Tuesday News
വിശുദ്ധവാരത്തില്‍ ദേവാലയങ്ങളിലെ കുരിശുകളും മറ്റ് രൂപങ്ങളും മറയ്ക്കുന്നത് എന്തിന്?
സ്വന്തം ലേഖകന്‍ 27-03-2024 - Wednesday
പീഡാനുഭവ രഹസ്യങ്ങളെ ഏറെ പ്രത്യേകമായി ധ്യാനിക്കുന്ന വിശുദ്ധ ആഴ്ചയില്‍, ദേവാലയങ്ങളിലെ കുരിശുകളും, മറ്റ് തിരുസ്വരൂപങ്ങളും തുണികൊണ്ട് മറച്ചു വെക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? കാല്‍വരിയിലെ വേദനാജനകമായ നിമിഷങ്ങളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന രൂപങ്ങളും, ചിത്രങ്ങളും ഏറെ നല്ലതല്ലേ? കാഴ്ചക്ക് ഏറ്റവും മനോഹരങ്ങളായ രൂപങ്ങളും കുരിശുകളും ഇങ്ങനെ മൂടിവെക്കുന്നതിന്റെ കാരണമെന്ത് ? ഇതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ വിഷയത്തെ കുറിച്ചാണ് നാം ഇനി വിചിന്തനം നടത്തുവാന്‍ പോകുന്നത്. തിരുസ്വരൂപങ്ങള്‍ തുണികൊണ്ട് മറക്കുന്ന നടപടി പല രാജ്യങ്ങളിലും പല രൂപതകളിലും വ്യത്യസ്ഥമാണ്.
അമേരിക്കന്‍ രൂപതകളിലെ ദേവാലയങ്ങളില്‍ നോമ്പിന്റെ അഞ്ചാമത്തെ ഞായര്‍ മുതല്‍ ഇപ്രകാരം കുരിശുകളും, വിശുദ്ധ രൂപങ്ങളും മറച്ചു വെക്കുന്നുണ്ടെന്ന് റോമന്‍ മിസ്സാലില്‍ പറഞ്ഞിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ചയിലെ കര്‍മ്മങ്ങള്‍ തീരുന്നത് വരെയാണ് കുരിശുരൂപങ്ങള്‍ മറക്കുന്നത്. എന്നാല്‍ മറ്റ് രൂപങ്ങള്‍ പുനരുത്ഥാനത്തിന്റെ സ്മരണാബലി അവസാനിക്കുന്നത് വരെ മൂടിവെക്കുന്നു. ജര്‍മ്മനിയിലെ ദേവാലയങ്ങളില്‍ നോമ്പ് കാലം മുഴുവനും അള്‍ത്താര തന്നെ പൂര്‍ണ്ണമായും മറക്കുകയാണ് ചെയ്യുന്നത്. കുരിശുകളും മറ്റ് രൂപങ്ങളും ഇങ്ങനെ മൂടിവെക്കുന്നതിന്റെ കാരണമെന്ത് എന്നു ചോദിച്ചാല്‍ ഇതിന് ലഭിക്കുന്ന ലളിതമായ ഒരു ഉത്തരമുണ്ട്.
നോമ്പിന്റെ അവസാനത്തോടടുക്കുമ്പോള്‍ ഇത്തരത്തില്‍ കുരിശുകളും രൂപങ്ങളും മറച്ചു വെക്കുന്നത് വഴി പുനരുത്ഥാനത്തെക്കുറിച്ചുള്ള ചിന്ത നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇതിന്റെ പിന്നിലുള്ളത്. കുരിശും, രൂപങ്ങളും മൂടിയിട്ടുള്ള തുണി, പുനരുത്ഥാന ഞായറിനു വേണ്ടിയുള്ള നമ്മുടെ ആഗ്രഹവും, ആകാംക്ഷയും വര്‍ദ്ധിപ്പിക്കുന്നു. ഈ മൂടുപടം ഈസ്റ്ററിനെക്കുറിച്ചുള്ള പുതിയൊരു വാഗ്ദാനം നമുക്ക് തരികയാണ് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ പലപ്പോഴും ദേവാലയത്തിനകത്തുള്ള കുരിശു രൂപങ്ങളിലേക്കും, വിശുദ്ധരുടെ രൂപങ്ങളിലേക്കും തിരിയുവാന്‍ സാധ്യതയുണ്ട്. ഈ ശ്രദ്ധമാറ്റം തടഞ്ഞു കര്‍ത്താവിന്റെ പീഡാസഹനങ്ങളെക്കുറിച്ചും, ഉത്ഥാനത്തെ കുറിച്ചും ഉള്ളിന്റെ ഉള്ളില്‍ കൂടുതല്‍ ധ്യാനിക്കുന്നതിന് ഈ പതിവ് ഏറെ സഹായിക്കുന്നു.
ഒരുപക്ഷേ ഈ കുറിപ്പ് വായിക്കുമ്പോള്‍ തന്നെ, മനസ്സും ഹൃദയവും സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുന്നതിന് നമുക്ക് ഇതുപോലൊരു മൂടുപടത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം നമ്മില്‍ പലര്‍ക്കും ഉണ്ടാകാം. എന്നാല്‍ അതിനു വ്യത്യസ്ഥമായ അര്‍ത്ഥതലങ്ങള്‍ ഉണ്ട്. ആദ്യമായി, നമ്മള്‍ ഇത്തരത്തില്‍ രൂപങ്ങള്‍ മറച്ചിരിക്കുന്നത് കാണുമ്പോള്‍ തന്നെ, ഏറെ പ്രധാനപ്പെട്ട നോമ്പ് കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോയികൊണ്ടിരിക്കുന്നതെന്ന ചിന്ത നമ്മളില്‍ ഉണ്ടാകും. കാരണം മറ്റ് അവസരങ്ങളില്‍ ഒന്നും ഇത്തരത്തില്‍ തിരുസ്വരൂപങ്ങള്‍ മറക്കുന്നില്ലല്ലോ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പെസഹ വ്യാഴം, ദുഃഖവെള്ളി, ഉയിര്‍പ്പു ഞായര്‍ തുടങ്ങിയ സവിശേഷ ദിവസങ്ങള്‍ക്കായി ഒരുപാട് ആധ്യാത്മിക തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമാണ് നോമ്പ് കാലത്തിന്റെ അവസാന ആഴ്ച. രൂപങ്ങള്‍ മറച്ചുവെച്ചിരിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അനുഭവപ്പെടുന്ന ആ അസ്വാഭാവികത നമ്മളില്‍ നോമ്പിന്റെ ഓര്‍മ്മ ഉണര്‍ത്തുന്നു.
രണ്ടാമതായി, വിശുദ്ധ കുര്‍ബാനയില്‍ വൈദീകന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ ഈ മൂടുപടങ്ങള്‍ നമ്മെ സഹായിക്കും. അതുപോലെ തന്നെ കുരിശിന്റെ വഴി ചൊല്ലുമ്പോഴും, യേശുവിന്റെ പീഡാനുഭവ ചരിത്രം ശ്രവിക്കുമ്പോഴും മറ്റ് കാഴ്ചകളിലേക്ക് പോകാതെ നമ്മള്‍ ആ സംഭവങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിക്കുകയാണെന്ന പ്രതീതി നമ്മളില്‍ ഉണര്‍ത്തുവാനും ഇതിനു കഴിയും. മൂന്നാമതായി, പുനരുത്ഥാന ഞായറിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ അനുഭവവും ഈ മൂടുപടങ്ങള്‍ നമുക്ക് നല്‍കുന്നു.
നിത്യവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരാണെങ്കില്‍ നമ്മളില്‍ തീര്‍ച്ചയായും ഈ ഒരു അനുഭവം ഉണ്ടാകും. കാരണം എന്നും നമ്മള്‍ കാണുന്ന തിരുസ്വരൂപങ്ങള്‍ മറക്കപ്പെട്ടിരിക്കുന്നു. എത്രയും പെട്ടെന്ന്‍ ആ മൂടുപടങ്ങള്‍ മാറ്റിയാല്‍ മതി എന്ന ചിന്ത ഒരുപക്ഷേ നമ്മളില്‍ ഉയര്‍ന്നേക്കാം. ഇത്തരം ഒരു തോന്നല്‍ കഴിഞ്ഞ നോമ്പുകാലങ്ങളില്‍ അനുഭവപ്പെട്ടവര്‍ ഉണ്ടാകും. ചുരുക്കത്തില്‍ ലളിതമെന്ന് ചിന്തിച്ചാലും ഏറെ ശ്രദ്ധ നല്‍കേണ്ട, പ്രാധാന്യം നല്‍കേണ്ട ചിന്തയാണിത്. അതേസമയം തന്നെ നമ്മുടെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ മൂടുപടം. മറച്ചുവെക്കപ്പെട്ട ഒരു ലോകത്താണ് നമ്മള്‍ ഓരോരുത്തരും ജീവിക്കുന്നതെന്നും അതിനും അപ്പുറം ഒരു പുനരുത്ഥാനമുണ്ടെന്നും ഈ മൂടുപടം നമ്മേ ഓര്‍മ്മപ്പെടുത്തുന്നു.