India

മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാള്‍ ഇന്നു സമാപിക്കും

സ്വന്തം ലേഖകന്‍ 14-07-2018 - Saturday

തിരുവനന്തപുരം: ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിന് ഇന്നു സമാപിക്കും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെ ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നു പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സന്ധ്യാപ്രാര്‍ത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടന്നു. ദേവാലയത്തില്‍ നി‍ന്ന് ആരംഭിച്ച പ്രദക്ഷിണം ജോണ്‍പോള്‍ രണ്ടാമന്‍ ഗേറ്റു വഴി, കാതോലിക്കേറ്റ് സെന്റര്‍, സെന്റ് മേരിസ് സ്‌കൂള്‍ വഴി മെയിന്‍ റോഡിലിറങ്ങി കത്തീഡ്രല്‍ കവാടത്തിലൂടെ കബര്‍ ചാപ്പലിന്റെ മുന്നിലെത്തി. ഏറ്റവും മുന്നിലായി മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ജര്‍മനിയിലെ കൊളോണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കിയും മറ്റു മെത്രാപ്പോലീത്തമാരും നീങ്ങി.

തുടര്‍ന്ന് വൈദികരുടെയും സമര്‍പ്പിതരുടെയും നീണ്ട നിര. പ്രദക്ഷിണത്തിന് സമാപനം കുറിച്ച് കബറില്‍ ധൂപ പ്രാര്‍ത്ഥനയും അപ്പസ്‌തോലിക ആശീര്‍വാദവും നടന്നു. സഭാതല സുവിശേഷ സംഘാംഗങ്ങളുടെ കൈവയ്പ് ശുശ്രൂഷയും പ്രാര്‍ത്ഥനയോട് ചേര്‍ന്നു നടത്തി. കത്തീഡ്രല്‍ ബാല്‍ക്കണിയില്‍ നിന്നു കാതോലിക്കാ ബാവയും മറ്റു മെത്രാപ്പോലീത്തമാരും വിശ്വാസിഗണത്തെ സ്ലീബാ ഉയര്‍ത്തി ആശീര്‍വദിച്ചു. ഇന്നു രാവിലെ എട്ടിന് കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കിക്ക് കത്തീഡ്രല്‍ ഗേറ്റില്‍ സഭയുടെ ഔദ്യോഗിക സ്വീകരണം നല്‍കും. 8.30ന് നടക്കുന്ന സമൂഹബലിയില്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിരിക്കും.


Related Articles »