India - 2024
സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ വീണ്ടും
സ്വന്തം ലേഖകന്‍ 09-05-2018 - Wednesday
ബംഗളൂരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) ഡെപ്യൂട്ടി സെക്രട്ടറി ജനറലായി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ വീണ്ടും നിയമിതനായി. ബംഗളൂരില്‍ നടന്ന സിസിബിഐ നിര്‍വാഹക സമിതിയോഗമാണ് നാലുവര്‍ഷത്തേക്കു കൂടി നിയമിച്ചത്. വരാപ്പുഴ അതിരൂപതാംഗമായ ഡോ. സ്റ്റീഫന്‍ ആലത്തറ എട്ടുവര്‍ഷം കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവും കെസിബിസിയുടെ ആസ്ഥാനകാര്യാലയമായ പിഒസിയുടെ ഡയറക്ടറുമായിരുന്നു.
സിസിബിഐയുടെ അല്മായ കമ്മീഷന്‍ സെക്രട്ടറിയായി ബോംബെ അതിരൂപതാംഗം ഡോ. ആന്റണി ഫെര്‍ണാണ്ടസും കാനോന്‍നിയമ കമ്മീഷന്‍ സെക്രട്ടറിയായി കോല്‍ക്കത്ത അതിരൂപതാംഗവും കോല്‍ക്കത്ത മോര്‍ണിംഗ് സ്റ്റാര്‍ കോളജ് പ്രഫസറുമായ ഡോ. ഇരുദയരാജും ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറിയായി പൂനെ പേപ്പല്‍ സെമിനാരി പ്രഫസറും ഈശോസഭാംഗവുമായ ഡോ. ഫ്രാന്‍സീസ് ഗോണ്‍സാല്‍വസും നിയമിതരായി.
റവ.ഡോ. സ്റ്റീഫന്‍ ആലത്തറ നിലവില്‍ നിര്‍വഹിക്കുന്ന ചുമതലകളായ രൂപതകളുടെ വിഭജനത്തിനും പുതിയ രൂപതകളുടെ സ്ഥാപനത്തിനുമായുള്ള കമ്മീഷന്‍ സെക്രട്ടറി, ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ ഫിനാന്‍സ് ഓഫീസര്‍, ബംഗളൂരിലെ സിസിബിഐ ആസ്ഥാന കാര്യാലയത്തിന്റെ ഡയറക്ടര്‍ എന്നീ തസ്തികകളിലും അദ്ദേഹം തുടരും.