News - 2025

ഓരോ രോഗവും, യേശുവിന്റെ അനന്ത കാരുണ്യത്തിന് നമ്മെ ഏല്പിച്ചു കൊടുക്കാനുള്ള അവസരം: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകൻ 31-01-2016 - Sunday

രോഗങ്ങൾ, യേശുവിന്റെ അനന്ത കാരുണ്യത്തിന് നമ്മെ തന്നെ ഏല്പിച്ചു കൊടുക്കാനുള്ള അവസരമാണന്ന് ഫ്രാൻസിസ് മാർപാപ്പ. രോഗങ്ങൾ നമ്മുടെ വിശ്വസത്തെ ഉലയ്ക്കാം; രോഗശയ്യയിൽ ദൈവകാരുണ്യത്തിൽ സംശയം നേരിടാം; ഈ അവസരത്തിലെല്ലാം പരിശുദ്ധ കന്യാമറിയത്തിന്റെ സഹായം തേടാൻ അദ്ദേഹം 24-മത് രോഗബാധിതരുടെ ലോകദിനത്തിനയച്ച സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

ഗുരുതരമായ രോഗാവസ്ഥ മനുഷ്യന്റെ അസ്തിത്വത്തെ പ്രതിസന്ധിയിലാക്കുന്നു. ആഴത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ മനുഷ്യൻ പകച്ചു നിൽക്കുന്ന ജീവിത സന്ധിയാണത്. രോഗത്തോടുള്ള ആദ്യ പ്രതികരണം രോഷമാണ്. ഇത് എന്തുകൊണ്ട് എനിക്ക് സംഭവിച്ചു?

നമ്മൾ നിരാശയിൽ പതിക്കുന്നു. എല്ലാം നഷ്ടപ്പെട്ടതായി നമ്മൾ കരുതുന്നു... ഒന്നിനും അർത്ഥമില്ലെന്ന് തോന്നിപ്പോകുന്ന നിമിഷമാണത്. ദൈവ വിശ്വാസം നഷ്ടപ്പെടാവുന്ന നിമിഷങ്ങളാണവ. പക്ഷേ, വിശ്വാസത്തിന്റെ ശക്തി വെളിപ്പെടുന്ന നിമിഷങ്ങളും അവ തന്നെയാണ്.

വിശ്വാസത്തിൽ രോഗവും ദുരിതവും ഒന്നോടെ ഇല്ലാതാകുന്നില്ല; പ്രത്യുത, യേശു നമ്മോടൊപ്പമുണ്ട് എന്ന തിരിച്ചറിവിന്റെ ശക്തി നമുക്ക് അനുഭവിക്കാനാകുന്നു. ആ തിരിച്ചറിവിന്റെ താക്കോൽ മേരിയാണ്, യേശുവിന്റെ സാമീപ്യം നേരിട്ട് അനുഭവിച്ചിട്ടുള്ള മേരി!

വിശുദ്ധ നാടുകളിൽ ഫെബ്രുവരി 11-ന് ആചരിക്കപ്പെടാൻ പോകുന്ന 'രോഗികളുടെ ദിനാചരണ'ത്തോട് അനുബന്ധിച്ചാണ് പിതാവ് ഈ സന്ദേശം അയച്ചത്. ലൂർദ്ദ് മാതാവിന്റെ തിരുനാളും അന്നേ ദിവസം തന്നെയാണ് ആഘോഷിക്കപ്പെടുന്നത്. ലോക ദിനാചരണത്തിന്റെ ആഴ്ച്ചയിൽ വിശുദ്ധനാടുകളിൽ രോഗികൾക്കായി പ്രത്യേക പ്രാർത്ഥനയും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

കത്തോലിക്കാ സഭയിലെ വിവിധ വിഭാഗങ്ങളിലെ മെത്രാന്മാർ രോഗികൾക്കായി ലേപന കർമ്മം നിർവ്വഹിക്കും. ജറുസലേമിലും ബെത്ലഹേമിലും റമലയിലുമായാണ് ഈ ചടങ്ങുകൾ നടത്തുക. പാലസ്തീനിലെ എല്ലാ ഭാഗങ്ങളിലുള്ളവർക്കും കൂദാശ സ്വീകരണത്തിനുള്ള സൗകര്യമൊരുക്കാനാണ് അധികൃതർ തയ്യാറെടുക്കുന്നത്.

യേശു പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ബന്ധനസ്ഥനാക്കപ്പെട്ട ഗെദ്സമേനിൽ ഫെബ്രുവരി 10-ന് വിഭൂതി തിരുനാൾ ആഘോഷിക്കപ്പെടും. ആരാധനയിൽ പങ്കെടുക്കുന്നവർ, കരിക്കുറി ചടങ്ങിനു ശേഷം ഗെദ്സമേൻ ദേവാലയത്തിലെ വിശുദ്ധ കവാടത്തിലൂടെ അകത്ത് പ്രവേശിക്കും.

യേശു ജീവിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്ത സ്ഥലങ്ങളിൽ തന്നെയാണ് ആഘോഷങ്ങൾ നടക്കുന്നത്. യേശുവിന്റെ ആദ്യത്തെ അത്ഭുത പ്രവർത്തന വേദിയായ കാനായിലെ കല്യാണ വിരുന്ന്, പിതാവ് തന്റെ സന്ദേശത്തിൽ പരാമർശിച്ചു. തന്റെ മാതാവിന്റെ പ്രേരണയിലാണ് യേശു ആദ്യത്തെ അത്ഭുതം പ്രവർത്തിക്കുന്നത്.

കാനായിലെ വിവാഹവിരുന്ന് തിരുസഭയുടെ ചിത്രം തന്നെയാണ് നൽകുന്നത്. ശിഷ്യന്മാർക്ക് നടുവിലായി യേശുവുണ്ട്; കരുണയോടെ അത്ഭുതം പ്രവർത്തിച്ചു കൊണ്ട് യേശു തന്റെ അമ്മയുടെ അഭീഷ്ടം നിറവേറ്റികൊടുക്കുന്നു.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കുന്ന, അവരുടെ സന്തോഷത്തിൽ പങ്കുകൊള്ളുന്ന, ഒരമ്മയെയാണ് നാം കാണുന്നത്. വിവാഹ വീട്ടിലെ സങ്കടം തീർക്കാനായി ആ അമ്മ തന്റെ മകന്റെ സഹായം അർത്ഥിക്കുന്നു. അമ്മയുടെ മാദ്ധ്യസ്ഥം മകന് തള്ളിക്കളയാനാവില്ല.

സഭയുടെ ഭാഗ്യമാണ് ആ അമ്മ. നമ്മുടെ വിഷമങ്ങളിൽ മാതാവ് നമുക്ക് മദ്ധ്യസ്ഥയാകുന്നു. നമ്മുടെ വിശ്വാസത്തിനനുസരിച്ച് അവിടെ യേശുവിന്റെ അത്ഭുതം നടക്കും.

ദൈവത്തിന്റെ കാരുണ്യമാണ് നമുക്ക് കന്യകാമേരിയിൽ കാണാൻ കഴിയുന്നത്. ഈ കാരുണ്യം രോഗികളുടെയും പീഠിതരുടെയും ആശ്വാസമാണ്. വിശ്വാസത്തോടെ നാം മാതാവിന്റെ മാദ്ധ്യസ്ഥതയ്ക്കായി പ്രാർത്ഥിക്കുക. ശാരീരിക സുഖത്തിനും അപ്പുറത്തുള്ള, യേശുവിന്റെ സമാധാനം നമുക്ക് ലഭിക്കും.

രോഗികളെ പരിചരിക്കുന്നവരെ പറ്റി പിതാവ് ഇങ്ങനെ പറഞ്ഞു: രോഗീപരിചരണത്തിൽ നാം ദൈവത്തിന്റെ കരങ്ങളാകുകയാണ്, ദൈവത്തിന്റെ ഹൃദയമാകുകയാണ്, ദൈവത്തിന്റെ അത്ഭുതങ്ങൾക്കുള്ള വഴിയാകുകയാണ്!

രോഗവും ദുരിതവും ഒരു നിഗൂഢ രഹസ്യമാണ്. യേശു വിശ്വസികൾക്കായി അതിന്റെ അർത്ഥം വെളിവാക്കി തരുന്നു.

ക്രൈസ്തവരും യഹൂദന്മാരും മുസ്ലീങ്ങളുമായുള്ള ചർച്ചകൾക്കും നല്ല ബന്ധത്തിനും, വിശുദ്ധനാടുകളിലെ ഈ ആഘോഷ പരിപാടികൾ കാരണമാകുമെന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.

(Source: Ewtn News)