News
യേശുക്രിസ്തു, തടവറയിലുള്ളവർക്ക് പ്രത്യാശ നൽകി അവരെ പുതുജീവിതത്തിലേക്ക് നയിക്കുന്നു : ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 18-02-2016 - Thursday
തടവറയിലുള്ളവർക്ക് പ്രത്യാശ നൽകിക്കൊണ്ട്, യേശുക്രിസ്തു അവരെ പുതുജീവിതത്തിലേക്ക് നയിക്കുന്നുവെന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ സെറേസോ ജയിൽ സന്ദർശിച്ചു.
ഫ്രാൻസിസ് മാർപാപ്പായുടെ മെക്സിക്കോ സന്ദർശനത്തിന്റെ അവസാന ദിനത്തിൽ, അദ്ദേഹം ക്യുഡാഡ് നഗരത്തിലെ സെറേസോ ജയിൽ സന്ദർശിക്കുകയും അവിടുത്തെ 700-ൽ അധികം തടവുകാരുമായി സമയം ചിലവഴിക്കുകയും ചെയ്തു. ഒരു കാലത്ത് ലോകത്തിന്റെ കൊലപാതക തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന ക്യൂഡാഡ് നഗരം വാദ്യഘോഷങ്ങളോടെയാണ് പിതാവിനെ സ്വീകരിച്ചത്.
സെറേസോ ജയിലിൽ 3000 ത്തോളം തടവുകാരാണുള്ളത്. ജയിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ജയിലിനുള്ളിലെ ആരാധനാലയത്തിലേക്ക് കൂട്ടികൊണ്ടു പോയി. ചുറ്റുമുള്ള മലനിരകൾക്ക് നടുവിലെ മ്ലാനമായ ജയിൽ അന്തരീക്ഷത്തിൽ, വെള്ളച്ചായം പൂശിയ ആരാധനാലയം പ്രകാശം പരത്തി നിന്നു.
പ്രാർത്ഥനയ്ക്കു ശേഷം പിതാവ് ജയിലിലെ ആരാധനാലയത്തിനായി, മനുഷ്യന്റെ നൈർമല്ലത്തിന്റെ പ്രതീകമായി ഒരു സ്പടികകുരിശ് സമ്മാനിച്ചു. ടി.വി.യിലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ട പ്രാർത്ഥനയിൽ രാജ്യമെങ്ങുമുള്ള ജയിലുകളിലെ തടവുകാർ പങ്കെടുത്തു. പിന്നീട് നടന്ന ഒരു സംഗീത വിരുന്നിൽ പിതാവിനോടൊപ്പം ജയിലിലെ. അകത്തോലിക്കർ ഉൾപ്പടെ 700 തടവുകാർ പങ്കെടുത്തു.
തടവറയ്ക്കുള്ളിലെ തങ്ങളുടെ ജീവിതത്തിൽ, പിതാവ് വാഗ്ദാനം ചെയ്യുന്ന പ്രത്യാശയ്ക്കും കരുണയ്ക്കുമുള്ള സ്ഥാനം വളരെ വലുതാണെന്ന്, കരച്ചിലടക്കി കൊണ്ട് ഒരു തടവുകാരി പറഞ്ഞു. തടവറ മനുഷ്യജീവിതത്തെ മാറ്റിമറിക്കുന്നു. നമ്മുടെ കുട്ടികൾ ഇവിടേയ്ക്ക് വരാൻ ഇടവരാതിരിക്കട്ടെ എന്ന് അവർ പ്രാർത്ഥിച്ചു. തങ്ങൾക്ക് പ്രത്യാശയുമായി എത്തിയ പിതാവിന് അവർ നന്ദി പറഞ്ഞു. തടവുകാർ മരത്തിൽ കൊത്തിയെടുത്ത ഒരു കുരിശ് മാർപാപ്പയ്ക്ക് സമ്മാനിച്ചു.
തടവുകാരെ ആലിംഗനം ചെയ്തു കൊണ്ടാണ് പിതാവ് സന്ദർശനം അവസാനിപ്പിച്ചത്.
സന്ദർശനത്തിലുടനീളം പിതാവ് ചിന്താകുലനായി കാണപ്പെട്ടു. കരുണയ്ക്ക് എത്തിച്ചേരാനാവാത്ത ഒരിടവുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. "തടവറജീവിതം ദുഖ പൂർണ്ണമാണ്" അദ്ദേഹം പറഞ്ഞു, "ഈ ചുവരുകൾക്ക് പുറത്ത് നിങ്ങള്‍ക്ക് ഒരു പുതിയ ജീവിതം തുടങ്ങാം. അതാണ് യേശു നൽകുന്ന പ്രത്യാശ."
"ഭൂതകാലത്തിൽ നിന്നും മോചനം നൽകുന്നതാണ് കരുണ. ആ മോചനം പ്രത്യാശയിലേക്ക് നമ്മെ നയിക്കും. നിങ്ങളോടൊത്ത് ഞാൻ കരുണയുടെ ജൂബിലി ആഘോഷിക്കുകയാണ്. മുന്നോട്ടു പോകുവാനും പുതിയൊരു ജീവിതം തുടങ്ങുവാനും അത് നമ്മെ പ്രേരിപ്പിക്കുന്നു. ഒരു തെറ്റും ചെയ്യാതെ തന്നെ യേശു ഏറ്റവും നിന്ദ്യമായ പീഠകൾ അനുഭവിച്ചു. നിങ്ങളുടെ ദുഖങ്ങൾ ഭാവിയിലെ പുതു ജീവിതത്തിന്റെ വാഗ്ദാനങ്ങളാണെന്നറിഞ്ഞ്, പ്രത്യാശയോടെ മുന്നോട്ടു പോകുക." സന്ദർശനം അവസാനിപ്പിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു.
(Source: Vatican Radio)
