News - 2024
ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു വധിക്കുന്ന ISIS നടപടി വംശഹത്യയെന്ന് യൂറോപ്യൻ പാർലമെന്റ്
സ്വന്തം ലേഖകൻ 07-02-2016 - Sunday
ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു വധിക്കുന്ന ISIS നടപടി വംശഹത്യയാണെന്നുള്ള പ്രമേയം യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു.
ബ്രിട്ടണിൽ പൊതുസഭയിൽ ഈ വിഷയം ചർച്ച ചെയ്യാനിരിക്കുന്ന അവസരത്തിൽ, യൂറോപ്യൻ പാർലമെന്റ് പാസാക്കിയ ഈ പ്രമേയം, എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും ഒരു പ്രേരകശക്തിയായിരിക്കും എന്ന് കരുതപ്പെടുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് വർഷങ്ങളായി തുടർന്നു വരുന്ന, ക്രൈസ്തവരുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും വധങ്ങൾ, വംശഹത്യയാന്നെന്ന് യൂറോപ്യന്‍ പാർലമെന്റ് പ്രമേയം പാസാക്കിയതോടെ, ISIS സംഘടനയെയും അതിലെ അംഗങ്ങളെയും രാജ്യാന്തര കുറ്റവാളികളായി വിചാരണ ചെയ്യാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്.
ഇതൊരു ചരിത്രമുഹുർത്തമാണെന്ന് ഈ പ്രമേയം അവതരിപ്പിച്ച സ്വീഡീഷ് MEP ലാർസ് എഡാക്ട്സൺ അഭിപ്രായപ്പെട്ടു.
"രാഷ്ട്രീയ തലത്തിലും ധാർമ്മികതയുടെ തലത്തിലും, പ്രമേയം പാസാക്കി എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത് മറ്റ് രാജ്യങ്ങൾക്ക് ഒരു മാർഗ്ഗ നിർദ്ദേശമായി കണക്കാക്കാം." അദ്ദേഹം 'ന്യൂസ് വീക്കി'നോട് പറഞ്ഞു.
മനുഷ്യക്കുരുതിയുടെയും ക്രൂരതകളുടെയും ഇരയായി തീരുന്ന സിറിയയിലെയും ഇറാക്കിയിലെയും ജനങ്ങൾക്ക്, ഈ തീരുമാനം ആശ്വാസമാകുമെന്ന് കരുതാം. യൂറോപ്യൻ പാർലിമെന്റ് മദ്ധ്യപൂർവ്വദേശത്തെ നരഹത്യയെ, വംശഹത്യയെന്ന് അംഗീകരിച്ചതോടെ, ബ്രിട്ടൻ, US തുടങ്ങിയ രാജ്യങ്ങൾ ഈ വിഷയത്തിൽ സമാനമായ തീരുമാനങ്ങളിൽ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
യൂറോപ്യൻ കൗൺസിലിന്റെ പാർലമെന്റാണ് ഇപ്പോൾ പ്രമേയം പാസാക്കിയിരിക്കുന്നത്. യൂറോപ്പിന്റെ വിവിധ രാജ്യങ്ങളിലെ MP - മാർ അടങ്ങുന്ന ഒരു ഉപദേശക സമിതിയാണ് യൂറോപ്യൻ പാർലിമെന്റ്.
(Source: Catholic Herald)