News

"പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്" രണ്ടാം ഭാഗം ചരിത്രത്തിലെ ഏറ്റവും വലിയ ചലച്ചിത്രമായിരിക്കുമെന്ന് ജിം കാവിയേസല്‍

സ്വന്തം ലേഖകന്‍ 31-01-2018 - Wednesday

ന്യൂയോര്‍ക്ക്: ‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ മെഗാഹിറ്റ്‌ ചിത്രത്തിന്റെ രണ്ടാം ഭാഗം ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കുമെന്ന് ആദ്യ ചിത്രത്തില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്ത നടന്‍ ജിം കാവിയേസല്‍. പുതിയ സിനിമയെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും തുറന്നു പറയുവാന്‍ തനിക്ക് കഴിയില്ലെങ്കിലും, ഇതൊരു മഹത്തായ സിനിമയായിരിക്കുമെന്നും പ്രേഷകരെ പിടിച്ചിരുത്തുവാന്‍ ഉതകുന്ന കാര്യങ്ങള്‍ പുതിയ സിനിമയിലുണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും നടന്നു വരികയാണെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സിനിമയിലും യേശുവിന്റെ വേഷം ജിം കാവിയേസല്‍ തന്നെയായിരിക്കും കൈകാര്യം ചെയ്യുക. പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് സംവിധായകനും, നടനും ഓസ്കാര്‍ അവാര്‍ഡ് ജേതാവുമായ മെല്‍ ഗിബ്സനാണ് ചിത്രം ഒരുക്കുന്നത്. ചിത്രീകരണത്തിന്റെ ഷെഡ്യൂള്‍ തീരുമാനിച്ചുവെങ്കിലും അതും പുറത്തു വിടാന്‍ സാധിക്കില്ലായെന്നും പുതിയ പദ്ധതിയെക്കുറിച്ച് മെല്‍ ഗിബ്സണുമായി നടത്തിയ ചര്‍ച്ചകള്‍ തനിക്ക് പ്രചോദനം നല്‍കുന്നുവെന്നും കാവിയേസല്‍ പറയുന്നു.

ആദ്യ സിനിമ യേശുവിന്റെ ജീവിതത്തിലെ അവസാന 12 മണിക്കൂറുകളെ കുറിച്ചാണ് പറയുന്നതെങ്കില്‍ പുതിയ സിനിമ യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ചായിരിക്കും പറയുക. 2016-ല്‍ ‘അമേരിക്ക ടുഡേ’ ന്യൂസ്പേപ്പറിന് നല്‍കിയ ഒരഭിമുഖത്തില്‍ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകള്‍ മെല്‍ ഗിബ്സന്‍ നേരത്തെ നല്‍കിയിരുന്നു. 2004-ല്‍ മെല്‍ ഗിബ്സന്‍ സംവിധാനം ചെയ്ത ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രം സിനിമാ ചരിത്രത്തിലെ നാഴികകല്ലായിരുന്നു.

30 ദശലക്ഷം ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ച സിനിമ ആഗോള തലത്തില്‍ 611 ദശലക്ഷം ഡോളറാണ് വാരികൂട്ടിയത്. 370.8 ദശലക്ഷം ഡോളറിന്റെ കളക്ഷനുമായി വടക്കേ അമേരിക്കയില്‍ ആര്‍ റേറ്റഡ് ചിത്രങ്ങളില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’.