India - 2024
ആകാശപ്പറവകളുടെ കൂട്ടുകാരനെ അവസാനമായി കാണാന്‍ നാനാജാതി മതസ്ഥരുടെ പ്രവാഹം
സ്വന്തം ലേഖകന്‍ 22-12-2017 - Friday
മലയാറ്റൂര്‍: ആകാശപ്പറവകളുടെ പ്രിയപ്പെട്ട കൂട്ടുകാരനെ അവസാനമായി കാണാന്‍ മലയാറ്റൂര്‍ മാര്‍ വാലാഹ് ആശ്രമത്തിലേക്ക് നാനാജാതി മതസ്ഥരുടെടെ നിലക്കാത്ത പ്രവാഹം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇന്നലെ വൈകുന്നേരം ആറിനാണു മലയാറ്റൂര്‍ ആശ്രമത്തില്‍ മൃതദേഹം എത്തിച്ചത്. ആശ്രമത്തിലെ കപ്പേളയില്‍ പ്രത്യേകം തയാറാക്കിയ പീഠത്തിലാണു ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആകാശപ്പറവകളുടെ ആശ്രമങ്ങളിലെ ശുശ്രൂഷകരും അന്തേവാസികളും അടക്കം നാനാജാതി മതസ്ഥരാണ് ഫാ. കുറ്റിക്കലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നത്.
സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ഇന്നലെ ആദരാഞ്ജലിയര്‍പ്പിച്ചു. എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ദിവ്യബലിയര്‍പ്പിച്ചു. ഇന്നു രാവിലെ 6.30 നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാര്‍മ്മികത്വം വഹിച്ചു.
ഉച്ചകഴിഞ്ഞ് നാലിനു മൃതദേഹം കോട്ടയം കൊല്ലാട് കടുവാക്കുളത്തുള്ള എംസിബിഎസ് പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കു കൊണ്ടുപോകും. നാളെ രാവിലെ 9.30നു പ്രൊവിൻഷ്യൽ ഹൗസിനോടു ചേർന്നുള്ള ചെറുപുഷ്പ ദേവാലയത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക. ആദ്യഭാഗത്തെ ശുശ്രൂഷകൾക്കു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിക്കും. തുടർന്നു കല്യാണ്‍ ബിഷപ് മാർ തോമസ് ഇലവനാലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അര്‍പ്പണം നടക്കും. മൃതസംസ്ക്കാര ശുശ്രൂഷയില്‍ വിവിധ മെത്രാന്മാരും വൈദികരും സന്യസ്ഥരും അടക്കം ആയിരങ്ങള്‍ സംബന്ധിക്കും.