India - 2025
മദര്‍ മേരി ഫ്രാന്‍സിസ്കാ ഷന്താളിന്റെ ദൈവദാസി പ്രഖ്യാപനം ഓഗസ്റ്റ് 4ന്
സ്വന്തം ലേഖകന്‍ 09-07-2018 - Monday
ചങ്ങനാശേരി: വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്കാ ദ ഷന്താളിന്റെ ദൈവദാസി പ്രഖ്യാപനവും നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്ഘാടനവും ഓഗസ്റ്റ് നാലിന് നടക്കും. മദര്‍ ഷന്താളിന്റെ കബറിടം സ്ഥിതിചെയ്യുന്ന അതിരമ്പുഴ ആരാധനാമഠത്തില്‍ നടക്കുന്ന ശുശ്രൂഷയില്‍ ഉച്ചകഴിഞ്ഞു രണ്ടിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു നാമകരണ നടപടികളുടെ പ്രഖ്യാപനം നടത്തും. നാമകരണ കോടതിയുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളും അന്നു ആരംഭിക്കും. നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായി റവ.ഡോ.ജോസഫ് കൊല്ലാറയെ മാര്‍ ജോസഫ് പെരുന്തോട്ടം ഇതിനോടകം നിയമിച്ചിട്ടുണ്ട്.
1880 ഡിസംബര്‍ 23ന് ചമ്പക്കുളം വല്ലയില്‍ കൊച്ചുമാത്തൂച്ചന്‍ മറിയാമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകളായാണ് മദര്‍ ഷന്താളിന്റെ ജനനം. 21 വര്‍ഷങ്ങള്‍ക്ക് ശേഷം 1901-ല്‍ ഫാ.തോമസ് കുര്യാളശേരിയുടെ മാര്‍ഗ്ഗ നിദ്ദേശമനുസരിച്ച് വിശുദ്ധ കുര്‍ബാനയുടെ ആരാധനാ സന്യാസിനീ സമൂഹസ്ഥാപനത്തിനായി പരിശ്രമിച്ചു. പിന്നീട് ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി ഉയര്‍ത്തപ്പെട്ട ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയാണ് സന്യാസിനീ സമൂഹം ആരംഭിച്ചത്. 1908ഡിസംബര്‍ എട്ടിന് അഞ്ച് അര്‍ഥിനികളോടൊപ്പം ഫിലോമിന ശിരോവസ്ത്രം സ്വീകരിച്ചു മേരി ഫ്രാന്‍സിസ്കാ ദ ഷന്താളായി. 1911 ഡിസംബർ പത്തിന് ചമ്പക്കുളം ഓര്‍ശ്ലേം ദേവാലയത്തിൽ വച്ച് സ്ഥാപകപിതാവിന്റെ കരങ്ങളിൽ നിന്ന് സഭാവസ്ത്രം സ്വീകരിച്ച ഷന്താളമ്മ 1916 ഓഗസ്റ്റ് 21-ന് ചങ്ങനാശേരി അരമന ചാപ്പലിൽവച്ച് നിത്യവ്രത വാഗ്ദാനം നടത്തി.
കുടുംബങ്ങളുടെ അഭിവൃദ്ധിക്കും കുട്ടികളുടെ മനഃസംസ്കരണത്തിനും സ്ത്രീവിദ്യാഭ്യാസം അവശ്യഘടകമാണെന്ന കുര്യാളശേരി പിതാവിന്റെ ദര്‍ശനം സ്വന്തമാക്കിയ ഷന്താളമ്മ പിതാവിനൊപ്പം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധാലുവായി. വിദ്യാഭ്യാസത്തിലൂടെ, പ്രത്യേകിച്ചു സ്ത്രീ വിദ്യാഭ്യാസത്തിലൂടെ, ഭവനങ്ങളെയും കരകളെയും ദേശങ്ങളെയും നവീകരിക്കുകയും ഗുണീകരിക്കുകയും ചെയ്യണമെന്ന പിതാവിന്റെ വീക്ഷണം അമ്മ ജീവിതഗന്ധിയാക്കിയപ്പോള്‍ ആശാന് പള്ളിക്കൂടങ്ങള്‍ പലതും പ്രൈമറി സ്കൂളുകളായി മാറി. 1972ല്‍ മേയ് 25ന് ദിവംഗതയായ ഷന്താളമ്മയെ 26ന് അതിരമ്പുഴ മഠം ചാപ്പലില്‍ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ അന്നത്തെ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ കാര്‍മ്മികത്വത്തിലാണ് മൃതസംസ്ക്കാരം നടത്തിയത്.