Editor's Pick - 2024

വി.കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ തിരുഹൃദയത്തോടു ചെയ്യപ്പെടുന്ന നിന്ദാപമാനങ്ങള്‍ക്കു പരിഹാരജപം.

08-07-2015 - Wednesday

(ആദ്യവെള്ളിയാഴ്ചയും മറ്റും ഇതു ചൊല്ലുന്നതു നല്ലത്)



ഞങ്ങളുടെ ദിവ്യരക്ഷകനായ ഈശോമിശിഹായുടെ തിരുഹൃദയമേ! ഞങ്ങള്‍ പാപികളാണെന്നറിയുന്നു. എങ്കിലും അങ്ങേ ദയയില്‍ ശരണപ്പെട്ടുകൊണ്ട് അങ്ങേ സന്നിധിയണയുന്നു. ഞങ്ങളുടെമേല്‍ അലിവായിരിക്കണമെന്ന് ഭക്തിയോടെ സാഷ്ടാംഗം വീണ് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ പാപങ്ങളേയും നന്ദികേടിനേയുംപറ്റി ചിന്തിച്ച് ഏറ്റവും മനസ്താപപ്പെടുന്നു. പാപങ്ങളെ എല്ലാം എന്നന്നേയ്ക്കും ഇല്ലാതാക്കുന്നതിനും ഞങ്ങളാല്‍ കഴിയുംവണ്ണമെല്ലാം അവയ്ക്കു പരിഹാരം ചെയ്യുന്നതിനും നിശ്ചയിച്ചിരിക്കുന്നു.



ഞങ്ങള്‍ ചെയ്ത പാപങ്ങള്‍ ഓര്‍ത്തു അവിശ്വാസികളും സാമൂഹ്യദ്രോഹികളും അങ്ങേയ്ക്കെതിരെ ചെയ്യുന്ന നിന്ദാപമാനങ്ങള്‍ നിമിത്തം, ഏറ്റവും ദു:ഖിച്ചും മനസ്താപപ്പെട്ടുകൊണ്ട് അവയെല്ലാം അങ്ങുന്നു പൊറുക്കുകുയും, സകലരേയും നല്‍വഴിയില്‍ തിരിച്ച് രക്ഷിക്കുകയും ചെയ്യണമെന്ന് അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങേ തിരുഹൃദയത്തോടു ചെയ്യപ്പെട്ട നിന്ദാപമാനദ്രോഹങ്ങള്‍ക്കെല്ലാം പരിഹാരമായിട്ട് അല്പമായ ഞങ്ങളുടെ ആരാധനാസ്തോത്രങ്ങളേയും, സ്വര്‍ഗ്ഗത്തിലെ സകല മാലാഖമാരുടെയും പുണ്യാത്മാക്കളുടേയും, ആരാധനാപുകഴ്ചകളേയും, ഭൂലോകത്തിലുള്ള സകല പുണ്യാത്മാക്കളുടെ സ്തുതി നമസ്കാരങ്ങളേയും, ഏറ്റവും എളിമയോടുകൂടി അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.



ഞങ്ങളുടെ ദിവ്യ ഈശോയേ, ഞങ്ങളുടെ ഏക ശരണമേ! ഞങ്ങളെ മുഴുവന്‍ ഇതാ ഇപ്പോഴും എന്നന്നേയ്ക്കുമായി അങ്ങേ തിരു ഹൃദയത്തിനു കാഴ്ച വയ്ക്കുന്നു. ഉടയവനേ! ഞങ്ങളുടെ ഹൃദയങ്ങള്‍ അങ്ങ് സ്വാധീനപ്പെടുത്തി ശുദ്ധീകരിച്ച് വിശുദ്ധ ഹൃദയമാക്കി അരുളുക. ഞങ്ങളുടെ ജീവിതകാലമൊക്കെയും സകല ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നും രക്ഷിച്ചരുളേണമേ. അങ്ങ് സകല മനുഷ്യര്‍ക്കുമായി വന്‍ കുരിശില്‍ ചിന്തിയ തിരുരക്തത്തെക്കുറിച്ച് ഈ അപേക്ഷകളെയെല്ലാം കര്‍ത്താവേ! അങ്ങ് കേട്ടരുളേണമേ. ആമ്മേൻ