India - 2024
വിശുദ്ധ തോമാശ്ലീഹ ഇന്ത്യയില്‍ എത്തിയത് ചരിത്ര സത്യം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
സ്വന്തം ലേഖകന്‍ 15-04-2018 - Sunday
കൊച്ചി: വിശുദ്ധ തോമാശ്ലീഹ ഇന്ത്യയില്‍ വന്നു എന്നതു ചരിത്ര സത്യവും സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാടുമാണെന്ന് സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍നിന്ന് ഉദ്ഭവിച്ചതാണ് സീറോ മലബാര്‍ സഭ എന്നതു ഔദ്യോഗിക നിലപാടു തന്നെയാണെന്നും ലോകപ്രശസ്തരായ പല ചരിത്രകാരന്മാരും തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"വിശുദ്ധ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ല എന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് പ്രസ്താവിച്ചതായി പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അത് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാട് തന്നെയാണെന്നും ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് വസ്തുതാവിരുദ്ധമാണ്. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാട് തോമ്മാശ്ലീഹാ ഇന്ത്യയില്‍ വന്നു എന്നുതന്നെയാണ്".
"അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തില്‍നിന്ന് ഉദ്ഭവിച്ചതാണ് സീറോ മലബാര്‍ സഭ എന്നതും ഔദ്യോഗിക നിലപാടു തന്നെയാണ്. ലോകപ്രശസ്തരായ പല ചരിത്രകാരന്മാരും തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതാണ്. പല ഗണത്തില്‍പ്പെടുന്ന ചരിത്ര രേഖകളും അതിന് ഉപോല്‍ബലകമായുണ്ട്. ചെറിയൊരു ഗണം ചരിത്രകാരന്മാര്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് ഉള്ളവരും ഉണ്ടാകാം എന്ന വസ്തുതതയും അംഗീകരിക്കുന്നു. അതൊരു ന്യൂനപക്ഷം മാത്രമാണ്". മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.