Youth Zone

ക്രിസ്തുവിന് സ്തുതി ഗീതങ്ങള്‍ ആലപിച്ച് പോളിഷ് യുവത്വം

സ്വന്തം ലേഖകന്‍ 04-06-2018 - Monday

വാര്‍സോ: ക്രിസ്തുവിന് സ്തുതിഗീതങ്ങള്‍ ആലപിച്ച് പോളണ്ടില്‍ നടന്ന യുവജന സംഗമം കത്തോലിക്ക വിശ്വാസത്തിന്റെ പരസ്യ പ്രഘോഷണമായി മാറി. ലെഡ്നിക്കയില്‍ നടന്ന വാര്‍ഷിക യുവജന സംഗമത്തില്‍ ഒരു ലക്ഷത്തോളം യുവജനങ്ങളാണ് പങ്കെടുത്തത്. ഞായറാഴ്ച അര്‍ദ്ധരാത്രി നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ പോളണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. “ഓരോ ദിവസവും ഞാന്‍ നിന്നോടൊപ്പം” എന്ന ദൈവവചനത്തെ ആസ്പദമാക്കിയാണ് വാര്‍ഷിക യുവജന സംഗമം സംഘടിപ്പിച്ചത്. എ‌ഡി 966-ല്‍ പോളണ്ടിന്റെ ആദ്യത്തെ ഭരണാധികാരിയായ മിസ്കോ I മാമ്മോദീസ മുങ്ങിയതെന്ന് കരുതപ്പെടുന്ന ലെഡ്നിക്ക ഫീല്‍ഡില്‍ വെച്ചായിരുന്നു പോളിഷ് യുവത്വത്തിന്റെ വിശ്വാസ പ്രഘോഷണത്തിന്റെ സമ്മേളനം.

ജര്‍മ്മനി, ബെലാറൂസ്, ബ്രസീല്‍, ക്രൊയേഷ്യ, കെനിയ, ഇറ്റലി, ലെബനന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, തീര്‍ത്ഥാടകരും പരിപാടിയില്‍ പങ്കെടുക്കുവാനെത്തി. പോളിഷ് പ്രസിഡന്റ് ആന്‍ഡ്രസേജ് ഡൂഡയും പ്രാര്‍ത്ഥന നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. പോളണ്ടിന്റെ അടിസ്ഥാന ഘടകം ക്രിസ്ത്യന്‍ വിശ്വാസമാണെന്ന് ഡൂഡ പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച പൊതുപ്രഭാഷണത്തില്‍ ഫ്രാന്‍സിസ് പാപ്പയും വാര്‍ഷിക യുവജന സംഗമത്തിന് ആശംസകള്‍ നേര്‍ന്നിരിന്നു. കത്തോലിക്ക മൂല്യങ്ങളെ മുറുകെ പിടിച്ച് തീക്ഷ്ണമായ ക്രൈസ്തവ വിശ്വാസത്തില്‍ മുന്നേറുന്ന ചുരുക്കം യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ഇന്ന് പോളണ്ട്.

More Archives >>

Page 1 of 2