News - 2024

അൽഫോൻസാ: ദൈവവചനത്തെ മാറോടണച്ചവൾ | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 21

സി. റെറ്റി FCC 21-07-2024 - Sunday

"എന്നെ ദ്രോഹിക്കുകയും വെറുക്കുകയും എതിർക്കുകയും ചെയ്യുന്നവരോട് ക്ഷമിക്കാനും സ്നേഹത്തോടെ വർത്തിക്കാനും എനിക്ക് ശക്തി ലഭിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിൽ നിന്നാണ്. നമ്മോടുള്ള സ്നേഹത്തെ പ്രതി ഈശോ എത്രയേറെ സഹിച്ചു. കുരിശുവഹിക്കാൻ വിശുദ്ധ ഗ്രന്ഥം നമുക്ക് പ്രചോദനം പകരുന്നു"- വിശുദ്ധ അൽഫോൻസാ.

ദൈവവചനത്തെ മറോടണച്ചു നിൽക്കുന്ന അൽഫോൻസാമ്മയുടെ തിരുസ്വരൂപങ്ങളും ചിത്രങ്ങളും നമുക്കു സൂപരിചിതമാണ്. ദൈവവചനത്തെ ഹൃദയത്തോടു ചേർത്തുവച്ചാൽ ജീവിതവിശുദ്ധി സാധ്യമാണന്നു വാചാലമായ മൗനത്തിലൂടെ അൽഫോൻസാമ്മ നമ്മോടുപറയുന്നു.

അമേരിക്കൻ സാഹിത്യകാരനായിരുന്ന മാർക്ക് ട്വയിനിനോട് സുഹൃത്തായ ഒരു ബിസിനസുകാരൻ പറഞ്ഞു :"മരിക്കുന്നതിനു മുമ്പ് വിശുദ്ധനാട് സന്ദർശിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. സീനായി മലയുടെ മുകളിൽ കയറിയിരുന്ന് 10 പ്രമാണങ്ങൾ ഉച്ചത്തിൽ വായിക്കണം". അപ്പോൾ മാർക്ക് ട്വയിൻ പറഞ്ഞു:" ബൊസ്റ്റീലെ നിങ്ങളുടെ വീട്ടിലിരുന്ന് ആ പ്രമാണങ്ങൾ പാലിക്കുന്നതായിരിക്കും അതിനേക്കാൾ പ്രയോജനപ്രദം ". മനുഷ്യർ ദൈവത്തെ അറിയുന്നതിനും അവിടുത്തെ തിരുവിഷ്ടം അനുസരിച്ച് ജീവിക്കുന്നതിനും വേണ്ടി പഴയ നിയമത്തിൽ പത്ത് വചനങ്ങൾ അഥവാ കൽപ്പനകൾ ദൈവം മോശയ്ക്ക് നൽകി.

ദൈവാവിഷ്കരണത്തിന്റെ മുഖ്യപാധിയാണ് വിശുദ്ധഗ്രന്ഥം. ദൈവം വചനത്തിലൂടെയും പ്രവർത്തികളിലൂടെയും സ്വയം വെളിപ്പെടുത്തുന്നു. ഉച്ചരിക്കപ്പെട്ട ദൈവവചനത്തെ നാം വിശുദ്ധ ഗ്രന്ഥം എന്ന് വിളിക്കുന്നു. പുത്രനായ ഈശോ പിതാവിന്റെ വചനമാണ്. മറിയത്തിൽ നിന്ന് മാംസവും മനുഷ്യ സ്വഭാവവും സ്വീകരിച്ച പുത്രൻ തന്നെത്തന്നെ ഹോമബലിയായ അർപ്പിച്ച് മനുഷ്യരേ രക്ഷ സാധിച്ചു.

രണ്ടാം വത്തിക്കാൻ സൂനഹദോസ് പറയുന്നു: "പ്രാർത്ഥിക്കുമ്പോൾ നാം ദൈവവുമായി സംസാരിക്കുന്നു. എന്നാൽ വചനങ്ങൾ വായിക്കുമ്പോൾ ദൈവം നമ്മോടു സംസാരിക്കുന്നു". ബൈബിൾ ദൈവനിവേശതമാണ് വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നു, വിശുദ്ധ ലിഖിതങ്ങൾ എല്ലാം ദൈവം നിവേശിതം ആണ് (2തീമോ 3/16). വചനം ശക്തമാണ്. അങ്ങയുടെ വചനം എന്നേക്കും സുസ്ഥാപിതമാണെന്ന് സങ്കീർത്തകൻ പറയുന്നു (Ps:119/89). ആകാശവും ഭൂമിയും കടന്നുപോയാലും കർത്താവിന്റെ വചനങ്ങൾ കടന്നു പോവുകയില്ല (Lk21/33). അങ്ങേക്കെതിരായി പാപം ചെയ്യാതിരിക്കാൻ അങ്ങയുടെ വചനം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് സങ്കീർത്തകൻ ഉദ്ഘോഷിക്കുകയും വചനത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു (Ps:119/11,162).

അൽഫോൻസാമ്മ ജീവിച്ചിരുന്ന കാലഘട്ടത്തിൽ വിശുദ്ധ ഗ്രന്ഥത്തിന്റെ കോപ്പി കിട്ടുക എളുപ്പമല്ലായിരുന്നു. അന്ന് വിശുദ്ധ ഗ്രന്ഥത്തേക്കാൾ കൂടുതലായി വായിക്കപ്പെട്ടിരുന്നത് വിശുദ്ധരുടെ ജീവചരിത്രം ആയിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷമാണ് ബൈബിൾ വായന വ്യാപകമായത്. എന്നാൽ അൽഫോൻസാമ്മയ്ക്ക് സ്വന്തമായി ബൈബിളിന്റെ കോപ്പി ഉണ്ടായിരുന്നു. നിത്യവ്രത വാഗ്ദാനം നടത്തുന്ന സിസ്റ്ററിന് ധാരാളം സമ്മാനങ്ങൾ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മറ്റും ലഭിക്കുമായിരുന്നു. നിത്യവ്രത വാഗ്ദാനത്തിന് ഞാനെന്തു സമ്മാനമാണ് നൽകേണ്ടത് എന്ന് ബഹുമാനപ്പെട്ട ആണ്ടുമാലിൽ എമ്മാനുവൽ അച്ചൻ അൽഫോൻസാമ്മയോട് ചോദിച്ചു.

ബൈബിളിന്റെ ഒരു കോപ്പിയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് അൽഫോൻസാമ്മ പറഞ്ഞു. അദ്ദേഹം മാന്നാനത്തുനിന്ന് വിശുദ്ധ ഗ്രന്ഥത്തിന്റെ ഒരു കോപ്പി വാങ്ങി അവൾക്ക് സമ്മാനമായി നൽകി. വളരെ സന്തോഷപൂർവ്വം അത് സ്വീകരിച്ച് ഒരു അമൂല്യനിധിയായി സൂക്ഷിക്കുകയും വളരെ ആദരപൂർവ്വം തന്നെ ആത്മീയ പോഷണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു. കൂടെക്കൂടെ അൽഫോൻസാമ്മ ബൈബിൾ വചനങ്ങൾ പ്രത്യേകിച്ച് സുവിശേഷ ഭാഗങ്ങൾ വായിച്ചിരുന്നു . വിലമതിക്കാനാവാത്ത ഒരു തിരുശേഷിപ്പ് പോലെ അവൾ ബൈബിളിനെ കണക്കാക്കി.

അൽഫോൻസാമ്മ വിശുദ്ധ ഗ്രന്ഥം കയ്യിലെടുക്കുകയും തുറക്കുകയും വായിക്കുകയും അടച്ചുവെക്കുകയും ചെയ്യുമ്പോൾ പ്രകടിപ്പിച്ചിരുന്ന ഭക്തിയും ആദരവും വിസ്മയപൂർവ്വം ചില സഹോദരിമാർ നോക്കിനിൽക്കുമായിരുന്നു. അൽഫോൻസാമ്മ ഒരിക്കൽ ബഹുമാനപ്പെട്ട ഉർസുലാമ്മയോട് അമ്മയോട് പറഞ്ഞു:" എന്നെ ദ്രോഹിക്കുകയും വെറുക്കുകയും എതിർക്കുകയും ചെയ്യുന്നവരോട് ക്ഷമിക്കാനും സ്നേഹത്തോടെ വർത്തിക്കാനും എനിക്ക് ശക്തി ലഭിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിൽ നിന്നാണ്. നമ്മോടുള്ള സ്നേഹത്തെ പ്രതി ഈശോ എത്രയേറെ സഹിച്ചു.

കുരിശുവഹിക്കാൻ വിശുദ്ധ ഗ്രന്ഥം നമുക്ക് പ്രചോദനം പകരുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ അൽഫോൻസാമ്മ തന്റെ സുഹൃത്തുക്കളെ ഉപദേശിച്ചിരുന്നു സുവിശേഷങ്ങളിലെ ഈശോയെ നമ്മൾ അനുകരിക്കണം. അവിടുത്തെ ജീവിതം ആഴത്തിൽ ഗ്രഹിക്കുകയും ഏറ്റവും നിസ്സാരമായ വിശദാംശങ്ങളിൽ പോലും അവിടുത്തെ പിൻചെല്ലുകയും ചെയ്യണം. എല്ലാദിവസവും ദൈവവചനം വായിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ. സുവിശേഷങ്ങളിലെ യേശുവിന്റെ ജീവിതവും സന്ദേശവും അവൾ നിരന്തരം ധ്യാന വിഷയമാക്കി.

ഏശയ്യ പ്രവാചകൻ വരച്ചു കാണിക്കുന്ന സഹിക്കുന്ന ദാസന്റെ ചിത്രം അൽഫോൻസാമ്മയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. അക്കാര്യം അവൾ ഒരു സഹോദരിയോട് വെളിപ്പെടുത്തുകയുണ്ടായി. സഹിക്കുന്ന ദാസനുമായി അവരുടെ ആത്മാവ് താദാത്മ്യം പ്രാപിക്കുവാൻ വിശുദ്ധ ഗ്രന്ഥ വായന നിമിത്തമായി. സഹനത്തിൽ അൽഫോൻസാമ്മയ്ക്ക് സമാശ്വാസം പകരാൻ ശ്രമിച്ച സഹോദരിയോട് അവൾ പറഞ്ഞു:

"അരുത് സിസ്റ്റർ, വിശുദ്ധ ഗ്രന്ഥത്തിൽ, മക്കബായക്കാരി സ്ത്രീ തന്റെ മക്കളെ മരണത്തിന് പ്രേരിപ്പിച്ചതു വായിച്ചിട്ടില്ല? അതുപോലെയാണ് സിസ്റ്റർ ചെയ്യേണ്ടത്. സഹിക്കാൻ എന്നെ ഒരുക്കുക. " മാർ ജോസഫ് കല്ലെറങ്ങാ ട്ട് വിശദീകരിക്കുന്നു : ആധ്യാത്മിക പിതാക്കന്മാരുടെ ഭാഷയിൽ പറഞ്ഞാൽ ഈശോമിശിഹാ അൽഫോൻസാമ്മയെ സ്വന്തമാക്കി, അൽഫോൻസാമ്മ മിശിഹായെയും.

ദൈവവചനത്തിൽ മായം ചേർക്കാതെ ജീവിതത്തിലൂടെ വ്യാഖ്യാനിച്ച് അൽഫോൻസാമ്മ തിരുവചനങ്ങളുടെ ഒരു കമന്ററി തന്നെയാണ്.തിരുവചനം മനസ്സിലാക്കി നാം ജീവിക്കുമ്പോൾ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത വിജയത്തിൽ ആണ് നാം എത്തിച്ചേരുന്നത്. അതിനാൽ ദൈവത്തിന്റെ വചനം നമ്മുടെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവും ആയിരിക്കട്ടെ... അൽഫോൻസാമ്മയെ അനുകരിച്ച് ദൈവവചനം വായിക്കാനും പഠിക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും അമ്മയുടെ മാതൃക നമുക്ക് പ്രചോദനവും അമ്മയുടെ മാധ്യസ്ഥം നമുക്ക് സഹായവും ആയിരിക്കട്ടെ.


Related Articles »