News - 2024

അള്‍ജീരിയയില്‍ ക്രൈസ്തവരുടെ നിലനില്‍പ്പ് ഭീഷണിയില്‍

സ്വന്തം ലേഖകന്‍ 17-04-2018 - Tuesday

അള്‍ജിയേഴ്സ്: കടുത്ത മതസ്വാതന്ത്ര്യ ലംഘനത്തിന്റെ ഈറ്റില്ലമായി മുസ്ലീം ഭൂരിപക്ഷരാജ്യമായ അള്‍ജീരിയ മാറുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും, മറ്റ് വസ്തുക്കളും കൈവശം വെക്കുന്നതിനുള്ള അനുവാദം വരെ രാജ്യത്തു നിരസിക്കുകയാണെന്നാണ് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തലസ്ഥാന നഗരത്തിന്റെ തെക്ക്-പടിഞ്ഞാറു ഭാഗത്തുള്ള ടിയാരെറ്റിലെ വിലയ പ്രവിശ്യയിലുള്ള ക്രൈസ്തവ വിശ്വാസിയെ സുവിശേഷഭാഗങ്ങള്‍ കൈവശം വെച്ചുവെന്ന കുറ്റത്തിന് സുരക്ഷാ സേന അറസ്റ്റ് ചെയ്തിരിന്നു.

6 മാസത്തെ ജയില്‍ ശിക്ഷയും 50,000-ത്തോളം അള്‍ജീരിയന്‍ ദിനാര്‍ പിഴയുമാണ്‌ അദ്ദേഹത്തിന് ശിക്ഷയായി വിധിച്ചത്. പരസ്യമായി തന്റെ ക്രിസ്ത്യന്‍ വിശ്വാസം ഏറ്റു പറഞ്ഞതിന് സ്ലിമാനെ ബൗഹാഫ് എന്ന ക്രിസ്ത്യാനിക്കും 6 മാസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും സംഭവം വിവാദമായതിനെ തുടര്‍ന്ന്‍ ശിക്ഷ റദ്ദു ചെയ്യുകയായിരുന്നു. ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും, ഭരണഘടനയുടെ മുഖവുരയില്‍ തന്നെ ഇസ്ലാമിനെ രാഷ്ട്രത്തിന്റെ മതമായി ഉയര്‍ത്തിക്കാട്ടുകയാണ്. സ്വന്തം മതവിശ്വാസം ത്യജിക്കുക എന്നത് അള്‍ജീരിയയില്‍ കുറ്റമല്ലെങ്കിലും, ഇസ്ലാമില്‍ നിന്ന്‍ മതപരിവര്‍ത്തനം ചെയ്യിപ്പിക്കുന്നത് കുറ്റകരമാണ്. പ്രവാചകനിന്ദയാകട്ടെ 50,000 മുതല്‍ 1,00,000 ദിനാര്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

ഇസ്ലാം ധാര്‍മ്മികതക്കെതിരായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ വിലക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 10. ആര്‍ട്ടിക്കിള്‍ 36 നിയമത്തിന് വിധേയമായികൊണ്ടുള്ള വിശ്വാസ സ്വാതന്ത്ര്യവും, മതസ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ടെങ്കിലും ആര്‍ട്ടിക്കിള്‍ 76 പറയുന്നത് മുസ്ലീമിന് മാത്രമേ രാജ്യത്തിന്റെ പ്രസിഡന്റാകുവാന്‍ കഴിയുകയുള്ളൂ എന്നാണ്. ഇതിനാല്‍ തന്നെ ഭരണഘടനയിലെ ഇരട്ടത്വം പ്രകടമാണ്. ക്രിസ്ത്യന്‍ സ്ഥാപനങ്ങളും സംഘടനകളും കടുത്ത നിബന്ധനകള്‍ക്ക് ഇടയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇരുപതിനായിരത്തിനും ഒരുലക്ഷത്തിനുമിടയില്‍ ക്രിസ്ത്യാനികള്‍ രാജ്യത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.


Related Articles »