എന്ന സത്യത്തെ പ്രഘോഷിക്കുവാൻ സെഹിയോൻ കാണിക്കുന്ന തീക്ഷ്ണതയാണ്. ധ്യാനത്തിലെ ഓരോ ദിവസങ്ങളിലും വചനപ്രഘോഷണം നടത്തിയ വൈദികരും അൽമായരും ഇക്കാര്യം ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. ദൈവരാജ്യത്തിനു വേണ്ടി അഹോരാത്രം ശുശ്രുഷ ചെയ്യുന്ന അണക്കര മരിയൻ ധ്യാനാകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. ഡൊമിനിക്ക് വളന്മാനാൽ അച്ചൻ, പനയ്ക്കൽ അച്ചൻ, നായ്ക്കപറമ്പിൽ അച്ചൻ.... തുടങ്ങീ മിക്കവരെയും വചനപ്രഘോഷണം നടത്തിയവർ (സെഹിയോൻ ടീം) ഒരുപ്പോലെ സ്മരിച്ചു.

ഈ വൈദികർക്ക് വേണ്ടി, ദൈവരാജ്യത്തിനു വേണ്ടിയുള്ള ഇവരുടെ ശുശ്രുഷകൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ആഹ്വാനമാണ് സെഹിയോൻ ധ്യാന ടീം നടത്തിയത്. ആത്മാക്കളുടെ രക്ഷയെ പ്രതി മറ്റ് കേന്ദ്രങ്ങളുടെ ശുശ്രുഷയെ ഒരുപോലെ ഉയർത്തിക്കാണിക്കുന്നുവെന്നത് നിസ്സാരമായ കാര്യമല്ല. സെഹിയോൻ ടീമിന് സ്വയം ഉയർത്തി കാണിച്ചു മുന്നേറാമായിരുന്നു. പക്ഷേ ദൈവരാജ്യത്തിനു വേണ്ടിയുള്ള മറ്റ് ധ്യാനകേന്ദ്രങ്ങളുടെയും പ്രേഷിതരുടെയും വിലയെ ഏറെ പ്രധാന്യത്തൊടെ പരിഗണിക്കുന്നു. ഒരുപക്ഷേ ഈ എളിമ കൊണ്ടായിരിക്കാം സെഹിയോന്റെ ശുശ്രുഷകൾ അനുദിനം ദൈവം ഉയർത്തുന്നത്.

2) സെഹിയോനെ കച്ചവടകേന്ദ്രമാക്കി വിശേഷിപ്പിക്കുന്നവർ അറിയാൻ

സെഹിയോനെ കച്ചവട കേന്ദ്രമെന്നു പറഞ്ഞു പ്രചരണം നടത്തുന്ന അനേകർ നമ്മുടെ ഇടയിൽ ഉണ്ട്. ഇക്കാര്യത്തിൽ ആരോപണങ്ങളുമായി മുന്നിൽ നിൽക്കുന്നത് നമ്മുടെ സീറോമലബാർ സഭയിലെ അംഗങ്ങൾ തന്നെയാണെന്നതാണ് വേദനാജനകമായ വസ്തുത. എന്നാൽ സത്യം എന്താണ്?ഈ വിഷയത്തെ രണ്ടായി തരംതിരിക്കാം.

a) ആത്മീയ തലം
b) ഭൗതീക തലം

a) ആത്മീയ തലം

ആത്മീയതലത്തിൽ ഈ വിഷയം ഉന്നയിക്കുന്നവരോട് പറയാനുള്ളത് ഇത്രമാത്രം, നിങ്ങൾ മലർന്ന് കിടന്നു തുപ്പുകയാണ്. ദൈവരാജ്യ മഹത്വത്തിനായുള്ള ഓരോരുത്തരുടെയും (ഇതര ധ്യാനകേന്ദ്രങ്ങളുടെ) ശുശ്രുഷകളെ അതീവ പ്രാധാന്യത്തോടെയാണ് സെഹിയോൻ നോക്കികാണുന്നതെന്ന് അവിടുത്തെ പ്രാസംഗികരുടെ ഓരോ പ്രസംഗങ്ങളിലും വ്യക്തമാണ്. കാരണം സെഹിയോൻ സെഹിയോനെ തന്നെ കച്ചവട വത്ക്കരിക്കുകയായിരുന്നെങ്കിൽ ഒന്നാമത്തെ ഭാഗത്തു കുറിച്ച കുറിപ്പ് തന്നെ അപ്രസക്തമാകുമായിരിന്നു.

b) ഭൗതീകതലം

കേട്ടതും കണ്ടതും ഏറെ വ്യത്യസ്തമായ കാര്യമായിരുന്നു. ചെന്നപ്പോൾ തന്നെ കാണുന്നത് 'എല്ലാവരിലേക്കും ബൈബിൾ എത്തിക്കുക' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബൈബിൾ ഫെസ്റ്റ്. ഇതിനെ കുറിച്ച് അവസാനം വിവരിക്കാം.അതിനു മുൻപ് ധ്യാന ഫീസിനെ പറ്റി. സെഹിയോനിൽ ധ്യാനത്തിന് പങ്കെടുക്കാൻ എത്തുന്നവർക്ക് പ്രത്യേകമായി ഒരു ഫീസില്ല. മറിച്ച് നമ്മുക്ക് നൽകാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അത് സ്‌തോത്രകാഴ്ചയായി നൽകുക. ഇതിനെ കുറിച്ച് ബഹുമാനപ്പെട്ട സാജു അച്ചൻ പറഞ്ഞത്, ഇപ്രകാരമാണ്, മൂന്നു വർഷങ്ങൾക്ക് മുൻപ് വട്ടായിൽ അച്ചൻ ഞങ്ങളോട് പറഞ്ഞു, "ഇനി മുതൽ ധ്യാനത്തിന് ഫീസ് വാങ്ങരുതെന്ന് പരിശുദ്ധാത്മാവ് ആവശ്യപ്പെട്ടു, പണം ഇല്ലാത്തതിന്റെ പേരിൽ ആരുടെയും ധ്യാനം കൂടാനുള്ള ആഗ്രഹം വൃഥാവിലാകരുത്. അതിനാൽ ഇനി മുതൽ ധ്യാനത്തിന് ഫീസില്ല."

ഏറെ അത്ഭുതത്തോടെയാണ് എല്ലാ വൈദികരും ശുശ്രുഷകരും വട്ടായിലച്ചന്റെ നിർദ്ദേശത്തെ നോക്കി കണ്ടതെന്ന് ഫാ. സാജു സ്മരിക്കുന്നു. കാരണം സാമ്പത്തികമായി ഏറെ ഞെരുക്കങ്ങളിലൂടെ പോകുന്ന തങ്ങൾക്ക് മറ്റൊരു അധിക ബാധ്യത എന്ന ചിന്തയാണ് എല്ലാവരെയും അലട്ടിയത്. എന്നാൽ ഞെരുക്കങ്ങൾ ഉണ്ടെങ്കിലും ഓരോ ശുശ്രുഷകളെയും വർഷങ്ങളായി പരിപാലിച്ചുപോരുന്ന സത്യദൈവത്തിൽ എല്ലാവരും പ്രത്യാശ വെച്ചു. പരിശുദ്ധാത്മാവിന്റെ നിർദ്ദേശം അവർ സ്വാഗതം ചെയ്തുനിർദ്ദേശം പ്രാവർത്തികമാക്കി മാസങ്ങൾക്ക് ഉള്ളിൽ തന്നെ അനേകർ തങ്ങളുടെ സാക്ഷ്യം പങ്കുവെച്ചു.

കുടുംബമായി ധ്യാനം കൂടാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും യാത്രചിലവും ധ്യാനഫീസും താങ്ങാൻ കഴിയുമായിരുന്നില്ലായെന്നും ഫീസ് ഒഴിവാക്കിയതിനെ തുടർന്നാണ് ധ്യാനിക്കാൻ എത്തിയതെന്നും അനേകർ സാക്ഷ്യപ്പെടുത്തി.ഓരോരുത്തരുടെയും സാക്ഷ്യം തങ്ങളെ സ്തബ്ധരാക്കിയെന്നു അച്ചന്റെ വാക്കുകളിൽ വ്യക്തം.സ്തോത്രകാഴ്ച: നമ്മുക്കു നൽകാൻ കഴിയുന്ന തുക മാത്രം നിക്ഷേപിക്കുക. ഇതിൽ ഒന്നും ഇടാൻ ആർക്കും കഴിഞ്ഞില്ലെങ്കിലും സെഹിയോൻ പരാതി പറയുന്നില്ല. ഉള്ളത് നൽകുക. കാരണം സെഹിയോനെ തീറ്റിപോറ്റുന്നത് ദൈവമാണ്.

ഇനി അടുത്തത്, ഓരോ ധ്യാനത്തിലും പങ്കെടുക്കുന്നവർക്ക് (മാസത്തിൽ മൂന്നു ധ്യാനം) സെഹിയോൻ നൽകുന്നത് ഏഴോളം പുസ്തകങ്ങളാണ്. അതും സൗജന്യമായി. കളർ പ്രിന്റിൽ തയ്യാറാക്കിയിരിക്കുന്ന ഓരോ പുസ്തകത്തിനും പത്തിനും പതിനഞ്ചിനും ഇടയിൽ ചിലവ് വരുമെന്ന് തീർച്ച: എന്നാൽ അതും ദൈവരാജ്യ മഹത്വത്തിനായി അവർ സൗജന്യമായി നൽകുന്നു. ഇതോടൊപ്പം തന്നെ ചേർത്തു വായിക്കേണ്ട മറ്റൊരു പുസ്തകമാണ്, "യേശു നാമത്തിന്റെ ശക്തി": യേശു നാമത്തിന്റെ പ്രാധാന്യവും അർത്ഥവും അതിന്റെ ശക്തിയും ഒരുപ്പോലെ വിവരിക്കുന്ന ഈ പുസ്തകവും നൽകുന്നത് സൗജന്യമായി.

കൈവശം പണമുണ്ടെങ്കിൽ നൽകാം. ഇനി ഇല്ലേ? എന്നാൽ നൽകേണ്ട: എത്ര മഹത്തരമായ ശുശ്രുഷ. ഇങ്ങനെ എത്ര എത്ര കാര്യങ്ങൾ. സെഹിയോൻ പരിസരത്തു തന്നെ ഒരു സ്വതന്ത്ര ബുക്ക് സ്റ്റാൾ പ്രവർത്തിക്കുന്നു. സെഹിയോനും സോഫിയായും പുറത്തിറക്കുന്ന പുസ്തകങ്ങളുടെ കമനീയശേഖരമാണ് അവിടെയുള്ളത്: ഇവിടെ വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ വരുമാനം സെഹിയോൻ ആണെന്നും കൊള്ള ലാഭമാണ് എടുക്കുന്നതെന്നും മുൻവിധി നടത്താൻ വരട്ടെ; (മുൻവിധി നടത്തി സെഹിയോനെ പരിഹസിച്ച ധാരാളം പേരെ അറിയാം).

അതിനു മുൻപ് അറിയേണ്ട വലിയ ഒരു സത്യമുണ്ട്. പ്രസ്തുത ബുക്ക് സ്റ്റാൾ നിർധനരായ 5 കുടുംബമാണ് നോക്കി നടത്തുന്നത്. ലഭിക്കുന്ന വരുമാനം അവർ തുല്യമായി പങ്കിടുന്നു. സംശയമുണ്ടെങ്കിൽ നേരിട്ട് അന്വേഷിക്കാം.ഇനി പുസ്തകങ്ങളുടെ വില. മറ്റേത് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുമായി തട്ടിച്ചുനോക്കിയാലും ഒട്ടും പ്രതീക്ഷിക്കാത്ത വിലകുറവാണ് പുസ്തകങ്ങൾക്കും സിഡികൾക്കുമുള്ളത്: അഭിഷേകാഗ്നി മലയിലും (ധ്യാനകേന്ദ്രത്തിൽ നിന്നും അൽപ്പം മാറി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് അഭിഷേകാഗ്നി മല: ഇവിടെ സ്ഥിതിചെയ്യുന്ന ഒരു ഷെഡിലാണ് വട്ടായിൽ അച്ചൻ താമസിക്കുന്നത്) ഇതേ പുസ്തകങ്ങളും സിഡികളും വിൽപ്പനക്ക് വെച്ചിട്ടുണ്ട്.

"എന്നാൽ പണം വാങ്ങാൻ പ്രത്യേകം ആളോ ക്യാഷ് കൗണ്ടറോ ഇവിടെ ഇല്ല". ആവശ്യമുള്ള പുസ്തകം/സിഡി അനുബന്ധ സാധനങ്ങൾ എടുക്കുക. സ്ഥാപിച്ചിരിക്കുന്ന "തുറന്ന ബോക്‌സിൽ" പണം നിക്ഷേപിക്കുക. എത്ര സുതാര്യമായ ഇടപെടൽ.ഈ വിഷയത്തിൽ പറയാനുള്ളത് ഇത്രമാത്രം, നേരിട്ട് പോയി അറിയുക:

3) ചേർത്തുനിർത്തി വായിക്കേണ്ട ബൈബിൾ ഫെസ്റ്റ്:

യേശുവിനെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സെഹിയോനിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ മിഷൻ പ്രവർത്തനമാണ് ബൈബിൾ ഫെസ്റ്റ്: ഓരോരുത്തർക്കും ആവശ്യമായത്ര ബൈബിൾ കൊണ്ടുപോകാം, പണം ഉണ്ടെങ്കിൽ നൽകാം: ഇല്ലെങ്കിൽ വിഷമിക്കേണ്ട, ആവശ്യത്തിനുള്ളത് എടുത്തുകൊണ്ട് പോവുക; വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയുന്നതിനു അപ്പുറത്തുള്ള ഒരു ശുശ്രുഷ. ( ബൈബിൾ കൊടുക്കുന്നതിനു പകരം മറ്റുള്ളവരെ സഹായിച്ചു കൂടെ എന്നു പറയാൻ എത്തുന്നവരോട്, നാനാജാതി മതസ്ഥർക്ക് വലിയ രീതിയിലുള്ള സഹായം ഇവർ നല്കുന്നുണ്ടെന്നാണ് അനുഭവസ്ഥരിൽ നിന്ന് അറിയാൻ കഴിഞ്ഞത്).

4) വട്ടായിലച്ചന്റെ വിദേശ ബൈബിൾ കൺവെൻഷനും കുമിഞ്ഞു കൂടുന്ന പണവും

ആഗോളതലത്തിൽ ഇന്ന് ഏറെ ശ്രദ്ധിക്കപെടുന്ന വചനപ്രഘോഷകനാണല്ലോ ഫാ. സേവ്യർഖാൻ വട്ടായിൽ. പല മലയാളി സമൂഹവും അദ്ദേഹത്തെ വിദേശത്തേക്ക് വചനപ്രഘോഷണത്തിനു ക്ഷണിക്കുന്നുവെന്നത് സുപരിചിതമാണ്. ഇതിൽ വിറളി പൂണ്ട് പല കരിസ്മാറ്റിക്ക് വിരോധികളും ക്രിസ്ത്യൻ നാമാധാരികളും ഇന്ന് രംഗത്തുണ്ട്. അവർ ഉന്നയിക്കുന്ന പ്രധാന ആരോപണം "വിദേശ കൺവെൻഷൻ സെഹിയോനു പണം വിഴുങ്ങാനുള്ള ഒരു തന്ത്രമാണെന്നാണ്".

എന്നാൽ സത്യമെന്താണ്: വിഷയത്തിൽ യൂറോപ്പിലുള്ളവർ തന്നെ പ്രതികരിക്കട്ടെ, യുകെയിൽ നടന്ന അഭിഷേകാഗ്നി കൺവെന്ഷന്റെ മുഖ്യ സംഘാടകനായി പ്രവർത്തിച്ച ആൾ ഒരാഴ്ച മുൻപ്‌ പ്രവാചക ശബ്ദം വെബ്സൈറ്റിൽ കുറിച്ച ലേഖനത്തിന്റെ ലിങ്ക് ഇവിടെ നൽകുന്നു:

http://pravachakasabdam.com/index.php/site/news/6569

വായിച്ചറിയുക:ആ ലേഖനത്തിന്റെ നേർസാക്ഷ്യമാണ് ഞാൻ നേരിട്ട് സെഹിയോനിൽ കണ്ടതും അനുഭവിച്ചറിഞ്ഞതും. പണം എന്നുള്ളത് സെഹിയോന്റെ ലക്ഷ്യമല്ല, മറിച്ച് ക്രിസ്തുവിനെ അനേകരിലേക്ക് എത്തിക്കുകയെന്നതാണെന്നാണ് ലക്ഷ്യമെന്നു അവരുടെ പ്രവർത്തനങ്ങളെ യുക്തിയുടെ തലത്തിൽ ചിന്തിച്ചാൽ പോലും മനസ്സിലാക്കുവാൻ സാധിക്കുക.

5) അപ്പോൾ പിന്നെ സെഹിയോൻ എങ്ങനെ?

അനേകം സുമനസ്സുകളുടെ സഹായത്തോടെയാണ് ഇന്ന് സെഹിയോൻ മുന്നോട്ട് പോകുന്നത്. അതിൽ തങ്ങളുടെ സമ്പത്തിന്റെ വിഹിതം പങ്കുവെക്കുന്നത് സാധാരണക്കാർ മുതൽ ഹൈക്കോടതി ജഡ്ജ്ജ് വരെയുള്ള കാറ്റഗറിയിലുള്ള ആളുകളാണ്. ഇത് മാനുഷിക വശം; ആത്മീയമായി ചിന്തിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, "നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും" (ലൂക്കാ 12 : 31). സെഹിയോൻ ദൈവത്തിന്റെ രാജ്യം അന്വേഷിക്കുന്നു: അപ്പോൾ അവിടുത്തെ ശുശ്രുഷകൾ ദൈവം തന്നെ നോക്കുന്നു.

6) യേശുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്ന "പാവം കുഞ്ഞാടും സംഘവും".

കാലത്തിന്റെ പ്രവാചകനായ ഫാ. സേവ്യർഖാൻ വട്ടായിൽ അച്ചനേയും സെഹിയോനെയും തരംതാഴ്ത്താൻ കഠിനപ്രയത്നം നടത്തുന്ന ഒരു ഫേസ്‌ബുക്ക് പേജാണ് "പാവം കുഞ്ഞാട്": ഈ പേജിന്റെ നാമം "പാവം ഞാൻ" എന്നു അഡ്മിൻ പുനർനാമകരണം ചെയ്യണമെന്നാണ് എന്റെ ഒരു ഇത്: മറ്റാരേക്കാളും ഇവരുടെ കടന്നാക്രമണം ഫാ. സേവ്യർഖാൻ വട്ടായിൽ അച്ചനെ കുറിച്ചാണെന്നത് ശ്രദ്ധേയമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ യേശുവിന്റെ നാമത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങളെയും അടയാളങ്ങളെയും കോമാളിത്തരമായി കണക്കാക്കുന്ന ഈ പേജിന്റെ അഡ്മിൻ പണ്ഡിതർ ദയവായി സെഹിയോൻ സന്ദർശിക്കുക: (അടുത്തിടെ വട്ടായിൽ അച്ചനെതിരെ വീഡിയോ ഇറക്കിയ 'ഷാൾ പുതച്ച പണ്ഡിതനോടും' പറയാനുള്ളത് ഇതാണ്). എന്നിട്ട് അവിടെ സംഭവിക്കുന്ന കാര്യങ്ങൾ അടുത്തറിയാൻ ശ്രമിക്കുക: അല്ലാതെ അല്പത്തരം കാണിച്ചു വീഡിയോ ഇറക്കിയും അത്ഭുതസാക്ഷ്യങ്ങൾ കട്ടും പേസ്റ്റും ചെയ്തും സ്വയം ഇളിഭ്യരാകാതരിക്കുക.

വാൽക്കഷ്ണം: യുക്തിയുടെയും ബുദ്ധിയുടെയും തലത്തിൽ ഏറെ ചിന്തിച്ചതിനു ശേഷവും നേരിട്ട് കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളാണ് ഇവിടെ കുറിച്ചത്. ഇത് ആരെങ്കിലും ലൈക്ക് ചെയ്യുമെന്നോ ഷെയർ ചെയ്യുമെന്നോ എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. എങ്കിലും ഞാൻ അറിഞ്ഞ സത്യം, മറ്റുള്ളവർ അറിയണമെന്നു ആഗ്രഹിച്ചു, അത് പങ്കുവെച്ചു.

എല്ലാ മഹത്വവും യേശുവിന്....ആവേ മരിയ, ഈശോയിൽ സോബിൻ


Related Articles »