Meditation. - January 2024

ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായ് കരുതുന്നതിന്റെ ഭവിഷ്യത്തുകൾ

സ്വന്തം ലേഖകന്‍ 28-01-2021 - Thursday

"ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായ് അവർ കരുതിയതു നിമിത്തം, അധമവികാരത്തിനും അനുചിത പ്രവർത്തികൾക്കും ദൈവം അവരെ വിട്ടു കൊടുത്തു" (റോമ 1:28)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 28

പുരാതന റോമാ നഗരത്തിന് യോജിക്കുന്ന ഒരു വാക്യമാണ് മുകളിൽ നൽകിയ വാക്യം. പല ലേഖനങ്ങളിലൂടെ വായിച്ച അറിവുകളിലൂടെയും, മറ്റും നമുക്ക് സുപരിചിതമായ റോമാ നഗരം. പ്രമുഖ എഴുത്തുകാരൻ സീയെന്ഗിവിച്ചിന്റെ 'ക്വാ വാ ദീസ്' (നീ എവിടെ പോകുന്നു) എന്ന കഥയിലൂടെയൊക്കെ പരിചിതമായ നഗരം. പൗലോസ്‌ ശ്ലീഹായുടെ വാക്കുകൾ പുരാതന റോമ നഗരത്തോട് താരതമ്യപെടുത്തുന്നതിലുപരി ഇത് നമ്മുടെ ഈ കാലഘട്ടത്തിനും അനുയോജ്യമായ വരികൾ പോലെ തോന്നുന്നില്ലേ? നമ്മൾ ഇന്ന് ജീവിയ്ക്കുന്ന ഈ ചുറ്റുപാടുകളേയും, പരിസ്ഥിതികളേയും പറ്റി വചനത്തിൽ എഴുതപ്പെട്ടിട്ടുണ്ട്.

സ്വേഛാധിപത്യ വാഴ്ച്ചയുടെ ദുരന്തഫലങ്ങൾ ഏവർക്കും അറിവുള്ളതാണല്ലോ? മനുഷ്യനു അടിസ്ഥാനപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്ന അവസ്ഥ. മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യവും, പ്രവർത്തന സ്വാതന്ത്ര്യവും എന്തിനു, അവന്റെ അസ്ഥിത്വം പോലും നിഷേധിക്കപെട്ട ഒരു കാലഘട്ടം. ആധുനിക ലോകത്തിലെ കണ്ണുനിറയിക്കുന്ന നിരവധി അനുഭവങ്ങൾ, ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പത്രങ്ങളിലൂടെയും നാം അനുദിനം വായിക്കാറുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിയ്ക്കുന്ന തരത്തിൽ ഉള്ള ആക്രമണങ്ങൾ, പീഡനങ്ങൾ. കോൺസൻട്രെഷൻ ക്യാമ്പുകളിലൂടെ മനുഷ്യനെ പച്ചയ്ക്ക് ചുട്ടു കൊന്ന കഴിഞ്ഞ നൂറ്റാണ്ട്.

സ്വേഛാധിപത്യ വാഴ്ച്ചഭരണത്തിൽ ജീവിതം മടുത്ത ഒരു കാലഘട്ടം. മയക്കുമരുന്നിനു അടിമയായവർ, തീവ്രവാദികളായവർ, നിരപരാധികളെ തട്ടികൊണ്ടുപോകുന്നവർ ഇങ്ങനെ പാപത്തിന്റെ ബന്ധനത്തിൽ അടിമപെട്ടവർ എത്രയോപേർ. ഈ ലോകം മുഴുവൻ അധമവികാരത്തിനു അടിമപെട്ടു എന്നതിൽ യാതൊരു സംശയവുമില്ല.

"ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായ് അവർ കരുതിയതു നിമിത്തം, അധമവികാരത്തിനും അനുചിത പ്രവർത്തികൾക്കും ദൈവം അവരെ വിട്ടു കൊടുത്തു" ഈ വചനത്തിന്റെ പൂർത്തീകരണമാണ് ഇന്നത്തെ ലോക അവസ്ഥക്ക് കാരണമെന്ന് നാം അംഗീകരിച്ചേ തീരു.

(St. John Paul II, S. of C.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »