News

നാളെ പെസഹ വ്യാഴാഴ്ച 'ചോസണ്‍: ലാസ്റ്റ് സപ്പർ' തീയേറ്ററുകളില്‍; കൊച്ചി, തിരുവനന്തപുരം നിവാസികള്‍ക്ക് സുവര്‍ണ്ണാവസരം

പ്രവാചകശബ്ദം 16-04-2025 - Wednesday

മുംബൈ/കൊച്ചി: യേശു ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ ഹിറ്റായി മാറിയ 'ദ ചോസൺ' ബൈബിള്‍ പരമ്പരയിലെ അന്ത്യഅത്താഴം പ്രമേയമാക്കിയുള്ള 'ലാസ്റ്റ് സപ്പർ' ഭാഗം നാളെ കേരളത്തിലും പ്രദര്‍ശനം നടക്കും. യേശുവിന്റെ പീഡാസഹനത്തിന് തൊട്ടുമുമ്പുള്ള നിരവധി സുപ്രധാന നിമിഷങ്ങളെ അടയാളപ്പെടുത്തിയുള്ള 'ചോസണ്‍: ലാസ്റ്റ് സപ്പർ' കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ പി‌വി‌ആര്‍ തീയേറ്ററുകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. നാളെ പെസഹ വ്യാഴാഴ്ച മാത്രമാണ് പ്രദര്‍ശനം.

കൊച്ചി പി‌വി‌ആര്‍ ലുലുവില്‍ ഉച്ചയ്ക്കു 01.23നും 4.45നുമാണ് ഷോ. കൊച്ചി ഫോറം മാളില്‍ വൈകീട്ട് 04.50നും രാത്രി 07.20നും പ്രദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പി‌വി‌ആര്‍ ലുലു മാളില്‍ നാളെ വൈകീട്ട് 04.20നാണ് ഏക പ്രദര്‍ശനം. കേരളത്തില്‍ രണ്ടു നഗരങ്ങളില്‍ ചുരുങ്ങിയ ഷോകള്‍ മാത്രമാണെങ്കിലും ബെംഗളൂരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങീയ മഹാനഗരങ്ങളില്‍ നാളെ നിരവധി ഷോകള്‍ ഒരുക്കിയിട്ടുണ്ട്. (എല്ലായിടത്തും നാളെ മാത്രമാണ് പ്രദര്‍ശനം). ബുക്ക്മൈ ഷോയില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

TICKET BOOKING | KOCHI: ‍ https://in.bookmyshow.com/buytickets/-kochi/movie-koch-ET00441737-MT/20250417 ‍

TICKET BOOKING | TRIVANDRUM: ‍ https://in.bookmyshow.com/buytickets/the-chosen-last-supper-trivandrum/movie-triv-ET00441737-MT/20250417 ‍

യേശുവിന്റെ കുരിശിലെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്‌ചയിലെ നിരവധി സുപ്രധാന നിമിഷങ്ങളെ അടയാളപ്പെടുത്തിയുള്ള ചോസണ്‍ ട്രെയിലര്‍ ഫെബ്രുവരി 20-ന് പുറത്തുവിട്ടിരിന്നു. ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദേവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉൾപ്പെടെ അഞ്ചാം സീസണില്‍ പ്രമേയമാകുന്നുണ്ടെന്ന സൂചന നല്‍കിക്കൊണ്ടായിരിന്നു ട്രെയിലര്‍ പുറത്തിറക്കിയത്. രണ്ടരമിനിറ്റ് ദൈര്‍ഖ്യമുള്ള ട്രെയിലര്‍ ഇതിനോടകം 3.3 മില്യണ്‍ ആളുകള്‍ കണ്ടിട്ടുണ്ട്.

പൂര്‍ണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി നിര്‍മ്മിച്ച ദ ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് ‘ദി ചോസണ്‍’ ഇപ്പോള്‍. അന്‍പതോളം ഭാഷകളില്‍ ഈ പരമ്പര തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 600 ഭാഷകളില്‍ സബ്ടൈറ്റില്‍ ലഭ്യമാക്കുവാനും അണിയറക്കാര്‍ക്ക് പദ്ധതിയുണ്ട്. ഇറങ്ങിയ മുന്‍ സീരിസുകള്‍ എല്ലാം തന്നെ ഹിറ്റായതിനാല്‍ പുതിയ എപ്പിസോഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍.


Related Articles »