News

മേജര്‍ ആര്‍ച്ച് ബിഷപ്പ് ക്ലോഡിയു ലൂസിയൻ റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍

പ്രവാചകശബ്ദം 07-11-2025 - Friday

റോം: കത്തോലിക്ക സഭയുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭകളിലൊന്നായ റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനായി ബിഷപ്പ് ക്ലോഡിയു-ലൂസിയൻ പോപ്പിനെ തെരഞ്ഞെടുത്തു. ക്ലുജ് ഗേർല രൂപതാധ്യക്ഷനായ അദ്ദേഹത്തെ ഫാഗറസിലെയും ആൽബ യൂലിയയിലെയും ആർച്ച്ബിഷപ്പായും തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ലൂസിയൻ മുറേസൻ ദിവംഗതനായിരിന്നു. ഈ പശ്ചാത്തലത്തില്‍ റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്ക മെത്രാന്മാരുടെ സിനഡ് നടത്തിയ തെരഞ്ഞെടുപ്പിലാണ് തീരുമാനമായത്.

നവംബർ അഞ്ചാം തീയതി ലെയോ പതിനാലാമൻ പാപ്പ അംഗീകാരം നല്‍കിയതോടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു. റോമിലെ പൊന്തിഫിക്കൽ പിയോ റൊമാനിയൻ കോളേജിലാണ് സിനഡ് സമ്മേളനം നടന്നത്. പൗരസ്ത്യ കാനോനിക നിയമം നൂറ്റിയൻപതിന്റെ രണ്ടാം ഖണ്ഡികയനുസരിച്ച്, ലെയോ പാപ്പ തീരുമാനം സ്ഥിരീകരിക്കുകയായിരിന്നു.

റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ ഐക്യവും നിയോഗവും പ്രോത്സാഹിപ്പിക്കാനും, മായ്ക്കാനാകാത്തതും, മഹത്വപൂർണ്ണവുമായ വിശ്വാസത്തിന് ജീവിതം കൊണ്ട് സാക്ഷ്യം നൽകിയ അനേകം രക്തസാക്ഷികളുടെയും വിശ്വാസസാക്ഷികളുടെയും ഓർമ്മയിൽ ഈ സഭയ്ക്ക് വളരാനും പുരോഗതി പ്രാപിക്കാനും വേണ്ടി പരിശുദ്ധാത്മാവ് ബിഷപ്പ് ക്ലോഡിയു-ലൂസിയനെ നയിക്കട്ടെയെന്നും പാപ്പ ആശംസിച്ചു. സിനഡ് അംഗങ്ങൾക്കും സഭയിലെ വൈദികർക്കും സമർപ്പിതർക്കും വിശ്വാസികള്‍ക്കും ഏവർക്കും ദൈവമാതാവായ പരിശുദ്ധ അമ്മയുടെ മധ്യസ്ഥ സഹായവും തന്റെ ആശീർവാദവും പാപ്പ നല്‍കി.

1972 ജൂലൈ 22-ന് സാതുമാരെ ജില്ലയിലെ പിഷ്കോൾട്ടിലാണ് ക്ലോഡിയു പോപ് ജനിച്ചത്. റോമിലെ പൊന്തിഫിക്കൽ പിയോ റൊമാനിയൻ കോളേജിൽ അംഗമായിരുന്ന അദ്ദേഹം ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രവും, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രവും പഠിച്ചു. 1995 ജൂലൈ 23ന് സ്വന്തം രൂപതയായ ഒറാദെയയിൽ ബിഷപ്പ് വാസിൽ ഹോസ്സുവ്ന്റെ കൈവയ്പ്പ് വഴി വൈദികനായി അഭിഷിക്തനായി.

തുടർന്ന് 2006ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് ആധ്യാത്മിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 2011 നവംബർ 21-ന് മേജർ അതിരൂപതയുടെ കൂരിയ മെത്രാനായി കാനോനികമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ബെനഡിക്ട് പതിനാറാമൻ പാപ്പ അംഗീകാരം നല്‍കിയിരിന്നു. റൊമാനിയ, അമേരിക്ക, കാനഡ തുടങ്ങീയ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയില്‍ അഞ്ചുലക്ഷത്തോളം വിശ്വാസികളാണുള്ളത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »