News
വിശുദ്ധ പാദ്രെ പിയോയുടെയും വിശുദ്ധ ലെപ്പോൾഡിന്റെയും തിരുശേഷിപ്പുകൾ റോമിൽ
സ്വന്തം ലേഖകൻ 05-02-2016 - Friday
വിശുദ്ധി കൊണ്ടും, കുമ്പസാരമെന്ന കൂദാശയ്ക്കു വേണ്ടിയുള്ള സമർപ്പണം കൊണ്ടും, വ്യഖ്യാതരായ രണ്ടു വിശുദ്ധന്മാരാണ് വി.പീയോയും വി.ലെപ്പോൾഡും. കരുണയുടെ വർഷത്തോടനുബന്ധിച്ച് ഫെബ്രുവരി 3- തിയതി റോമിൽ എത്തിച്ചിട്ടുള്ള ഈ വിശുദ്ധരുടെ തിരുശേഷിപ്പുകൾ 11 വരെ അവിടെ സൂക്ഷിക്കുന്നതാണ്.
വിശുദ്ധ പാദ്രെ പിയോയുടെയും, വിശുദ്ധ ലെപ്പോൾഡ് മാന്ദിക്കിന്റെയും തിരുശേഷിപ്പുകൾ റോമിലെ സാൻ ലൊറൻസോ ബസലിക്കയിൽ കൊണ്ടു വന്നപ്പോൾ, സ്വീകരിക്കാൻ വലിയൊരു ജനകൂട്ടം സന്നിഹിതരായിരുന്നു. അവിടെ നിന്നും തിരുശേഷിപ്പുകൾ സാൻ സാൽവറ്റോർ ദേവാലയത്തിലേക്കും, അതിനു ശേഷം വെള്ളിയാഴ്ച്ച റോമിലെ സെന്റ് പീറ്റേർസ് ബസലിക്കയിലേക്കും കൊണ്ടു പോകും.
ഇതുപോലൊരു അവസരം ചരിത്രത്തിൽ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് ന്യു ഇവാൻജ്ഞെലെസേഷൻ പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ്, ആർച്ച് ബിഷപ്പ് റീനോ ഫിച്ചെല്ല പറഞ്ഞു. "ജീവിതകാലം മുഴുവൻ ദൈവത്തിന്റെ കരുണയുടെ വാഹകരായി കഴിഞ്ഞ വിശുദ്ധരാണ് ഇവർ."
ഈ രണ്ടു വിശുദ്ധരും കുമ്പസാരമെന്ന കൂദാശയ്ക്ക് പേരുകേട്ടവരും, വ്യഖ്യാതരായ ആത്മീയ ഗുരുക്കളും ആയിരുന്നു. രണ്ടു പേരും ഫ്രാൻസിസ്ക്കൻ സഭാംഗങ്ങളായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിശ്വാസികളെ കുമ്പസാരിപ്പിച്ചു കൊണ്ട് ഓരോ ദിവസവും മണിക്കൂറുകളോളം ചിലവഴിച്ച അവർ ഇരുവരും 20-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധന്മാരാണ്.
കരുണയുടെ മിഷിനറിമാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വൈദീകർക്ക് പ്രചോദനമാകാൻ കൂടിയാണ് പിതാവിന്റെ പ്രത്യേക ആഗ്രഹപ്രകാരം ഈ വിശുദ്ധരുടെ തിരുശേഷിപ്പുകൾ റോമിൽ എത്തിച്ചിരിക്കുന്നത്. പിതാവിൽ നിന്നും പ്രത്യേക ദണ്ഡ വിമോചന അധികാരങ്ങൾ സ്വീകരിച്ചു കൊണ്ടായിരിക്കും കരുണയുടെ മിഷിനറിമാരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രയാകുന്നത് എന്ന് ആർച്ച് ബിഷപ്പ് ഫിച്ചെല്ല പറഞ്ഞു.
വിഭൂതി ബുധനാഴ്ച്ച, ആയിരത്തിലേറെ കരുണയുടെ മിഷിനറിമാർ പിതാവിനോടൊപ്പം സെന്റ് പീറ്റേർസ് ബസലിക്കയിൽ ദിവ്യബലിയർപ്പിക്കും. അന്ന് പിതാവ് അവർക്ക് പ്രത്യേക ദണ്ഡ വിമോചന അധികാരങ്ങൾ കൽപ്പിച്ചു കൊടുക്കും. അവിടെ നിന്നുമായിരിക്കും കരുണയുടെ മിഷിനറിമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടങ്ങുക.
(Source: Vatican Radio)
