India - 2025
നെയ്യാറ്റിന്‍കര രൂപതയുടെ ആധ്യാത്മിക കേന്ദ്രത്തിന് നേരെ ആക്രമണം; പ്രതിഷേധം വ്യാപകം
സ്വന്തം ലേഖകന്‍ 11-04-2018 - Wednesday
അമരവിള: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ആധ്യാത്മിക കേന്ദ്രമായ വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററിന് നേരെ സാമൂഹ്യ വിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധം വ്യാപകം. രൂപതാ ക്ലര്‍ജി ആന്‍ഡ് റിലീജിയസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ദൈവവിളി ക്യാന്പില്‍ പങ്കെടുക്കാനെത്തിയ പ്ലസ് ടു ക്ലാസിലെ പെണ്‍കുട്ടികളടക്കം 150 ഓളം വിദ്യാര്‍ഥികള്‍ തങ്ങിയിരുന്ന കെട്ടിടത്തിന് നേരെ ഇന്നലെ പുലര്‍ച്ചെയാണ് സാമൂഹ്യ വിരുദ്ധര്‍ ആക്രമണം അഴിച്ച് വിട്ടത്. 100 ഓളം പേരാണ് ആക്രണത്തിന് പിന്നിലെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പേയാട് മൈനര്‍ സെമിനാരി പ്രീഫെക്ട് ഫാ.രാജേഷ് കുറിച്ചിയില്‍ പറഞ്ഞു.
ഗേറ്റ് തകര്‍ത്ത് അക്രമികള്‍ പാസ്റ്ററല്‍ സെന്ററിലേക്ക് കടന്ന സമയം റോഡിനിരുവശത്ത് നിന്നും കെട്ടിടത്തിന് നേരെ ശക്തമായ കല്ലേറും ഉണ്ടായി. കല്ലേറില്‍ രൂപതാ വിദ്യാഭ്യാസ കാര്യാലയം, നിഡ്‌സ് , ഡോര്‍മെറ്ററി , കോറിഡോര്‍ തുടങ്ങിയ ഇടങ്ങളിലെ ജനാല ചില്ലുകള്‍ തകര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം പാസ്റ്ററല്‍ സെന്റര്‍ വളപ്പില്‍ ക്യാന്പ് ഫയര്‍ സംഘടിപ്പിച്ചിരുന്നു ക്യാമ്പില്‍ ക്രിസ്തീയ ഗാനങ്ങളും കൈയടിയും പ്രാര്‍ത്ഥനയും സജീവമായിരുന്നു. ഇതായിരിക്കാം അക്രമികളെ പ്രകോപിതരാക്കിയതെന്നാണ് നിഗമനം. അക്രമത്തിന് ശേഷം വൈദികരെയും കന്യാസ്ത്രികളെയും മണിക്കൂറോളം ചീത്ത വിളച്ച സംഘം പുലര്‍ച്ചെ മൂന്നോടെയാണ് സ്ഥലം വിട്ടത്.
അക്രമത്തില്‍ കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. ലോഗോസ് പാസ്റ്ററല്‍ സെന്റര്‍ ആക്രമണം വര്‍ഗീയതയുടെ പുതിയ രൂപമാണെന്ന് സംഘടന ആരോപിച്ചു. വ്‌ളാങ്ങാമുറിയില്‍ രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ വിവിധങ്ങളായ സെമിനാറുകളും ക്യാന്പുകളും സംഘടിപ്പിക്കപ്പെടുന്നുണ്ട് .എന്നാല്‍ ഇപ്പോള്‍ ഉണ്ടായ ആക്രമണം വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് . രാത്രി മദ്യപിച്ച് ലക്കുകെട്ട് എത്തിയ അക്രമികള്‍ വൈദിക സന്യാസ ജീവിതത്തിന് മുന്നോടിയായി നടന്ന ക്യാന്പിലേക്ക് നടത്തിയ ആക്രമണം ആസൂത്രിതമാണെന്നും കെഎല്‍സിഎ പറഞ്ഞു.
