News - 2025

മെത്രാൻ പട്ടം സ്വീകരിക്കാൻ ചില പുരോഹിതർ വിമുഖത കാട്ടുന്നുവെന്ന് കർദ്ദിനാൾ

അഗസ്റ്റസ് സേവ്യർ 08-02-2016 - Monday

മെത്രാൻ പദവി സ്വീകരിക്കാൻ ചില പുരോഹിതർ വിമുഖത കാട്ടുന്നുവെന്ന് കനേഡിയൻ മെത്രാനും കോൺഗ്രഗേഷൻ ഫോർ ബിഷപ്പ്സിന്റെ തലവനുമായ കർദ്ദിനാൾ മാർക് ഔലെറ്റ് വെളിപ്പെടുത്തുന്നു.

കോൺഗ്രഗേഷൻ ഫോർ ബിഷപ്പ്സിന്റെ ശുപാർശകളനുസരിച്ച് മാർപാപ്പയാണ് പുതിയതായി മെത്രാന്മാരാകാനുള്ളവരുടെ പേരുകൾ പ്രഖ്യാപിക്കുന്നത്. എന്നാൽ ഈ പേരുകളിൽ പെടുന്ന ചില വൈദികരെങ്കിലും മെത്രാൻ പട്ടം സ്വീകരിക്കുന്ന കാര്യത്തിൽ വിമുഖത കാണിക്കുന്നു എന്നാണ് കർദ്ദിനാൾ അറിയിച്ചത്.

ചില പുരോഹിതർ തങ്ങൾ അതിന് യോഗ്യരല്ല എന്ന് സ്വയം മനസ്സിലാക്കി, തങ്ങളുടെ ഭൂതകാലത്തിലെ ചില കൃത്യങ്ങളുടെയും അനുഭവങ്ങളുടെയും കാരണങ്ങളാൽ മെത്രാൻ പട്ടം നിരസിക്കാറുണ്ട്. ചിലർ രോഗകാരണങ്ങളാൽ മെത്രാൻ പട്ടം സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ഒരിക്കൽ ഒരു പുരോഹിതൻ, തനിക്ക് കാൻസറാണെന്നും അത് മറ്റാരെയും അറിയിച്ചിട്ടില്ല എന്നുമുള്ള കാരണം പറഞ്ഞാണ് മെത്രാൻപട്ടം നിരസിച്ചത്: കർദ്ദിനാൾ ഔലെറ്റ് ഓർമ്മിച്ചു.

മനസാക്ഷിക്കനുസരിച്ച് എടുക്കുന്ന തീരുമാനങ്ങൾ വത്തിക്കാൻ ഇപ്പോഴും ബഹുമാനിക്കാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. മറ്റു ചിലർ തങ്ങൾക്ക് രൂപത ഭരിക്കാനുള്ള കഴിവില്ല എന്നു പറഞ്ഞാണ് ത്രൊൻപട്ടം നിരസിക്കുന്നത്. ഭരിക്കാനുള്ള കഴിവല്ല, ആത്മീയതയാണ് ഒരു മെത്രാനു വേണ്ട യോഗ്യത എന്ന് ഫ്രാൻസിസ് മാർപാപ്പ പല തവണ അഭിപ്രായപ്പെട്ടിട്ടുണ്ട്.

"ഭരിക്കാനുള്ള കഴിവല്ല, അവർക്ക് ജനങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലേക്ക് നയിക്കാനുള്ള കഴിവുണ്ടാകണം" മെത്രാൻ പട്ടം സ്വീകരിക്കാൻ വേണ്ട യോഗ്യതയെ ക്കുറിച്ച് മാർപാപ്പ അഭിപ്രായപ്പെടുന്നു.

ലൈംഗികാരോപണ കേസുകളിൽ മെത്രാന്മാർ ശക്തമായ നിലപാടുകൾ എടുക്കണമെന്ന് വത്തിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ, മെത്രാൻ പട്ടത്തിന് പരിഗണിക്കപ്പെടുന്നവർ ഏതെങ്കിലും സമയത്ത് സഭയ്ക്കുള്ളിലെ ലൈംഗികാരോപണ കേസുകൾ കൈകാര്യം ചെയ്യാൻ ഇട വന്നിട്ടുണ്ടോ എന്നുള്ളത് ഒരു പ്രധാന ചോദ്യമായി അന്വേഷണം നടത്താറുണ്ട്. അത്തരം കേസുകളിൽ ശക്തമായ നടപടികൾ എടുത്തിട്ടില്ല എന്ന് തെളിഞ്ഞാൽ അങ്ങനെയുള്ളവരുടെ സ്ഥാനാർത്ഥിത്വം അവിടെ വച്ച് അവസാനിപ്പിക്കുകയാണ് പതിവ്.

പുതുതായി നിയമിക്കപ്പെടുന്ന മെത്രാന്മാർക്കായി എല്ലാ വർഷവും സെപ്തംബറിൽ, റോമിൽ വച്ച് ഒരു പരിശീലന പരിപാടി നടത്താറുണ്ട്. 2001 മുതൽ തുടർന്നു വരുന്ന ഒരു പരിശീലന പരിപാടിയാണിത്. പ്രസ്തുത സെമിനാറിലെ പ്രസംഗങ്ങളും സുവിശേഷ പഠനങ്ങളുമെല്ലാം ഉൾപ്പെടുത്തി 'Witnesses of the Risen One' എന്ന പേരിൽ കർദ്ദിനാൾ ഔലെറ്റ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 14 വർഷത്തിനുള്ളിൽ 1500-ൽ അധികം മെത്രാൻമാർ ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.

"ഈ സെമിനാറുകൾ അവരിലെ പുതിയ വ്യക്തിയെ കണ്ടെത്താൻ അവരെ തന്നെ പ്രാപ്തരാക്കുന്നു. അപ്പോസ്തലന്മാരുടെ പിൻഗാമികളാണ് തങ്ങൾ എന്ന് അവർക്ക് വെളിപ്പെടുന്ന സമയമാണത്." അദ്ദേഹം പറഞ്ഞു.

(Source: National Catholic Reporter)