News

ഏശയ്യ പ്രവാചകന്‍ ജീവിച്ചിരുന്നതിനു തെളിവുമായി ഇസ്രായേലി പുരാവസ്തു ഗവേഷകര്‍

സ്വന്തം ലേഖകന്‍ 23-02-2018 - Friday

ജറുസലേം: യേശുവിന്റെ വരവിനെ കുറിച്ച് പ്രവചിച്ച ഏശയ്യ പ്രവാചകന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നുവെന്നതിന് തെളിവുമായി ഇസ്രായേലി പുരാവസ്തു ഗവേഷകര്‍. ‘ബിബ്ലിക്കല്‍ ആര്‍ക്കിയോളജി റിവ്യൂ’ എന്നപേരില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ഡോ. ഏലിയട്ട് മാസറിന്റെ നേതൃത്വത്തിലുള്ള പുരാവസ്തുഗവേഷക സംഘമാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ‘പ്രവാചകനായ ഏശയ്യ’ എന്ന മുദ്ര പതിപ്പിച്ചിട്ടുള്ള 0.4 ഇഞ്ച്‌ വ്യാസമുള്ള കളിമണ്‍ കഷണമാണ് കണ്ടത്തിയിരിക്കുന്നതെന്ന് ഡോ. മാസര്‍ വ്യക്തമാക്കി.

ജെറുസലേമിലെ പുരാതന ക്ഷേത്രമിരുന്ന കുന്നിന് താഴെയുള്ള സ്ഥലങ്ങളില്‍ ‘ഓഫെല്‍ എക്സ്കവേഷന്‍’ എന്ന പേരില്‍ നടത്തിവരുന്ന ഗവേഷണങ്ങളുടെ ഭാഗമായി നടത്തിയ ഉദ്ഖനനത്തിനിടയില്‍ ലോഹയുഗത്തിലെ അവശേഷിപ്പുകള്‍ക്കിടയില്‍ നിന്നുമാണ് ‘ബുള്ള’ എന്നറിയപ്പെടുന്ന മുദ്ര കണ്ടെത്തിയത്. ‘Yesha’yah[u] Nvy എന്ന് ഹീബ്രു അക്ഷരങ്ങളില്‍ രേഖപ്പെടുത്തിയ ബുള്ളയാണ് കണ്ടെത്തിരിക്കുന്നത്. ഇതില്‍ Yesha’yah[u] എന്നാല്‍ 'ഏശയ്യ' എന്നാണ്. Nvy എന്നത് 'പ്രവാചകന്‍' എന്നതിന്റെ ഹീബ്രുപദത്തിന്റെ ആദ്യത്തെ മൂന്ന്‍ അക്ഷരങ്ങളാണ്. 2015-ല്‍ ഹെസക്കിയ രാജാവിന്റെ ബുള്ള കണ്ടെത്തിയതിന്റെ അടുത്തു നിന്നുമാണ് ഏശയ്യാ പ്രവാചകന്റെ ബുള്ളയും കണ്ടെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ബി.സി. 691നും 533നും ഇടക്ക് ഹെസക്കിയ രാജാവിന്റെ ഭരണകാലത്താണ് ഏശയ്യ പ്രവാചകന്‍ ജീവിച്ചിരുന്നതെന്ന വസ്തുത ഈ കണ്ടെത്തലിന്റെ സാധുതയെ വര്‍ദ്ധിപ്പിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിലും, യഹൂദമതത്തിലും ഒരുപോലെ പ്രാധാന്യം നല്‍കുന്ന പ്രവാചകനാണ് ഏശയ്യ. ജെറുസലേമിലെ ഗവര്‍ണറുടെ 2,700-ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ബുള്ളയും അടുത്തിടെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള യഹൂദ ജനതയുടെ ഭരണപരമായ സാന്നിധ്യവും, യഹൂദരുടെ ഭരണഘടനയെക്കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചരിത്രസത്യമാണെന്നാണ് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.


Related Articles »