News

എപ്പോഴും സഹായമരുളാൻ സന്നദ്ധയായി പരിശുദ്ധ കന്യകാ മറിയം നമ്മോടൊപ്പം ജീവിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകൻ 15-02-2016 - Monday

മെക്സിക്കോയിലെ ഔർ ലേഡി ഓഫ് ഗാദലൂപ്പെയിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ, പരിശുദ്ധ കന്യകാ മറിയത്തിലൂടെ ദൈവം ഈ ലോകത്തിലേക്ക് ഇന്നും ചൊരിഞ്ഞു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെപറ്റി ലോകത്തോട്‌ പ്രഘോഷിച്ചു. തന്റെ പ്രഭാഷണത്തിനിടയിൽ എങ്ങനെയാണ് യഥാർത്ഥ ആരാധനാലയങ്ങൾ പണിയേണ്ടത് എന്ന് വിശ്വാസികളെ ഉദ്ബോധിപ്പിക്കാനും അദ്ദേഹം മറന്നില്ല.

കന്യകാ മറിയം തന്റെ ഇളയമ്മയായ എലിസബത്തിനെ കാണാൻ പോയ ബൈബിൾ ഭാഗം ഉദ്ദരിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ വേദനകളും കഷ്ടപ്പാടുകളും ഉണ്ടാകുമ്പോൾ ദൈവമാതാവായ മറിയം എങ്ങനെയാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്‌ എന്ന് അദ്ദേഹം വിശദീകരിച്ചു.

"എലിസബത്തിനെ കാണാൻ മറിയം എങ്ങനെയാണ് പോയത് എന്ന് നമുക്കറിയാം. എലിസബത്തിന്റെ പ്രസവം അടുത്തു എന്നറിഞ്ഞയുടനെ മേരി പുറപ്പെട്ടു. താൻ സ്വയം ഗർഭിണിയാണല്ലൊ എന്ന ആശങ്കകളൊന്നുമില്ലാതെ, മേരി പുറപ്പെട്ടു.

മാലാഖ പ്രത്യക്ഷപ്പെട്ട വിശുദ്ധ വനിതയാണെന്ന അഹങ്കാരമില്ല; പകരം എന്താവശ്യങ്ങൾക്കും ആർക്കും സഹായം ചെയ്യാൻ തയ്യാറുള്ള വ്യക്തിയായിരുന്നു മേരി. ഇപ്പോഴും നമുക്കെല്ലാവർക്കും ഏതു സന്ദർഭത്തിലും സഹായമരുളാൻ തയ്യാറായി മേരി എന്നും നമ്മുടെയൊപ്പം ജീവിക്കുന്നു.

ഇന്നത്തെ സുവിശേഷ ഭാഗത്തിന് ഈ സ്ഥലത്ത് പ്രത്യേക പ്രസക്തിയുണ്ട്. എലിസബത്തിനെ സഹായിക്കാൻ തയ്യാറായ അതേ മേരി തന്നെ, വിശുദ്ധ ജുവാൻ ഡീഗോയുടെ രൂപത്തിൽ, ഈ അമേരിക്കൻ നാടുകളിലെത്താൻ കൃപ കാണിച്ചു. യൂദയായിലേയും ഗലീലിയയിലെയും തെരുവുകളിലൂടെ എല്ലാവർക്കും സഹായമേകി നടന്ന മേരിയെ പോലെ, ജുവാൻ ഈ മഹത്തായ രാജ്യത്തിന്റെ തെരുവുകളിലൂടെ സഹായഹസ്തവുമായി നടന്നു.

എളിയവരിൽ എളിയവനായി, ചെരിപ്പിന്റെ വാറോളം താഴ്ന്ന എളിമയോടെ ജീവിച്ച ജുവാൻ, നന്മനിറഞ്ഞ അമ്മയുടെ അംബാസിഡറായി മാറി.

1531 ഡിസംബർ മാസത്തിലെ പ്രഭാതത്തിലാണ് ഇവിടെ ആദ്യത്തെ അത്ഭുതം നടന്നത്. അന്നു പ്രഭാതത്തിൽ ഈ വിശുദ്ധ കേന്ദ്രത്തിൽ വച്ചാണ് ജ്യവാന്റെ മനസ്സിൽ ദൈവം പ്രത്യാശ നിറച്ചത്. അത് മെക്സിക്കോയിലെ ജനങ്ങളുടെ പ്രത്യാശയായി മാറി. ആശയറ്റു നിന്നിരുന്ന മനുഷ്യ മനസുകളിൽ നവജീവൻ നൽകപ്പെട്ടത് ആ പ്രഭാതത്തിലാണ്. ദൈവം ഇറങ്ങി വന്ന ദിവസമാണത്.

സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിട്ടും, എല്ലാ പരിതസ്ഥിതിയിലും വിശ്വാസം കൈവിടാതെ സൂക്ഷിച്ച മാതാപിതാക്കളുടെയടുത്തേക്ക്, സഹോദരങ്ങളുടെയടുത്തേക്ക്, ദൈവം ഇറങ്ങി വന്ന ദിവസമാണത്.

ദൈവത്തിന്റെ കരുണയെന്തെന്ന്, പ്രത്യാശ എന്തെന്ന് ജുവാനു അനുഭവവേദ്യമായ പ്രഭാതമാണത്. ഈ ആരാധനാലയം നിർമ്മിക്കാനും സംരക്ഷിക്കാനും താൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന് ജുവാൻ അറിഞ്ഞ ദിവസം."

1531 ഡിസംബർ മാസത്തിലാണ്, ഈ ദേവാലയം ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തു വച്ച് വിശുദ്ധ ജുവാൻ ഡീഗോക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞത്: "എന്റെ മകനെ, ഞാൻ ആരാണെന്ന് നീ അറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അകാശത്തിന്റെയും ഭൂമിയുടെയും കർത്താവായ സത്യ ദൈവത്തിന്റെ അമ്മയും നിത്യ കന്യകയുമായ മറിയമാണ്. ദൈവം എന്നിലൂടെ ഈ ലോകത്തിലേക്ക്‌ ചൊരിയുന്ന നന്മകൾ മനുഷ്യർക്ക് അനുഭവ വേദ്യമാക്കുവാൻ ഇവിടെ ഒരു ദേവാലയം പണികഴിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വേദനിക്കുന്നവർക്ക് സാന്ത്വനമേകുന്ന എന്റെ മാതൃസ്നേഹം ഞാൻ ഇവിടെ ധാരാളമായി ചൊരിയും. ഇവിടെ വച്ച് ഞാൻ കരയുന്നവരുടെ കണ്ണുനീർ തുടക്കും. അതുകൊണ്ട് നീ കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഉടനെ തന്നെ മെത്രാനെ ധരിപ്പിക്കുക."

"തന്നെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള അർഹത തനിക്കില്ലെന്നും, അതിനു തക്ക വിദ്യാഭ്യാസവും അറിവും ഉള്ള ആരെയെങ്കിലും ഈ കർത്തവ്യം ഏൽപ്പിക്കണമെന്നും മാതാവിനോട് ജുവാൻ കേണു പറഞ്ഞു. ദൈവത്തിന്റെ കാരുണ്യം ഉള്ളിൽ വഹിക്കുന്ന മേരി, പക്ഷേ, ജവാനെ തന്നെ തന്റെ ദൂതനായി നിയമിക്കുന്നു.

ഈ വിധത്തിൽ മേരി തന്റെ ദൂതനായ ജൂവാന്റെ ജീവിതത്തിൽ സത്യത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും പാത തുറന്നിടുകയാണ്. നമ്മുടെ സമൂഹത്തിലേക്ക്, സംസ്ക്കാരത്തിലേക്ക് കരുണയുടെ ആരാധനാലയം നിർമ്മിക്കുന്ന ജോലിയാണ് ജുവാൻ ഏറ്റെടുക്കുന്നത്. ദൈവീക പദ്ധതികളിൽ ആരും അന്യരല്ല. പ്രത്യേകിച്ച്, തനിക്ക് അർഹതയില്ലെന്ന് സ്വയം വിധിച്ച് മാറി നിൽക്കാൻ ശ്രമിക്കുന്നവർ!

തന്റെ മക്കളുടെ ജീവിതമാണ് ദൈവത്തിന്റെ ആരാധനാലയം! ഇരുളടഞ്ഞ ഭാവിക്കു മുമ്പിൽ പകച്ചു നിൽക്കുന്ന ചെറുപ്പക്കാരുടെ ജീവിതം ദൈവത്തിന്റെ ആരാധനാലയമാണ്! വിസ്മരിക്കപ്പെടുന്ന വാർദ്ധക്യ ജീവിതങ്ങളും ദൈവത്തിന്റെ ആരാധനാലയങ്ങളാണ്!

ദൈനം ദിനം നമ്മുടെ മുമ്പിലെത്തുന്ന, കരഞ്ഞു കലങ്ങിയ കണ്ണുകളുള്ള, നിരാശയുടെ മുഖം ധരിച്ചിരിക്കുന്ന മനുഷ്യർ ദൈവത്തിന്റെ ആരധനാലയങ്ങളാണ്!

ഈ ആരധനാലയത്തിലെത്തുന്നവർ ജുവാൻ ഡീഗോയുടെ അനുഭവങ്ങളിലൂടെ, ആ ജീവിതത്തിന്റെ അവകാശികളായി തീരുന്നു. നമ്മുടെ ദുഖങ്ങളിൽ, നിരാശയിൽ, നമുക്ക് പരിശുദ്ധ മറിയത്തെ ശരണം പ്രാപിക്കാം.

ജുവാൻ പറഞ്ഞതുപോലെ, നിശബ്ദമായി പറയുക.

'അറിവില്ലാത്ത എനിക്ക് എന്തു ചെയ്യാൻ കഴിയും?

പരിശുദ്ധ മറിയമേ,

ഞാൻ അവിടുത്തെ മാത്രം കാണുന്നു!

എനിക്ക് ഒന്നും പറയാനാവുന്നില്ല!

എന്റെ നിശബ്ദതയാണ് എന്റെ പ്രാർത്ഥന!

അവിടുത്തെ മുമ്പിലെ വായു പോലും ഞാൻ മൂലം ചലിക്കുകയില്ല!

എന്റെ പ്രാർത്ഥനയുടെ ഏകാന്തതയിലേക്ക് അമ്മയുടെ കണ്ണുകൾ തിരിeക്കണമെ!'

നമ്മുടെ പ്രാർത്ഥനയുടെ നിശബ്ദതയിൽ മാതാവ് പറയുന്നത് ശ്രവിക്കുക:

'നിന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നതെന്ത്?

നീയെന്തിന് ഖേദിക്കുന്നു?

ഞാൻ നിന്റെ കൂടെത്തന്നെയുണ്ട്!' (Nican Mopohua, 107)

"നമ്മുടെ അമ്മയെന്നതിൽ അഭിമാനിക്കുന്നു എന്ന് പരിശുദ്ധ മറിയം നമ്മോടു പറയുന്നത് നമുക്ക് കേൾക്കാം. ദുഖിക്കുന്നവരുടെ വിലാപം വെറുതെയാകില്ല.

മാതാവിനോടൊപ്പം, മാതാവിലൂടെ, യേശു നമ്മുടെ സഹോദരനായി തീർന്നിരിക്കുന്നു. ഈ യാത്രയിൽ നമ്മുടെ കുരിശുകൾ വഹിക്കാൻ സഹായിച്ചുകൊണ്ട് ദൈവപുത്രൻ നമ്മോടൊപ്പമുണ്ട്. നമ്മുടെ ദുഖത്തിൽ ആഴ്ന്നുപോകാതെ, അദ്ദേഹം നമ്മെ തുണച്ചു കൊണ്ടിരിക്കുന്നു.

'ഞാൻ നിങ്ങളുടെ അമ്മയാകുന്നു. വേദനയിൽ നിങ്ങൾ അനാഥരാകില്ല!' മാതാവ് നമ്മോട് പറയുകയാണ്.

"നിങ്ങൾ എന്റെ ദൂതന്മാരാകുക. ദൈവത്തിന്റെ ആരാധനാലയങ്ങൾ പണിയുവാനും അനേകരുടെ കണ്ണീരൊപ്പാനും ഞാൻ നിങ്ങളെ പറഞ്ഞയക്കും. നിങ്ങളുടെ അയൽക്കാരോടൊപ്പം നടന്ന്, ഇടവകയിൽ പ്രവർത്തിച്ച്, സമൂഹത്തിലുള്ളവരുടെ കണ്ണീരൊപ്പുക. അങ്ങനെ നിങ്ങൾ ആരാധനാലയങ്ങൾ നിർമ്മിക്കുക."

"വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക! ദാഹിക്കുന്നവർക്ക് ജലം പകരുക! ആവശ്യക്കാർക്ക് അഭയമാകുക! നഗ്നരെ ഉടുപ്പിക്കുക! രോഗികളെ ആശ്വസിപ്പിക്കുക! ഇങ്ങനെയാണ് നിങ്ങൾ എനിക്ക് ആരാധനാലയങ്ങൾ പണിയേണ്ടത്!"

'പരിശുദ്ധ മറിയം ഇങ്ങനെ പറയുന്നത് നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നെങ്കിൽ നിങ്ങൾ അനുഗ്രഹീതരാണ്,' പ്രഭാഷണം അവസനിപ്പിച്ചു കൊണ്ട് പിതാവ് പറഞ്ഞു.