News - 2024
അള്‍ജീരിയയില്‍ 19 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 09-12-2018 - Sunday
ഒറാന്‍ (അള്‍ജീരിയ): വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ ആഭ്യന്തര യുദ്ധത്തിനിടെ, 1994- 96 കാലഘട്ടത്തില്‍ തീവ്രവാദികള്‍ നിഷ്ഠുരമായി വധിച്ച ഏഴു ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസികള്‍ ഉള്‍പ്പെടെ 19 രക്തസാക്ഷികളെ കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്ചുവാണ് മാര്‍പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചത്.
അള്‍ജീരിയയുടെ ഇരുണ്ട കാലഘട്ടമായി വിലയിരുത്തപ്പെടുന്ന ആഭ്യന്തരയുദ്ധ കാലത്ത് 20000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഏഴു ഫ്രഞ്ച് ട്രാപ്പിസ്റ്റുകളെ 1996ല്‍ അള്‍ജിയേഴ്‌സില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള തിഫിരിനിലെ ആശ്രമത്തില്‍നിന്ന് ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ശിരച്ഛേദം ചെയ്യുകയായിരുന്നു.
ട്രാപ്പിസ്റ്റുകള്‍ക്കു പുറമേ ഒറാനിലെ ബിഷപ്പായിരുന്ന ക്ലാവെരി, വൈദികര്‍, ആറു സന്യാസിനികള്‍, സന്യാസ സഹോദരന്മാര്‍ എന്നിവരും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട നിണസാക്ഷികള്‍ സമാധാനത്തിന്‍റെ എളിയ ശില്പകളും ക്രിസ്തീയ ഉപവിയുടെ വീരോചിത സാക്ഷികളുമാണെന്ന് ഇന്നലെ അമലോത്ഭവത്തിരുന്നാള്‍ ദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. രക്തസാക്ഷികളുടെ ധീരമായ സാക്ഷ്യം അള്‍ജീരിയായിലെ കത്തോലിക്കാ സമൂഹത്തിന് പ്രത്യാശയുടെ ഉറവിടവും ആകമാന സമൂഹത്തിന് സംഭാഷണത്തിന്‍റെ വിത്തുമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.