Social Media - 2024

പാറമേൽ ദൈവം പണിതതിന്റെ ഭദ്രതയെ നാം സംശയിക്കേണ്ടതുണ്ടോ?

വിനോദ് നെല്ലയ്ക്കൽ 10-01-2018 - Wednesday

2017 കേരള സഭയെ സംബന്ധിച്ച് തികച്ചും ഒരു പരീക്ഷണ കാലഘട്ടമായിരുന്നു എന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. ഈ വര്‍ഷം ആരംഭം മുതല്‍ നമുക്കിടയില്‍ പുരോഗമിച്ചിരുന്ന വിവാദപരമായ ചര്‍ച്ചകള്‍ക്കും, പലവിധത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ക്കും ഇനിയും അന്ത്യമുണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

പൗരോഹിത്യം ചോദ്യം ചെയ്യപ്പെടുന്നതും, തിരുസഭയുടെ ഉദ്ദേശ്യ/ലക്ഷ്യങ്ങള്‍ തെരുവില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടുന്നതും പോലും നാം കണ്ടു. ഇത്തരം അശുഭകരമായ സംഭവവികാസങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുമ്പോള്‍ നാം ഇപ്രകാരം അതിനെ വീക്ഷിക്കണമെന്നും, എന്തുകൊണ്ടാണ് ഇവ സംഭവിക്കുന്നതെന്നു (അഥവാ, എന്തുകൊണ്ടാണ് ദൈവം ഇവ അനുവദിക്കുന്നതെന്നും)മുള്ള വിചിന്തനങ്ങള്‍ ഉചിതമായിരിക്കും.

നമുക്കിടയില്‍ നടമാടിക്കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് ഭൗതികമായ പശ്ചാത്തലം എന്നതുപോലെ ആത്മീയമായ ഒരു തലം കൂടിയുണ്ട് എന്ന തിരിച്ചറിവ് നമുക്ക് ആവശ്യമാണ്‌. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറുന്നതും, വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതും തികച്ചും ഭൗതികമായ പ്ലാറ്റ്ഫോമുകളില്‍ ആയിരിക്കും എന്നതിനാല്‍ തന്നെ, ഒരു മറുവശമുള്ളത് തിരിച്ചറിയേണ്ടത് സഭയോടുള്ള നമ്മുടെ അടിസ്ഥാന മനോഭാവം പക്വതയുള്ളതായി തീരുവാന്‍ ഉപകരിക്കും.

അടുത്തകാലങ്ങളായി സഭയുമായി ബന്ധപ്പെട്ട് അരങ്ങേറിയിട്ടുള്ള അനിഷ്ടസംഭവങ്ങളെ ഏതെങ്കിലും വിധത്തില്‍ ന്യായീകരിക്കുകയോ അവയുടെ ഗൗരവം കുറച്ച് കാണുകയോ അല്ല ഈ ചിന്തകളുടെ ലക്‌ഷ്യം എന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. അതോടൊപ്പം, നമുക്കിടയില്‍ തിരുത്തപ്പെടാനുള്ളവയെ കണ്ടെത്തി, ശരിയായ പാത തെരഞ്ഞെടുത്ത് മുന്നേറുന്നതിനുള്ള ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് വരും വര്‍ഷം കൂടിയ ഊന്നല്‍ നല്‍കുവാന്‍ നമ്മുടെ നേതൃത്വത്തിന് കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. 'നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടര്‍ച്ചയുണ്ടാകും. ഞാന്‍ ഇടയനെ അടിക്കും, ആടുകള്‍ ചിതറിപ്പോകും എന്ന് എഴുതപ്പെട്ടിരിക്കുന്നു.' (മര്‍ക്കോസ് 14/27).

യേശു തന്റെ ശിഷ്യന്മാരോട് അരുള്‍ചെയ്ത വാക്കുകളാണിവ. ഇടര്‍ച്ചയുണ്ടാകേണ്ടതും, ചിതറിക്കപ്പെടെണ്ടതും ചില കാലഘട്ടങ്ങളില്‍ ദൈവനിശ്ചിതമാണെന്നും, അവയ്ക്ക് പിന്നില്‍, ചില ആത്മീയ രഹസ്യങ്ങളുണ്ടെന്നും കൂട്ടി വായിക്കുമ്പോഴേ ഈ തകര്‍ച്ചകളുടെയും, അശുഭകരമായ സംഭവങ്ങളുടെയും, നിര്‍ണ്ണായക സ്ഥാനങ്ങളിൽ തുടരുന്ന ചിലരുടെ തെറ്റായ ചില തീരുമാനങ്ങളുടെയും (അപ്രകാരം സംഭവിക്കുന്നുവെങ്കിൽ) പിന്നിലെ ദൈവഹിതം ഗ്രഹിക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ.

സമ്പത്ത്, സ്ഥാനമാനങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങി, ഭൗതികമായ പലതും ലക്‌ഷ്യം വയ്ക്കുന്ന ചിലര്‍ എക്കാലവും നമുക്കിടയില്‍ ഉണ്ടായിരുന്നു. തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് മനസിലാക്കിക്കൊണ്ടു തന്നെയോ, ശരിയാണെന്ന ധാരണയോടെയോ അവരില്‍ പലരും അവരുടെ ആയുഷ്കാലത്തോളം നിലനിന്നു. സഭയ്ക്കുള്ളിലും, സമൂഹത്തിലും ചില ഗൗരവമേറിയ പ്രശ്നങ്ങള്‍ക്ക് കാരണമായി മാറിയവര്‍ ഉണ്ടായിട്ടുണ്ട്. സഭാചരിത്രത്തില്‍ ഇരുണ്ട കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട നാളുകള്‍ ഉണ്ടായി. സഭയുടെയും, ക്രൈസ്തവ സമൂഹങ്ങളുടെയും അന്ത്യം സമാഗതമായി എന്ന് ചിന്തിച്ചവരും പ്രചരിപ്പിച്ചവരുമുണ്ട്. എന്നാല്‍, അകത്തുനിന്നും പുറത്തുനിന്നുമുള്ള സകല പ്രശ്നങ്ങളെയും എക്കാലത്തും തിരുസഭ അതിജീവിച്ചു. കാരണം ഈ സത്യസഭയുടെ സ്ഥാപനം ദൈവികമാണ്. അതിന്റെ ഭൂതകാലവും ഭാവിയും തീര്‍ച്ചയായും ദൈവനിശ്ചിതമാണ്.

ഇന്നോളം സഭയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യത്തക്ക ശക്തിയോടെ ഉയര്‍ന്നുവന്ന പ്രശ്നങ്ങളോ, അവയ്ക്ക് കാരണമായവരോ അവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള പരിമിതമായ സമയത്തിനപ്പുറം നിലനിന്നിട്ടില്ല. ശാശ്വതമായത്‌ സത്യം മാത്രമാണ് എന്ന ആത്യന്തിക വസ്തുതയെ നാം തിരിച്ചറിയണം. സത്യമല്ലാത്തതെല്ലാം ക്രമേണ നമ്മില്‍ നിന്ന് അപ്രത്യക്ഷമാകും എന്ന് നിശ്ചയം. അതിനാല്‍ സത്യം തിരിച്ചറിയാനും, അതിന്റെ പക്ഷത്ത് നിലനില്‍ക്കുവാനുമാണ് നാം പരിശ്രമിക്കേണ്ടത്. ജ്ഞാനം 3/9ല്‍ പറയുന്നു, 'അവിടുത്തെ ആശ്രയിക്കുന്നവന്‍ സത്യം ഗ്രഹിക്കും.'

ആധുനിക ലോകം വച്ച്നീട്ടുന്ന ഭൗതിക ചിന്തകള്‍

പലപ്പോഴും നാം അതിസ്വാഭാവികതയോടെ ചര്‍ച്ച ചെയ്യുന്ന ഭൗതിക ലോക സങ്കല്‍പ്പങ്ങളില്‍നിന്ന് തന്നെ ആരംഭിക്കാം. ചിലപ്പോഴെങ്കിലും ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്, പ്രശ്നങ്ങളും, പ്രശ്നക്കാരും പലവിധത്തില്‍ എന്നും നമുക്കിടയില്‍ ഉണ്ടായിരുന്നുവെങ്കിലും, ഈ കാലഘട്ടത്തില്‍ നമ്മുടെ സമൂഹം അവയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ചര്‍ച്ചാവിഷയമാക്കുകയും ചെയ്യുന്നതാണ് ഇവ ഇത്രമേല്‍ അധികരിച്ചിരിക്കുന്നതായി തോന്നാന്‍ കാരണം, എന്ന്. ഒരു പരിധിവരെ, അത്തരം വാദഗതികളില്‍ വാസ്തവമുണ്ടെന്ന് കരുതേണ്ടി വരും.

അടുത്ത ചില വര്‍ഷങ്ങള്‍ക്കിടെ നമ്മുടെ സമൂഹങ്ങളില്‍ സംഭവിച്ചിരിക്കുന്ന ഒരു പ്രധാന മാറ്റം സമൂഹമാധ്യമങ്ങളുടെ കടന്നുവരവാണ്. അത്തരം പുതുതലമുറ മാധ്യമങ്ങള്‍, സ്വകാര്യതകളിലേയ്ക്കും വിവിധ സമൂഹങ്ങളുടെ ഉള്ളറകളിലേയ്ക്കുമുള്ള കടന്നുകയറ്റം പരിധികള്‍ ലംഘിച്ചതോടെ നമ്മുടെ ചിന്താഗതികള്‍ കീഴ്മേല്‍മറിഞ്ഞിരിക്കുന്നു എന്നത് വാസ്തവമാണ്. ചെറുതും വലുതുമായ ലഭ്യമായ അവസരങ്ങളിലെല്ലാം ആത്മീയ കാഴ്ച്ചപ്പാടുകള്‍ക്കപ്പുറം മറ്റ് ചില ധാരണകളോടെ നാമുള്‍പ്പെടെ അനേകര്‍ അത്തരം ചിലരുടെ പക്ഷം ചേര്‍ന്ന് തിരുസഭയെ ചോദ്യം ചെയ്യുന്നത് പതിവായിരിക്കുന്നു.

കുടുംബങ്ങളിലെ അന്തഛിദ്രങ്ങള്‍ പോലും ഇവിടെ എക്സ്ക്ലൂസീവ് വാര്‍ത്തകളായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ചില സമൂഹങ്ങള്‍ക്കുള്ളില്‍ രഹസ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ടവ അതിനപ്പുറം പുറംലോകത്ത് ചര്‍ച്ചകളാകുന്നു. ആത്മീയ പശ്ചാത്തലത്തിലുള്ള വിഷയങ്ങള്‍ പോലും ഭൗതികതയുടെ ടേബിളില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടുന്നു. സമൂഹ മാദ്ധ്യമങ്ങളില്‍ സദാ സജീവമായി ചിന്താശേഷി നശിച്ച ഒരു വിഭാഗം, എല്ലായ്പ്പോഴും സെന്‍സേഷണലായ വാര്‍ത്തകളും വിശേഷങ്ങളും ധാര്‍മ്മികമോ, അധാര്‍മ്മികമോ എന്ന വേര്‍തിരിവില്ലാതെ ചികഞ്ഞെടുക്കുന്നവരും, അത് മാത്രം പങ്കുവയ്ക്കുന്നവരുമാണ്. അവരെ സംബന്ധിച്ചിടത്തോളം ആത്മീയം, ഭൗതികം തുടങ്ങിയ വേര്‍തിരിവുകള്‍ പോലും അപ്രസക്തമാണ്.

ദൗര്‍ഭാഗ്യവശാല്‍ സംഭവിച്ച ഒരു അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലം തങ്ങള്‍ കണക്കുകൂട്ടുന്ന ഭൗതികതയ്ക്കപ്പുറം മറ്റൊന്നുമല്ല എന്ന ധാരണ, തിരുസഭയെ കുറ്റം വിധിക്കുന്ന സാഹചര്യങ്ങളില്‍ നിലനിന്നാല്‍ അത് എത്രമാത്രം അപകടകരമായിരിക്കും എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. അടുത്തകാലത്ത് അസാധാരണമാം വിധം സൈബര്‍ ലോകത്തിന്റെ ശ്രദ്ധ നേടി ഉയര്‍ന്നുവനിട്ടുള്ള ഓണ്‍ലൈന്‍ പത്രങ്ങളുടെ രീതികളും വ്യത്യസ്ഥമല്ല.

കൂടുതല്‍ ശ്രദ്ധ കിട്ടുമെന്നുള്ള വിഷയങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി, തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ ഇടപെടുകയും വഷളാക്കുകയും ചെയ്യുന്നത് അത്തരക്കാരുടെ പതിവ് ശൈലിയാണെന്ന് നമുക്കറിയാം. ഏതെങ്കിലും വിശ്വാസസമൂഹങ്ങളുമായി ബന്ധപ്പെട്ട് അത്തരം മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തുനിഞ്ഞിട്ടുള്ള വിഷയങ്ങള്‍ ശ്രദ്ധിച്ചാല്‍, അവയില്‍ ഭൂരിഭാഗവും കത്തോലിക്കാ സമൂഹങ്ങളെക്കുറിച്ചുള്ള ദുഷ്പ്രചരണങ്ങളാണെന്ന് വ്യക്തമാകും. സംഭവത്തിന്റെ വാസ്തവത്തെക്കാളുപരി, യഥാര്‍ത്ഥ്യവുമായി വിദൂരബന്ധമുള്ളവ മുതല്‍ സത്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ വരെ ഇത്തരം പ്ലാറ്റ്ഫോമുകളില്‍ പതിവായി വില്‍പ്പനച്ചരക്കുകളാകുന്നു. ഈ പ്രതിഭാസം എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള മറുപടി കൂടുതല്‍ സങ്കീര്‍ണ്ണമായ വിശദീകരണം ആവശ്യമുള്ളതായതിനാല്‍ അതിലേയ്ക്ക് പ്രവേശിക്കുന്നില്ല.

പക്ഷേ, ഈ കാലഘട്ടത്തില്‍, വിവിധ സമൂഹ മാധ്യമങ്ങളിലായി കത്തോലിക്കാ സഭയെക്കുറിച്ചും വിശിഷ്യ, സിറോമലബാര്‍ സഭയെക്കുറിച്ചും കത്തിക്കയറിയ വിവാദങ്ങളുടെ രൂക്ഷതയ്ക്ക് പിന്നില്‍, ഇത്തരം ചില ഘടകങ്ങള്‍ സജീവമായി ഉണ്ടായിരുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ചുരുങ്ങിയപക്ഷം, കഴിഞ്ഞ കാലങ്ങളില്‍ ചര്‍ച്ചാവിഷയമായ ഒരു അതിരൂപതയുടെ ആഭ്യന്തര പ്രശ്നത്തെ സഭയുടെ നിലനില്‍പ്പിനെ സ്വാധീനിക്കുന്ന വളരെ വലിയ പ്രശ്നമാക്കി അവതരിപ്പിക്കാന്‍ ചിലരെ പ്രേരിപ്പിച്ച അടിസ്ഥാന ആശയങ്ങള്‍ മേല്‍പ്പറഞ്ഞ ചില മാധ്യമ മുതലാളിമാരുടെ താല്‍പ്പര്യപ്രകാരം രൂപപ്പെട്ടതാണ് എന്ന് സംശയമില്ല.

അത്തരത്തില്‍ സഭയുടെ നിലനില്‍പ്പോ, ലക്ഷ്യങ്ങളോ ചിലരെ അസ്വസ്ഥതപ്പെടുത്തുന്നുവെങ്കില്‍ അതിന് തക്കതായ ചില കാരണങ്ങളുണ്ട്. വിമര്‍ശിക്കപ്പെടുന്ന ചില തലങ്ങളോടുള്ള വിയോജിപ്പുകള്‍ക്കപ്പുറം സഭയുടെ ആഴമേറിയ ചില സാമൂഹിക ഇടപെടലുകളോടുള്ള ഒരു വിഭാഗത്തിന്റെ അസഹിഷ്ണുതയെ നമുക്ക് തള്ളിക്കളയാനാവില്ല.

സഭയുടെ സാമൂഹിക ഇടപെടലുകള്‍ എന്ത്, എങ്ങനെ?

വ്യക്തമായും ആത്മീയമാണ് തിരുസഭയുടെ അടിസ്ഥാനം. ആത്മീയ മൂല്യങ്ങളില്‍ ഊന്നിയ സാമൂഹിക ഇടപെടലുകള്‍ എക്കാലവും സഭയ്ക്കുണ്ട് എന്നതിനാലും, അതിനായുള്ള സഭാസംവിധാനങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു എന്നതിനാലുമാണ് ഭൗതികമായ ഇടങ്ങളില്‍ നാം പതിവായി ചര്‍ച്ച ചെയ്യപ്പെടുന്നത്. പക്ഷെ, സഭ എന്നാല്‍ ഒരു ഭൗതികസംവിധാനമല്ല എന്ന സത്യം നാം തിരിച്ചറിയണം. ഭൗതികമായ കാഴ്ചപ്പാടുകള്‍ മാത്രം ആധാരമാക്കുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് സഭയുടെ ഇടപെടലുകളുടെ യാഥാര്‍ത്ഥ്യവും ആത്മീയതയും ഉള്‍ക്കൊള്ളുക എളുപ്പമല്ല. മറ്റ് സമൂഹങ്ങളിലെ അംഗങ്ങള്‍ക്കോ, കത്തോലിക്കാവിശ്വാസത്തിന് പുറത്തുള്ള മാധ്യമങ്ങള്‍ക്കോ അപ്രകാരം തന്നെ.

ദൈവസ്നേഹം ഈ ലോകത്തിന് പങ്കുവയ്ക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു നമ്മുടെ വിവിധ സാമൂഹിക ഇടപെടലുകള്‍ക്ക് പിന്നിലുള്ള ചേതോവികാരം. എന്നാല്‍ സമീപകാലങ്ങളിലായി ചില അപചയങ്ങള്‍ ഈ മേഖലയില്‍ നമുക്ക് സംഭവിച്ചിരിക്കുന്നതിനെ നാം ഗൗരവപൂര്‍വ്വം കാണുകയും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. അടുത്ത കാലങ്ങളിലായി സഭയുടെ വിവിധ പ്രവര്‍ത്തന മേഖലകളും, ഇടപെടലുകളും വിമര്‍ശനവിധേയമാകുമ്പോള്‍ അവ ചര്‍ച്ച ചെയ്യപ്പെടുന്ന പല ഇടങ്ങളിലും സഭ എന്നാല്‍, അടിസ്ഥാനപരമായും, ആത്യന്തികമായും ഒരു ആത്മീയ സംവിധാനമാണ് എന്ന ആശയം പ്രസക്തമല്ല. അത്തരമൊരു ഉപരിപ്ലവമായ കാഴ്ചപ്പാട് പൊതുസമൂഹത്തില്‍ മാത്രമല്ല, നമുക്കിടയില്‍പോലും രൂപപ്പെട്ടിട്ടുണ്ട് എന്നത് ഖേദകരമാണ്.

സഭയുടെയും, സഭാംഗങ്ങള്‍ എന്ന നിലയില്‍ നമ്മുടെയും അടിസ്ഥാന ഉത്തരവാദിത്തം തികഞ്ഞ ആത്മീയതയില്‍ ഊന്നിയതാണ് എന്ന വസ്തുത നാം മറന്നുകൂടാ. നമ്മില്‍ ഭരമേല്‍പ്പിക്കപ്പെട്ടിട്ടുള്ള വലിയ ദൗത്യങ്ങളില്‍ താരതമ്യേന ചെറിയ ഒരു സ്ഥാനം മാത്രമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ളത്. അത്തരം കാര്യങ്ങളിലെ അതിശ്രദ്ധയും, അമിതമായ ഉത്കണ്ഠയും അപകടകരമാണെന്നവസ്തുതയും നാം മനസിലാക്കേണ്ടതുണ്ട്. യഥാര്‍ത്ഥ വിശ്വാസികള്‍ ബോധ്യങ്ങള്‍ക്കായി ആശ്രയിക്കേണ്ടത് ഒരിക്കലും സത്യത്തെ വളച്ചൊടിക്കുകയോ, തിന്മയുടെ സ്വാധീനത്തെ അപരിഹാര്യമെന്നവിധം പൊലിപ്പിച്ച് അവതരിപ്പിക്കുകയോ, സമൂഹത്തിലെ ദ്രുവീകരണങ്ങള്‍ക്കും, ഭിന്നതയ്ക്കുമായി പ്രയത്നിക്കുകയോ ചെയ്യുന്ന അന്ധകാരത്തിന്റെ മാധ്യമങ്ങളെയല്ല. സത്യദൈവത്തെയും, അവിടുത്തെ ആത്മാവിനെയും അശ്രയിക്കുന്നവരുടെ മുന്നില്‍ ഇത്തരം പ്രതിസന്ധികളൊന്നും വിലപ്പോവുകയില്ല. 'അങ്ങയുടെ വചനത്തിന്റെ സാരാംശം സത്യം തന്നെയാണ്. അങ്ങയുടെ നിയമങ്ങള്‍ നീതിയുക്തമാണ്. അവ എന്നേയ്ക്കും നിലനില്‍ക്കുന്നു.' (സങ്കീര്‍ത്തനങ്ങള്‍ 119/160).

തുടക്കത്തില്‍ പറഞ്ഞതുപോലെ, തിരുത്തലുകള്‍ നമുക്ക് എക്കാലത്തെയും പോലെ ഇന്നും ആവശ്യമാണ്. മാനുഷികമായ നടത്തിപ്പിന്റെ ഒരു വ്യക്തമായ തലം നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ളതിനാല്‍, മാനുഷികമായ അപചയങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍, തിരുത്തലുകള്‍ക്ക് സ്വയം വിധേയമാകുമ്പോഴാണ് ദൈവം ആഗ്രഹിക്കുന്ന ഒരു വിജയം നമുക്ക് അവകാശപ്പെടാന്‍ കഴിയുക എന്നതാണ് യാഥാര്‍ത്ഥ്യം. തിരുസഭയുടെ എക്കാലത്തെയും ചരിത്രം നമ്മെ പഠിപ്പിക്കുന്ന പാഠവും അത് തന്നെയാണ്. തെറ്റുകളും പരാജയങ്ങളും തുറന്ന് സമ്മതിച്ച് കൃപയ്ക്കായി സ്വയവും സഭയെ തന്നെയും ഒരുക്കുവാന്‍ നമുക്കും നമ്മുടെ നേതൃത്വത്തിനും കഴിയട്ടെ എന്ന് ഈ പുതിയ വര്‍ഷത്തില്‍ നമുക്ക് ആഗ്രഹിക്കാം, പ്രാര്‍ത്ഥിക്കാം...


Related Articles »