News
ഫിലിപ്പയിൻസിലെ സെബുവിൽ നടന്നു വന്ന ഇന്റർനാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസ് സമാപിച്ചു
അഗസ്റ്റസ് സേവ്യർ 02-02-2016 - Tuesday
ഫിലിപ്പയിൻസിലെ സെബുവിൽ നടന്നു വന്ന ഇന്റർനാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസ് (International Eucharistic Congress), ജനുവരി 31-ന് സമാപിച്ചു. വത്തിക്കാൻ റേഡിയോയിലെ സീൻ പാട്രിക് ലൊവെറ്റ്, 51-ാം യൂക്കാറിസ്റ്റിക് കോൺഗ്രസിന്റെ വിശദവിവരങ്ങൾ സെബുവിൽ നിന്നും റിപ്പോർട്ട് ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അൽമേയരും വൈദീകരും പങ്കെടുത്ത, ഒരാഴ്ച്ച നീണ്ടു നിന്ന ആഘോഷ പരിപാടികളുടെ സമ്മേളനം ഫ്രാൻസിസ് മാർപാപ്പയുടെ ഒരു വീഡിയോ സന്ദേശത്തോടെയാണ് സമാപിച്ചത്.
ഈ സമ്മേളനത്തിൽ 70-ൽ പരം രാജ്യങ്ങളിൽ നിന്നുള്ള 15000 പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി. സമ്മേളനത്തിന്റെ സംഘാടനവും ശൈലിയും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്ന തരത്തിലുള്ളതായിരുന്നു എന്ന് പാട്രിക് ലൊവെറ്റ് സാക്ഷ്യപ്പെടുത്തി.
യൂക്കറിസ്റ്റിക് കോൺഗ്രസ് വേദിയിലെ മറ്റൊരു പ്രധാനപ്പെട്ട ചടങ്ങായിരുന്നു, 5000 കുട്ടികളുടെ ആദ്യകുർബ്ബാനാ സ്വീകരണം.
ഇന്നത്തെ ലോകത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒട്ടനവധി വിഷയങ്ങളെ പറ്റി പ്രഗൽഭരായ പ്രാസംഗികർ നടത്തിയ പ്രഭാഷണങ്ങൾ ശ്രോതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു.
സമ്മേളനത്തിന്റെ മറ്റൊരു ആകർഷണം, രാത്രിയിൽ നടന്ന മെഴുകുതിരി പ്രദിക്ഷണമായിരുന്നു. മെഴുകുതിരി പിടിച്ചു കൊണ്ടുള്ള വിശ്വാസികളുടെ നിര അഞ്ചു കിലോമീറ്ററോളം നീളത്തിൽ സെബു തെരുവുകളെ പ്രകാശമാനമാക്കി. സമൂഹത്തിന്റെ എല്ലാ തട്ടിലും ഉൾപ്പെട്ട,, എല്ലാ പ്രായത്തിലുമുള്ള, 20 ലക്ഷത്തോളം വിശ്വാസികളാണ് മെഴുകുതിരി പ്രദിക്ഷണത്തിൽ പങ്കെടുത്തത്.പ്രദിക്ഷണത്തിന്റെ അന്ത്യത്തിൽ പൊതുവേദിയിൽ നടത്തിയ ദിവ്യബലിയിലും അത്രത്തോളം വിശ്വാസികൾ പങ്കെടുത്തു.
ഫിലിപ്പിനോകളുടെ ആഘോഷ പ്രകൃതിയെ പുകഴ്ത്തി കൊണ്ടാണ് പാട്രിക് ലൊവെറ്റ് തന്റെ റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. പാട്ട്, വിരുന്ന്, വിശ്വാസത്തിന്റെ ആഘോഷം- ഫിലിപ്പിനോകളുടെ സംസ്ക്കാരത്തെ നിർവചിക്കുന്ന ഈ മൂന്നു കാര്യങ്ങൾ അവരുടെ ദേശീയ സ്വഭാവമാണെന്ന്, യൂക്കറിസ്റ്റിക് കോൺഗ്രസിലെ അവരുടെ പങ്കാളിത്വത്തിൽ നിന്നും വ്യക്തമാകുന്നതായി പാട്രിക് ലൊവെറ്റ് അഭിപ്രായപ്പെടുന്നു.
യൂക്കറിസ്റ്റിക് കോൺഗ്രസിന്റെ അടുത്ത സമ്മേളനം 2020-ൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ വച്ച് നടത്തപ്പെടുന്നതാണെന്ന് പിതാവ് സന്ദേശത്തിൽ സൂചിപ്പിച്ചു.
