News - 2025

വിശുദ്ധ കവാടങ്ങൾ ജാലവിദ്യയല്ല; പാപവിമോചനത്തിനായി, വിശ്വാസികൾ വേണ്ടത്ര ഒരുക്കങ്ങളോടെ, കുമ്പസാരമെന്ന കൂദാശയിലൂടെ കടന്നു പോകേണ്ടതുണ്ട്: ബോംബെ അതിരൂപത

അഗസ്റ്റസ് സേവ്യർ 27-01-2016 - Wednesday

മഹാരാഷ്ട്രയിൽ, വിശുദ്ധ കവാടങ്ങളെ പറ്റി 'വാട്ട്സ് ആപ്പിലൂടെ' തെറ്റിധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബോംബെ അതിരൂപത, അതിനെ പറ്റിയുള്ള അന്ധവിശ്വാസങ്ങൾക്ക് വിരാമമിട്ടു കൊണ്ട്, 'കരുണയുടെ വർഷത്തിലെ കരുണ ഒരു ജാലവിദ്യയല്ല', എന്ന് വ്യക്തമാക്കി.

വിശുദ്ധ കവാടത്തിലൂടെ കടന്നു പോയാൽ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടും എന്ന രീതിയിലുള്ള സന്ദേശങ്ങളാണ് വാട്ട്സ്ആപ്പിലൂടെ പ്രചരിച്ചത്.

"വിശുദ്ധ കവാടങ്ങൾ ജാലവിദ്യയല്ല; പാപവിമോചനത്തിനായി, വിശ്വാസികൾ വേണ്ടത്ര ഒരുക്കങ്ങളോടെ, സഭ നിർദ്ദേശിച്ചിട്ടുള്ള കുമ്പസാരമെന്ന കൂദാശയിലൂടെ കടന്നു പോകേണ്ടതുണ്ട്."

"വിശുദ്ധ കവാടത്തിലൂടെ നാം യേശു വാഗ്ദാനം ചെയ്യുന്ന പുതു ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. അത് കരുണയുടെ വാതിലാണ്. ആ വാതിലിലൂടെ കടക്കുന്നതോടെ നാം പാപവിമോചനത്തിനുള്ള ആത്മാർത്ഥമായ ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്.

"കുമ്പസാരത്തിന് പകരമായല്ല വിശുദ്ധ കവാടത്തിലൂടെയുള്ള പ്രവേശനം" എന്ന് അതിരൂപതയുടെ പത്രക്കുറിപ്പ് വ്യക്തമാക്കി.

അതിരൂപതയിലെ വിശുദ്ധ കവാടങ്ങളെ പറ്റി ഒരു പ്രാദേശീക ദിനപത്രത്തിൽ വന്ന വാർത്തയാണ് വാട്ട്സ്ആപ്പ് സന്ദേശങ്ങൾക്ക് കാരണമായി തീർന്നത്. കരുണയുടെ വർഷത്തിന്റെ, മതപരവും കൂദാശാപരവും തത്വചിന്താപരവുമായ വിഷയങ്ങളൊന്നും പരാമർശിക്കാതെയാണ് പ്രസ്തുത ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന്, രൂപതാ വാർത്താക്കുറിപ്പ് അഭിപ്രായപ്പെട്ടു.

കരുണയുടെ വർഷത്തിൽ, വേണ്ടത്ര ഒരുക്കങ്ങളോടെ വിശ്വാസികൾ പങ്കെടുക്കേണ്ട മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് വിവരിക്കുന്ന ഒരു രേഖ അതിരൂപത തയ്യാറാക്കിയിട്ടുണ്ട്. വിശുദ്ധ കവാടത്തിലൂടെ പ്രവേശിക്കുന്നതോടൊപ്പം ഒരു ഹൃദയ പരിവർത്തനവും, കൂദാശകളുടെ ആചരണവും, പാപവിമോചനത്തിന് ആവശ്യമാണെന്ന് രേഖ ഉറപ്പിച്ചു പറയുന്നു.

ഈ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് മുംബൈ പ്രദേശത്തെ ഇടവകകൾ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

ലോകത്തിൽ എല്ലാ രൂപതകളിലും വിശുദ്ധ കവാടങ്ങൾ തുറന്നിട്ടുണ്ട്. അതിലൂടെ കടന്നുപോകുന്ന തീർത്ഥാടകർക്ക് പൂർണ്ണ ദണ്ഡ വിമോചനമാണ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്.

2015 ഡിസംബർ 20-നാണ്, ബോംബെ കർദ്ദിനാൾ ഒസ്വാൽഡ് ഗ്രഷ്യസ് മുംബൈയിലെ 'Our Lady of the Mount' ബസലിക്കയിൽ വിശുദ്ധ കവാടം തുറന്നത്. അന്ന് അദ്ദേഹം പറഞ്ഞു: "ഇത് ദൈവത്തിന്റെ കവാടമാണ്! ഇതിലൂടെ പ്രവേശിച്ച് നമുക്ക് കർത്താവിന്റെ കരുണയ്ക്ക് അർഹരാകാം."

അതിനു ശേഷം, 'വിശുദ്ധ പുസ്തകം താക്കോലാക്കി ഉപയോഗിച്ച് അദ്ദേഹം വാതിലുകൾ തുറന്നു. അന്ന് അദ്ദേഹം ഇപ്രകാരം പറഞ്ഞു: "നിങ്ങളുടെ കണ്ണുകൾ യേശുവിൽ ഉറപ്പിക്കുക, നിങ്ങൾ ദൈവത്തിന്റെ കരുണയുടെ വാഹകരാകുക."

(Source: Ewtn News)