News - 2025
സെന്റ് പീറ്റേർസ് ബസലിക്കയിൽ വച്ച്, ലൂഥറൻ വിഭാഗത്തിലുള്ളവർ ദിവ്യകാരുണ്യ സ്വീകരണം നിർവ്വഹിച്ചത് തെറ്റ് തന്നെയെന്ന് ഫിൻലന്റിലെ കത്തോലിക്കാ പ്രതിനിധി
സ്വന്തം ലേഖകൻ 03-02-2016 - Wednesday
ഫിൻലന്റിലെ ലൂഥറൻസിന്റെ ഒരു സംഘം, സെന്റ് പീറ്റേർസ് ബസലിക്കയിൽ ദിവ്യകാരുണ്യം സ്വീകരിച്ചത് തെറ്റാണെന്നും, തിരുസഭ ഇതേ വരെ സഭയുടെ നിയമങ്ങളൊന്നും മാറ്റിയിട്ടില്ലെന്നും ഫിൻലന്റിലെ കത്തോലിക്കാ പ്രതിനിധി അറിയിച്ചു.
തിരുസഭയിലെ അംഗങ്ങൾക്കു ആത്മശുദ്ധീകരണത്തിനു ശേഷം മാത്രം സ്വീകരിക്കാവുന്ന ദൈവത്തിന്റെ ഒരു ദാനമാണ് ദിവ്യകാരുണ്യമെന്ന്, ഹെൽസിങ്കിയിലെ 'കാത്തലിക് ഇൻഫോർമേഷൻ സെന്റ'റിന്റെ ഡയറക്ടർ മാർക്കോ ടെർവാപോർട്ടി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
പ്രസ്തുത ഫിന്നിഷ് സംഘം ലൂഥറൻ സഭയിൽ പെട്ടവരാണ് എന്ന്, സെന്റ് പീറ്റേർസ് ബസലിക്കയിൽ ദിവ്യകുർബ്ബാന അർപ്പിച്ച പുരോഹിതർക്ക് അറിയാമായിരുന്നു എന്നാണ് ഫിന്നീഷ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
വത്തിക്കാനിൽ ഒരു പുതിയ സഭാനിലപാട് ഉണ്ടായിട്ടുണ്ട് എന്ന പ്രചാരണം തെറ്റാണെന്നും, സഭാനിയമങ്ങളും പ്രവർത്തികളും കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുകയാണെന്നും ടെർവാപോർട്ടി അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ സമീപനങ്ങൾ ദിവ്യകാരുണ്യ സ്വീകരണത്തിനു വേണ്ട യോഗ്യതകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല; പകരം, കത്തോലിക്കർ തന്നെ ദിവ്യകാരുണ്യ സ്വീകരണത്തിനു മുമ്പ് തങ്ങളുടെ യോഗ്യതയെ പറ്റി സ്വയം വിചാരണ നടത്തണമെന്നാണ് പിതാവ് ഉദ്ദേശിച്ചിട്ടുളളത്, അദ്ദേഹം പറഞ്ഞു.
"കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ദിവ്യകാരുണ്യം, ക്രൈസ്തവ ജീവിതത്തിന്റെ അർത്ഥവും വിശ്വാസത്തിന്റെ സോതസ്സുമാണ്. അത് നമ്മുടെ വിശ്വാസ പ്രമാണമാണ്. അത് സ്വീകരിക്കുന്നതിന് കത്തോലിക്കർ വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. നമ്മൾ പശ്ചാത്തപത്തോടെ കുമ്പസാരിക്കുകയും ചെറിയ ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു."
അതിനു ശേഷം ടെർവാപോർട്ടി വിശുദ്ധ പൗലോസ് ശ്ലീഹ കൊറിന്തോസുകാർക്ക് എഴുതിയ ലേഖന ഭാഗം ഉദ്ധരിച്ചു: "ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്നും പാനം ചെയ്യുകയും ചെയ്താൽ, അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ പാപം ചെയ്യുന്നു."(1 കൊറി. 11:27)
"വിശുദ്ധ കുർബ്ബാന കൊടുക്കുന്ന എല്ലാവരും തിരുസഭയുടെ എല്ലാ നിയമങ്ങളും അറിയുകയും ഓർത്തിരിക്കുകയും ചെയ്യണമെന്നില്ല. അതു കൊണ്ട് തെറ്റുകൾ സംഭവിക്കാം. അതാണ് ലുഥറൻ സഭാംഗങ്ങളുടെ കാര്യത്തിൽ സംഭവിച്ചത്." അദ്ദേഹം പറഞ്ഞു.
(Source: Catholic Herald)
